---
title: "ബാറിലേക്ക് കൊടുങ്കാറ്റ് പോലെ ഒരു കൂറ്റന്‍ പോത്ത്, പിന്നെ സംഭവിച്ചത്"
english_title: "A huge buffalo stormed into the bar, and then what happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19696/a-huge-buffalo-stormed-into-the-bar-and-then-what-happened"
published_at: "2022-01-07T20:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d850d627f2b_VIRAL.jpg"
keywords: []
---

# ബാറിലേക്ക് കൊടുങ്കാറ്റ് പോലെ ഒരു കൂറ്റന്‍ പോത്ത്, പിന്നെ സംഭവിച്ചത്

> **Lead Summary:** വൈകുന്നേരം ബാറില്‍ ചെന്ന് രണ്ടെണ്ണം അടിക്കുകയായിരുന്നു ആ രണ്ടു സുഹൃത്തുക്കള്‍. ഒരാള്‍ മേശയില്‍ വെച്ച കുപ്പിയില്‍നിന്നും ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് കഴിക്കുന്നു. മറ്റേയാള്‍ ആരെയോ ഫോണ്‍ ചെയ്യുന്നു. എല്ലാം ശാന്തം. അന്നേരമാണ്, അവരുടെ ജീവിതത്തെയും ആ ബാറിനെയും ഞെട്ടിപ്പിച്ചു കൊണ്ട് ആ സംഭവം. തെരുവിലേക്ക് തുറക്കുന്ന വാതിലിലെ പ്ലാസ്റ്റിക് തിരശ്ശീലയെ കുത്തിയിളക്കി ഒരതിഥി ഞെട്ടിക്കുന്ന ശബ്ദത്തോടെ അവിടേക്ക് കുതറിത്തെറിച്ചു കുതിച്ചുവന്നു.

## Article Content

വൈകുന്നേരം ബാറില്‍ ചെന്ന് രണ്ടെണ്ണം അടിക്കുകയായിരുന്നു ആ രണ്ടു സുഹൃത്തുക്കള്‍. ഒരാള്‍ മേശയില്‍ വെച്ച കുപ്പിയില്‍നിന്നും ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് കഴിക്കുന്നു. മറ്റേയാള്‍ ആരെയോ ഫോണ്‍ ചെയ്യുന്നു. എല്ലാം ശാന്തം. അന്നേരമാണ്, അവരുടെ ജീവിതത്തെയും ആ ബാറിനെയും ഞെട്ടിപ്പിച്ചു കൊണ്ട് ആ സംഭവം. തെരുവിലേക്ക് തുറക്കുന്ന വാതിലിലെ പ്ലാസ്റ്റിക് തിരശ്ശീലയെ കുത്തിയിളക്കി ഒരതിഥി ഞെട്ടിക്കുന്ന ശബ്ദത്തോടെ അവിടേക്ക് കുതറിത്തെറിച്ചു കുതിച്ചുവന്നു.

ഒരു പടുകൂറ്റന്‍ പോത്ത്! കിഴക്കന്‍ ചൈനയിലാണ് സംഭവം. ഇവിടത്തെ ജിയാങ്‌സു പ്രവിശ്യയിലെ തായിഴോ നഗരത്തിലെ കശാപ്പു ശാലയില്‍നിന്നും ഒരു കൂറ്റന്‍ പോത്ത് രക്ഷപ്പെട്ടു. കശാപ്പു ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പാണ് പോത്ത് പുറത്തേക്ക് കുതിച്ചത്. ആ യാത്രയിലാണ്, പാതയോരത്തെ ചെറിയ ബാറിലേക്ക് അത് കുതിച്ചുകയറുന്നത്. പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

പോത്തിന്റെ കണ്‍മുന്നിലുണ്ടായിരുന്നത് മദ്യപിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. അത് അവനെ കുത്തിത്താഴെയിട്ട് മുന്നോട്ടേക്ക് പായുന്നു. നിലത്ത് വീണു കിടക്കുന്ന യുവാവിനെ സുഹൃത്ത് ഈ തക്കത്തിന് പുറകിലേക്ക് വലിക്കുന്നു. പോത്ത് പാഞ്ഞുകയറിയ അകത്തെ മുറിയില്‍നിന്നും ബഹളം തുടരുന്നു.

ക്യാമറയിലിപ്പോള്‍ വീണ്ടും കാട്ടുപോത്തിനെ കാണാം. അതു കുറച്ചു നേരം നോക്കി നില്‍ക്കുന്നു. അതിന്റെ മൂക്കിനും വായയ്ക്കുമിടയില്‍ കശാപ്പു കടക്കാരന്‍ അണിയിച്ചു നല്‍കിയ കയറിന്റെ ബാക്കിഭാഗം കാണാം. അടുത്ത നിമിഷം അത് സമീപത്തെ ചെറിയ മുറിയിലേക്ക് കുതിക്കുന്നു. അവിടെ മുഴുവന്‍ ബഹളം.

എന്തൊക്കെയോ തട്ടിത്തകര്‍ന്ന് വീഴുന്ന ശബ്ദകോലാഹലം. അടുത്ത നിമിഷം, രണ്ട് കസേരകള്‍ തട്ടിത്തെറിപ്പിച്ച് അത് വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക് വരുന്നു. വീണ്ടും ചുറ്റും നോക്കുന്നു.

പിന്നെ വീണ്ടും പിറകിലേക്ക് ചാട്ടം. കണ്ണില്‍ കണ്ടതെല്ലാം തച്ചുടച്ച് വീണ്ടും മടക്കം. ക്യാമറയ്ക്കു മുന്നില്‍ വീണ്ടു നിന്നശേഷം അത് വന്ന വഴിയെ തന്നെ തെരുവിലേക്ക് കുതിച്ചോടുന്നു. ബാറില്‍ വീണ്ടും എല്ലാം ശാന്തം. പരിക്കേറ്റു കിടക്കുന്ന ചെറുപ്പക്കാരന്റെ സുഹൃത്ത് പുറത്തേക്ക് ഓടുന്നു. വീണ്ടും അകത്തേക്ക് വരുന്നു. കൂടെ, കുറേ ആളുകള്‍. അവരെയൊക്കെ അയാള്‍ വിളിച്ചു വരുത്തിയതാണ്.

അവര്‍ അയാളെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഡെയിലി മെയിലാണ് ഈ സംഭവത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ചത്. ഇത് ഡിസംബര്‍ 31-ന് ചൈനയില്‍ നടന്നതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പോത്തിന് എന്ത് സംഭവിച്ചുവെന്നോ പരിക്കേറ്റയാളുടെ അവസ്ഥ എന്തെന്നോ ബാറിനുണ്ടായ നഷ്ടപരിഹാരം എത്രയെന്നോ വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/19696/a-huge-buffalo-stormed-into-the-bar-and-then-what-happened)