---
title: "അഞ്ചുമാസം ​ഗര്‍ഭിണിയായിരിക്കെ നേരിട്ട പ്രതിസന്ധി പങ്കുവെച്ച്‌  താരം"
english_title: "The actress shared about the crisis she faced while five months pregnant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20615/the-actress-shared-about-the-crisis-she-faced-while-five-months-pregnant"
published_at: "2022-01-13T15:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dff93ad9a84_diya.jpg"
keywords: []
---

# അഞ്ചുമാസം ​ഗര്‍ഭിണിയായിരിക്കെ നേരിട്ട പ്രതിസന്ധി പങ്കുവെച്ച്‌  താരം

> **Lead Summary:** **മാ**തൃത്വം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച്‌ നിരന്തരം പങ്കുവെക്കാറുള്ള താരമാണ് ബോളിവു‍ഡ് നടി ദിയ മിര്‍സ. കഴിഞ്ഞ ഏപ്രിലിലാണ് ദിയ അമ്മയാകാന്‍ പോവുകയാണെന്ന വിവരം പങ്കുവെച്ചത്. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളും ദിയ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

## Article Content

**മാ**തൃത്വം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച്‌ നിരന്തരം പങ്കുവെക്കാറുള്ള താരമാണ് ബോളിവു‍ഡ് നടി ദിയ മിര്‍സ. കഴിഞ്ഞ ഏപ്രിലിലാണ് ദിയ അമ്മയാകാന്‍ പോവുകയാണെന്ന വിവരം പങ്കുവെച്ചത്. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളും ദിയ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ​ഗര്‍ഭകാലത്ത് താന്‍ കടന്നുപോയ പ്രതിസന്ധിയെക്കുറിച്ചും മരണത്തില്‍ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ദിയ. അഞ്ചുമാസം ​ഗര്‍ഭിണിയായിരിക്കെ നേരിട്ട പ്രതിസന്ധിയെക്കുറിച്ചാണ് ദിയ പങ്കുവെക്കുന്നത്.

'അഞ്ചാം മാസത്തില്‍ തനിക്ക് അപ്പെന്‍‍ഡിസൈറ്റിസ് സര്‍ജറിയിലൂടെ കടന്നുപോവേണ്ടി വന്നു. ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ മൂലം തുടര്‍ച്ചയായി ആശുപത്രിയില്‍ വന്നും പോയും ഇരിക്കുകയായിരുന്നു. ആറുമാസം ആയപ്പോഴേക്കും രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചതില്‍ ​ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നു'- ദിയ കുറിച്ചു.

അടുത്തിടെ പൂര്‍ണ വളര്‍ച്ചയെത്തും മുമ്ബുണ്ടായ കുഞ്ഞിന്റെ ജനനത്തെ കുറിച്ച്‌ ദിയ പങ്കുവച്ചിരുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ച്‌ പങ്കുവച്ച കുറിപ്പിലാണ് മാതൃത്വത്തെ കുറിച്ചും ഒപ്പം കടന്നുപോയ കഠിന കാലത്തെ കുറിച്ചും ദിയ പങ്കുവെച്ചത്.

മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാന്‍ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെ കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്. അവ്യാന്‍ പിറന്ന് നാലുമാസമായതോടെ ഷൂട്ടിങ് തിരക്കുകളിലേക്കും മറ്റും താന്‍ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു.

നാലുമണിക്കൂര്‍ പോലും അവ്യാനില്‍ നിന്ന് മാറിനില്‍‌ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും, ഈ അമ്മയ്ക്ക് അവ്യാനു വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/20615/the-actress-shared-about-the-crisis-she-faced-while-five-months-pregnant)