---
title: "എട്ടുകൊല്ലം മുമ്പ് നായക്കുട്ടിയെ കാണാതായി, അപ്രതീക്ഷിതമായി തിരിച്ചുകിട്ടി"
english_title: "The puppy went missing eight years ago and was unexpectedly recovered."
publisher: "moviemax.in"
canonical_url: "https://moviemax.in/news/19779/the-puppy-went-missing-eight-years-ago-and-was-unexpectedly-recovered"
published_at: "2022-01-08T12:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9341e290d2_NAAYA.jpg"
keywords: []
---

# എട്ടുകൊല്ലം മുമ്പ് നായക്കുട്ടിയെ കാണാതായി, അപ്രതീക്ഷിതമായി തിരിച്ചുകിട്ടി

> **Lead Summary:** അവരുടെ പെറ്റ് ആയിരുന്നു ആ നായക്കുട്ടി. അതിനെ കാണാതാവുന്നതാവട്ടെ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013 -ൽ. പ്രിയപ്പെട്ട നായക്കുട്ടിയെ കാണാതായത് ആ ദമ്പതികളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. വെറും ഒരു വയസുള്ളപ്പോഴാണ് അവളെ ആരോ മോഷ്ടിച്ചു കൊണ്ടുപോയത്.

## Article Content

അവരുടെ പെറ്റ് ആയിരുന്നു ആ നായക്കുട്ടി. അതിനെ കാണാതാവുന്നതാവട്ടെ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013 -ൽ. പ്രിയപ്പെട്ട നായക്കുട്ടിയെ കാണാതായത് ആ ദമ്പതികളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. വെറും ഒരു വയസുള്ളപ്പോഴാണ് അവളെ ആരോ മോഷ്ടിച്ചു കൊണ്ടുപോയത്.

എന്നാല്‍, ഇത്രയും വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്‍റെ കുട്ടികളുമായി അത് വീണ്ടും ഉടമകള്‍ക്കരികിൽ തിരിച്ചെത്തിയിരിക്കുകയാണ്. 2013 -ൽ ജാനെ- സ്റ്റുവര്‍ട്ട് വൈലി ദമ്പതികളുടെ സറേയിലെ റെഡ്ഹില്ലിനടുത്തുള്ള മെർസ്താമിൽ വീട്ടിലെ തോട്ടത്തില്‍ നിന്നുമാണ് സ്പാനിയേല്‍ കാസി എന്ന നായയെ കാണാതെയാവുന്നത്.

> എന്നാൽ, ഇത്രയും കാലം അവളെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ വെസ്റ്റ് സസെക്സിലെ ഒരു ലൊക്കേഷനിൽ പൊലീസും ആർഎസ്പിസിഎയും റെയ്ഡ് നടത്തി. അതിലാണ് ഇപ്പോള്‍ നായയെ കണ്ടെത്തിയിരിക്കുന്നത്. കാസിയുടേതെന്ന് കരുതുന്ന മൂന്ന് നായ്ക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. വൈലി പറഞ്ഞു: "ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടതിന് ശേഷമാണ് കാസിയെ കിട്ടുന്നത്.

ഞങ്ങളെ ഒരുമിച്ച് നിര്‍ത്തിയത് അവള്‍ കൂടിയായിരുന്നു. അതിനാൽ അവളെ നഷ്ടപ്പെട്ടപ്പോൾ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ശരിക്കും ബുദ്ധിമുട്ടായിരുന്നു. ഇനി ഒരിക്കലും അവളെ കാണാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചേയിരുന്നില്ല.'' ഒരു ദശാബ്ദത്തിന് ശേഷം സന്തോഷവാർത്തയുമായി കോൾ വന്നപ്പോള്‍ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും സത്യമായും താന്‍ ഞെട്ടിപ്പോയി എന്നും വൈലി പറഞ്ഞു.

കാസിയുടെ കുഞ്ഞുങ്ങളെ അവയെ സ്നേഹിക്കുമെന്നും പരിപാലിക്കുമെന്നും ഉറപ്പുള്ളവര്‍ക്ക് നല്‍കി എന്നും വൈലി പറഞ്ഞു. ഇങ്ങനെ നായകളെ കാണാതാവുന്നത് പലപ്പോഴും മോഷണങ്ങളാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് അത് ചെയ്യുന്നതെന്നും വലിയ ക്രിമിനല്‍ സംഘങ്ങളാണ് പിന്നിലെന്നും സസെക്സ് പൊലീസ് പറയുന്നു. ഏതായാലും എട്ട് വർഷത്തിനുശേഷം തികച്ചും അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയപ്പെട്ട കാസിയെ കിട്ടിയ സന്തോഷത്തിലാണ് വൈലിയും കുടുംബവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/19779/the-puppy-went-missing-eight-years-ago-and-was-unexpectedly-recovered)