---
title: "#RoshnaAnnRoy | നടുറോഡിൽ മോശമായി സംസാരിച്ച് 'റോക്കിഭായി'കളിച്ചവന്‍; കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരേ പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന "
english_title: "#one #who #played '#rockybhai' #speaking #badly #middle #Actress #Roshna #files #complaint #pictures #KSRTCdriver #Yadu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/202851/one-who-played-rockybhai-speaking-badly-middle-actress-roshna-files-complaint-pictures-ksrtcdriver-yadu-new"
published_at: "2024-05-03T17:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634d8597e3b3_dd2.jpg"
keywords: []
---

# #RoshnaAnnRoy | നടുറോഡിൽ മോശമായി സംസാരിച്ച് 'റോക്കിഭായി'കളിച്ചവന്‍; കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരേ പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന 

> **Lead Summary:** **തി**രുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തിലെ ആരോപണവിധേയനായ ഡ്രൈവര്‍ യദുവിനെതിരേ പരാതിയുമായി നടി റോഷ്‌ന ആന്‍ റോയ്.

## Article Content

**തി**രുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തിലെ ആരോപണവിധേയനായ ഡ്രൈവര്‍ യദുവിനെതിരേ പരാതിയുമായി നടി റോഷ്‌ന ആന്‍ റോയ്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷ്‌ന പങ്കുവച്ചത്. മേയര്‍ ആര്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും നടി പറയുന്നു.

യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍ അടക്കമാണ് നടിയുടെ പോസ്റ്റ്. സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുമ്പോഴാണ് സംഭവം.

കുന്നംകുളം റൂട്ടില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക് മാത്രമേ പോകാനുള്ളൂ സ്ഥലമുണ്ടായിരുന്നുള്ളൂ. തങ്ങളുടെ പിന്നിലെ കെഎസ്ആര്‍ടിസി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിക്കുകയും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കാറിനെ മറികടക്കുകയും ചെയ്തു.

തുടര്‍ന്ന് പിന്നിലായ തങ്ങളും ഹോണ്‍ അടിച്ചു. വളരെ പെട്ടന്ന് അയാള്‍ നടുറോഡില്‍ ബസ് നിര്‍ത്തുകയും സ്ത്രീ ആണെന്ന പരിഗണന ഇല്ലാതെ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.

തുടര്‍ന്ന് വഴിയില്‍ എംവിഡിയെ കണ്ടു കാര്യങ്ങള്‍ സംസാരിക്കവേ അവിടേയും ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നാടകം കളിക്കുകയും റോക്കിഭായി ചമയുകയും ചെയ്യുകയായിരുന്നു.

എംവിഡി പ്രശ്‌നം സോള്‍വ് ചെയ്‌തെങ്കിലും തന്നോട് മോശമായി പെരുമാറിയതില്‍ വീട്ടിലെത്തിയിട്ടും സങ്കടം മാറിയില്ല.

തുടര്‍ന്നാണ് മറ്റൊരു ഡ്രൈവറോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ബസിനു പിന്നിലൊരു ഫോണ്‍ നമ്പര്‍ ഉണ്ടാകുമെന്നും അതില്‍ വിളിച്ച് പരാതി പറയാനും നിര്‍ദേശിച്ചത്.

എന്നാല്‍, താന്‍ ബസിൻ്റെ ഫോട്ടോ നോക്കി വിളിച്ചപ്പോൾ അങ്ങനെ ഒരു നമ്പർ നിലവിലില്ലെന്നും പറയുകയായിരുന്നെന്നും പോസ്റ്റിൽ പറയുന്നു.

ഇയാൾക്കിപ്പോ ഇപ്പോൾ ഇങ്ങനെ ഒരു കേസ് വന്നത് സഹായകമായെന്നും മേയറോടു പോലും സംസാരിക്കുന്ന രീതി ഇതാണെങ്കിൽ സാധാരണക്കാരിയായ എന്നോടു കാണിച്ചതിൽ ഒരു അത്ഭുതവുമില്ലെന്നും നടി രോഷ്ന ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/202851/one-who-played-rockybhai-speaking-badly-middle-actress-roshna-files-complaint-pictures-ksrtcdriver-yadu-new)