തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. അദ്ദേഹം 2007 മുതൽ ഇതുവരെയുമായി പതിനേഴോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ വലിയ വിജയം നേടാതെ പോയ സിനിമകൾ കുറവാണ്. അത്തരത്തിൽ ഒന്നാണ് 2015ൽ പുറത്തിറങ്ങിയ ദിലീപ് സിനിമയായ ലൈഫ് ഓഫ് ജോസൂട്ടി.
ചിത്രത്തിലെ നായികമാരിൽ ഒരാൾ നടി ജ്യോതി കൃഷ്ണയായിരുന്നു.ലൈഫ് ഓഫ് ജോസൂട്ടിക്ക് മുമ്പും പിമ്പും നിരവധി ചിത്രങ്ങളിൽ ജ്യോതി കൃഷ്ണ അഭിനയിച്ചിട്ടുണ്ടെങ്കിലും ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസായിട്ടാണ് മലയാളികൾ ഇന്നും ജ്യോതി കൃഷ്ണയെ ഇഷ്ടപ്പെടുന്നത്. ആമി എന്ന സിനിമയ്ക്കുശേഷം ജ്യോതി സിനിമകളിൽ അഭിനയിച്ചിട്ടില്ല.
വിവാഹിതയായതോടെ അഭിനയം ഉപേക്ഷിച്ചതാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സത്യം അതെല്ലന്ന് പറയുകയാണ് ജ്യോതി കൃഷ്ണ സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ. ലൈഫ് ഓഫ് ജോസൂട്ടി സിനിമയെ കുറിച്ചും ജ്യോതി കൃഷ്ണ മനസ് തുറന്നു. ദിലീപേട്ടന് ഇപ്പോൾ രണ്ട് കാലഘട്ടമുണ്ട്. അന്നത്തെ കാലഘട്ടത്തിൽ ദിലീപേട്ടൻ ജനപ്രിയ നായകനാണ്.
ആളുകൾക്ക് അത്രയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയിൽ ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു അപ്പോൾ. ഇപ്പോൾ അങ്ങനെയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഇപ്പോൾ ക്രൗഡ് മാറി. പ്രേക്ഷകർ മാറി. അവരുടെ ചിന്താഗതികൾ മാറി. അന്ന് അങ്ങനെ ആയിരുന്നില്ല. ആ സിനിമയിൽ തിയേറ്ററിൽ കയ്യടി വന്നൊരു സീനുണ്ടായിരുന്നു. ഒരു സീനിൽ നായകൻ പറയുന്നുണ്ട് ഞാൻ ഛർദ്ദിച്ചത് കഴിക്കാറില്ലെന്ന്.
അതിന് വലിയ കയ്യടിയായിരുന്നു തിയേറ്ററിൽ. അതിന്റെ അർത്ഥം ആ നായകനെ പ്രേക്ഷകർ സപ്പോർട്ട് ചെയ്യുന്നു എന്നാണ്. അത് കേട്ടപ്പോൾ അമ്മക്ക് വലിയ സങ്കടമായി. കാരണം അമ്മ സ്വന്തം മകളെയാണ് സ്ക്രീനിൽ കാണുന്നത് കഥാപാത്രത്തെയല്ല. അന്ന് സിനിമയിലെ എന്റെ പ്രകടനം കണ്ട് ഒന്ന് രണ്ട് പേർ എന്നെ അഭിനന്ദിച്ചിരുന്നു. അതിൽ ഞാനിപ്പോഴും ഓർത്ത് വെക്കുന്ന ഒരാൾ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെയാണ്.
അദ്ദേഹം എന്നെ വിളിച്ചിട്ട് എന്റെ ആ സീൻ നന്നായിരുന്നുവെന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ നല്ലൊരു അഭിനന്ദനമായിരുന്നു. ഇപ്പോഴും ആളുകൾ എന്നെ അറിയുന്നത് ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് ആയിട്ട് തന്നെയാണ്.
കരിയറിൽ ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ കൂടുതൽ ബെനഫിറ്റ് ഉണ്ടാക്കിയിട്ടുള്ള സിനിമയാണ് അത്. ദൃശ്യം കഴിഞ്ഞിട്ട് ജീത്തു ജോസഫ് സാർ ചെയ്തിട്ടുള്ള സിനിമയായതുകൊണ്ട് ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ച് ആളുകൾക്കുള്ള എക്സ്പറ്റേഷൻസ് വളരെ വലുതായിരുന്നു.
അതുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്തിരിയെങ്കിലും പരാജയം സംഭവിച്ചത്. ആ സിനിമ ഇപ്പോൾ റീലിസായിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ട്. ഭാഗ്യമില്ലാതെയായിപ്പോയി. തുടക്കത്തിൽ സിനിമ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പലരോടും അഭിപ്രായം ചോദിച്ചാണ് സിനിമ സെലക്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ചെയ്ത പല സിനിമകളും അബദ്ധങ്ങളായിരുന്നു.
ഞാൻ സെലക്ട് ചെയ്ത സിനിമകൾ വെച്ച് നോക്കി ഞാൻ അവാർഡ് പടങ്ങൾ മാത്രമെ ചെയ്യൂവെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. അതുപോലെ ഞാൻ ചെയ്യുന്ന എല്ലാ സിനിമകളും ഫ്ലോപ്പാണെന്നും രാശിയില്ലാത്ത നായികയാണെന്നും സംസാരമുണ്ടായിരുന്നു. കാരണം ഞാൻ ചെയ്ത സിനിമകളിൽ ഭൂരിഭാഗവും കൊമേഴ്സ്യൽ സിനിമകളല്ല.
അതുപോലെ ജോസൂട്ടി കഴിഞ്ഞ് എനിക്ക് വന്ന സിനിമയായിരുന്നു സു സു സുധി വാത്മീകം. പക്ഷെ അന്ന് ഞാൻ ആ സിനിമ സ്വീകരിച്ചില്ല. അതിൽ ഞാൻ എപ്പോഴും റിഗ്രറ്റ് ചെയ്യാറുണ്ട്. ശിവദയുടെ റോൾ ആയിരുന്നില്ല. ജയസൂര്യയെ തേച്ചിട്ട് പോകുന്ന കഥപാത്രത്തിലേക്കാണ് ക്ഷണം വന്നത്.
വീണ്ടും നെഗറ്റീവ് ഷേഡ് ചെയ്യേണ്ടെന്ന് കരുതിയാണ് അന്ന് സു സു സുധി വാത്മീകം വേണ്ടെന്ന് വെച്ചത്. പിന്നെ സോൾട്ട് മാംഗോ ട്രീ എന്ന സിനിമയിലേക്കും ക്ഷണം വന്നിരുന്നു. പക്ഷെ ആ സമയത്ത് ദുബായിൽ ജോലിത്തിരക്കായതിനാൽ വരാൻ സാധിച്ചില്ല.
#actress #jyothikrishna #reveald #why #she #take #break #from #Acting #movies