---
title: "#CIDMusasong | ഈ വരികൾക്കൊക്കെ വല്യ അർത്ഥമുണ്ടായിരുന്നല്ലേ?; സിഐഡി മൂസയിലെ ഗാനം ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ "
english_title: "#these #lines #great #meaning?; #CIDMusasong #decoded #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/211879/these-lines-great-meaning-cidmusasong-decoded-socialmedia"
published_at: "2024-06-13T13:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666aab33b983b_et.jpg"
keywords: []
---

# #CIDMusasong | ഈ വരികൾക്കൊക്കെ വല്യ അർത്ഥമുണ്ടായിരുന്നല്ലേ?; സിഐഡി മൂസയിലെ ഗാനം ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ 

> **Lead Summary:** **വ**രികളുടെ അർത്ഥം പോലും ശരിയായി മനസ്സിലാക്കാതെ പാടി നടന്ന പാട്ടുകൾ ധാരാളം കാണും ഓരോ കുട്ടികൾക്കും പറയാൻ.

## Article Content

**വ**രികളുടെ അർത്ഥം പോലും ശരിയായി മനസ്സിലാക്കാതെ പാടി നടന്ന പാട്ടുകൾ ധാരാളം കാണും ഓരോ കുട്ടികൾക്കും പറയാൻ.

> ഒരു സമയത്ത്, കുട്ടികളുടെ ഇഷ്ടം കവർന്ന 'സി ഐ ഡി മൂസ'യിലുമുണ്ട് കുട്ടിക്കൂട്ടങ്ങൾ പാടി നടന്ന ചില പാട്ടുകൾ. അതിൽ പ്രധാനപ്പെട്ട ഒന്നാണ്, "കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ" എന്ന ഗാനം.

പാട്ടിനിടയിൽ ചില ഇംഗ്ലീഷ് വരികളും വരുന്നുണ്ട്. താളം ഒപ്പിച്ചു ആ വരികൾ പാടിയ പലരും വരികളുടെ യഥാർത്ഥ അർത്ഥം ശ്രദ്ധിച്ചു കാണില്ല എന്നുറപ്പ്. ഇപ്പോഴിതാ, ആ പാട്ടിനെ ഡീകോഡ് ചെയ്തെടുക്കുകയാണ് സോഷ്യൽ മീഡിയ.

> "അയാം ഫെയ്മസ് മിസ്റ്റർ മൂസ. ഐ വിൽ ക്യാച്ച് യു ലൈക്ക് ആൻ ഈച്ച. യു റിയലി കാണ്ട് ഹൈഡ് എവേ ഫ്രം മീ. റൺ ഐ റൺ വീ റൺ, റ്റു സ്റ്റേ വിത്ത് ലോട്ട് ഓഫ് ഫൺ, ആൻഡ് ഐ വിൽ ഗെറ്റ് യു ഫൈനലി," എന്നാണ് യഥാർത്ഥത്തിലുള്ള വരികൾ.

> "ഞാനാണ് പ്രശസ്തനായ മിസ്റ്റർ മൂസ. നിന്നെ ഒരു ഈച്ചയെ പോലെ ഞാൻ പിടിക്കും. നിനക്ക് എന്നിൽ നിന്നും മറഞ്ഞിരിക്കാനാവില്ല.

> ഓട്, ഞാനും ഓടും, നമ്മളോടും... പക്ഷേ ഒടുവിൽ നിന്നെയെനിക്കു കിട്ടും," എന്നൊക്കെയാണ് വരികളിലൂടെ ഗാനരചയിതാവ് അർത്ഥമാക്കുന്നത്.

വിദ്യാസാഗർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് ദേവാനന്ദ് ആണ്. ഈ പാട്ട് എഴുതിയ ആൾക്കുമുണ്ട് പ്രത്യേകത, മലയാളികളുടെ പ്രിയങ്കരനായ കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.

ആറാം തമ്പുരാനു വേണ്ടി ഹരിമുരളീരവം പോലെ സംഗീതത്തിനു ഏറെ പ്രാധാന്യമുള്ള പാട്ടുകളടക്കം എഴുതിയ ഗിരീഷ് പുത്തഞ്ചേരി തന്നെയാണ്, സി ഐഡി മൂസയിലെ ഈ ഫൺ മൂഡിലുള്ള പാട്ടും എഴുതിയിരിക്കുന്നത് എന്നോർക്കുമ്പോഴാണ് ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിൻ്റെ മിടുക്കും മികവും ബഹുമുഖപ്രതിഭയും ബോധ്യപ്പെടുക.

മലയാള സിനിമയിൽ ഇന്നുമേറെ ആരാധകരുള്ള ചിത്രമാണ് ജോണി ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'സി ഐ ഡി മൂസ.

' 2003ൽ പുറത്തിറങ്ങിയ ചിത്രം വേറിട്ട പ്രമേയം കൊണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന നർമ മുഹൂർത്തങ്ങൾ കൊണ്ടും പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ഉദയകൃഷ്ണ - സിബി കെ തോമസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ദിലീപ്, ഭാവന, ആശിഷ് വിദ്യാർത്ഥി, മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ക്യാപ്റ്റൻ രാജു, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/211879/these-lines-great-meaning-cidmusasong-decoded-socialmedia)