ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ പൈങ്കിളി എന്നാണ് നടിയെ അറിയപ്പെടുന്നത്. അത്രയധികം സ്വീകാര്യതയായിരുന്നു ഒറ്റ പരമ്പരയിലൂടെ താരത്തിനെ ലഭിച്ചത്.
ചക്കപ്പഴത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ് നടി. പഠനത്തിന് വേണ്ടിയാണ് ശ്രുതി ഇടവേള എടുക്കുന്നത്. എന്നാൽ അഭിനയം ഉപേക്ഷിക്കില്ലെന്നും വളരെ പെട്ടെന്ന് തന്നെ തിരികെ എത്തുമെന്നും പ്രമുഖ മാധ്യമാറ്റത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
താൻ നടിയാവുമെന്ന് ആദ്യം പറഞ്ഞത് സ്കൂളിലെ കൂട്ടുകാരാണെന്ന് ശ്രുതി. പ്രമുഖ മാധ്യമാറ്റത്തിനു നൽകിയ അഭിമുഖത്തിൽ തന്നെയാണ് ഇക്കാര്യവും പറഞ്ഞത്. മറ്റു കുട്ടികളൊക്കെ പറയും അവൾ നടിയാകുമെന്ന്. അതു കേൾക്കുമ്പോൾ താനും അത് ആവർത്തിക്കുമായിരുന്നു എന്നാണ് നടി പറയുന്നത്. അഭിനയത്തിൽ നിന്ന് മാധ്യമപ്രവർത്തനം പഠിക്കാൻ പോയതിനെ കുറിച്ചും ശ്രുതി പറയുന്നുണ്ട്.
ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ... ''സ്കൂളിൽ വച്ച് അധ്യാപകർ കുട്ടികളോട് ചോദിക്കില്ലേ വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം എന്നൊക്കെ. ടീച്ചറാകണം, ഡോക്ടറാകണം എൻജിനീയറാകണമെന്നൊക്കെ കൂട്ടുകാർ പറയും. എനിക്കാണെങ്കിൽ അങ്ങനെയൊന്നും ഒരു ആഗ്രഹമില്ല. ആ സമയം തൊട്ടേ പരമ്പരകളിൽ അഭിനയിക്കുന്നതുകൊണ്ട് മറ്റു കുട്ടികളൊക്കെ പറയും അവൾ നടിയാകുമെന്ന്. അതു കേൾക്കുമ്പോൾ ഞാനും പറയും, അതേ ഞാൻ നടിയാകും.
ഒരു ഗ്ലാമർ ജോബ് എന്നൊക്കെയുള്ള നിലയിലാണ് ഏവിയേഷൻ പഠിച്ചത്. ആ സമയത്താണ് ഒരു സുഹൃത്തു വഴി മാസ് കമ്യൂണിക്കേഷനെപ്പറ്റി കേൾക്കുന്നത്. ക്യാമറ, സ്ക്രിപ്റ്റ് റൈറ്റിങ്, ഡയറക്ഷൻ ഇതൊക്കെ എനിക്കൊരുപാടിഷ്ടമാണ്. എഴുതാനും വളരെയിഷ്ടമായതുകൊണ്ട് ജേണലിസത്തോട് ഇഷ്ടം തോന്നി.
എന്റെ സ്വഭാവത്തിനും ഇഷ്ടത്തിനും യോജിച്ച വിഷയമെന്ന നിലയിലാണ് ജേണലിസം പഠിക്കാൻ തീരുമാനിച്ചത്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്കൊരിക്കലും മടുപ്പനുഭവപ്പെടില്ലല്ലോ. അതുകൊണ്ടു തന്നെ പഠിത്തം വളരെയെളുപ്പമായെന്നും ശ്രുതി പറയുന്നു.
സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒന്നിനും ഒരു പരിധിയിൽക്കൂടുതൽ പ്രാധാന്യം കൊടുക്കാറില്ലെന്നും ശ്രുതി പറയുന്നുണ്ട്. ഈ കരിയറില്ലെങ്കിൽ, ഈ വിഷയം പഠിക്കാൻ പറ്റിയില്ലെങ്കിൽ, ബാഹ്യസൗന്ദര്യമില്ലെങ്കിൽ ഞാൻ തകർന്നു പോകും എന്ന ചിന്തയൊന്നും എനിക്കില്ല.
ഒന്നും ജീവിതത്തിൽ ശാശ്വതമായി ഉണ്ടാവില്ല എന്ന ഉത്തമബോധ്യമുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ അതിന്റെ പേരിൽ നമ്മൾ ഓർമിക്കപ്പെടും. എനിക്ക് ഭാഗ്യമുള്ളതുകൊണ്ട് ഞാൻ അവതരിപ്പിച്ച കഥാപാത്രം കുട്ടികളുടെയടക്കം മനസ്സിൽ നിൽക്കുന്നുണ്ടെന്ന സന്തോഷമുണ്ട്.
എന്തെങ്കിലുമൊരു കാര്യത്തോട് അമിതമായി മോഹം തോന്നിയാൽ നാളെ അതില്ലാതെ വരുമ്പോൾ വല്ലാത്ത വിഷമവും നിരാശയുമൊക്കെയുണ്ടാകും. ആ നിരാശ വിഷാദത്തിലേക്കൊക്കെ നയിച്ചേക്കാം. അമിതമായി പ്രതീക്ഷിക്കുമ്പോൾ, അതിനൊത്ത് ഉയരാൻ പറ്റാതെ വരുമ്പോൾ നമ്മൾ വല്ലാതെ തകർന്നുപോകും.
അങ്ങനെ സംഭവിക്കാതിരിക്കാനാണ് ബോൾഡ് ആയി തീരുമാനങ്ങളെടുക്കാനും എപ്പോഴും സന്തോഷത്തോടെയിരിക്കാനും ശ്രമിക്കുന്നത്. ഓരോ നിമിഷവും എങ്ങനെ ആസ്വദിക്കാം എന്ന ചിന്തയോടെയാണ് ഓരോ ദിവസത്തെയും സ്വാഗതം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.
താൻ മറ്റുളളവർ ചിന്തിക്കുന്നതിനെ കുറിച്ചോർത്ത് സമയം കളയാറില്ലെന്നും ശ്രുതി പറയുന്നുണ്ട്. ''ഞാൻ പറയുന്നത് മറ്റുള്ളവർ മനസ്സിലാക്കുന്നില്ല, അവർ എന്നെപ്പോലെ എന്താ ചിന്തിക്കാത്തത് എന്നൊക്കെ ആലോചിച്ച് സമയവും ഊർജവും പാഴാക്കാതെ സ്വയം മാറാൻ ശ്രമിക്കാമെന്നാണ് പറയുന്നത്.
ചിലപ്പോൾ നമ്മൾ പറയുന്നത് അതേ അർഥത്തിൽ മറ്റുള്ളവർ ഉൾക്കൊള്ളണമെന്നില്ല. അവരെ ഉപദേശിച്ചു നന്നാക്കാനൊന്നും ശ്രമിക്കാതെ ശരിയെന്നുറപ്പുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയാൽ ജീവിതത്തിലങ്ങനെ തളർന്നു നിൽക്കേണ്ടി വരില്ല. പുതിയ സ്വപ്നങ്ങളുമായി സന്തോഷത്തോടെ ജീവിതം ആഘോഷിക്കാം..
Will not give up acting ... will be back very soon; Painkili