---
title: "'പുഷ്‍പ'യിലെ നൃത്തരംഗത്തിനായി സാമന്തയുടെ റിഹേഴ്സല്‍: വീഡിയോ "
english_title: "Samantha's rehearsal for the dance scene in 'Pushpa': Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19657/samanthas-rehearsal-for-the-dance-scene-in-pushpa-video"
published_at: "2022-01-07T16:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d81c3f508f2_SAMANTHA.jpg"
keywords: []
---

# 'പുഷ്‍പ'യിലെ നൃത്തരംഗത്തിനായി സാമന്തയുടെ റിഹേഴ്സല്‍: വീഡിയോ 

> **Lead Summary:** അല്ലു അര്‍ജുനും ഫഹദ് ഫാസിലും നായക, പ്രതിനായകന്മാരായെത്തിയ 'പുഷ്‍പ'യില്‍ രശ്‍മിക മന്ദാനയാണ് നായിക. എന്നാല്‍ ചിത്രത്തിലെ ആകര്‍ഷണീയതകളിലൊന്ന് സാമന്ത എത്തിയ ഒരു ഗാനനൃത്തരംഗമായിരുന്നു. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തില്‍ ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുന്നത്.

## Article Content

അല്ലു അര്‍ജുനും ഫഹദ് ഫാസിലും നായക, പ്രതിനായകന്മാരായെത്തിയ 'പുഷ്‍പ'യില്‍ രശ്‍മിക മന്ദാനയാണ് നായിക. എന്നാല്‍ ചിത്രത്തിലെ ആകര്‍ഷണീയതകളിലൊന്ന് സാമന്ത എത്തിയ ഒരു ഗാനനൃത്തരംഗമായിരുന്നു. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തില്‍ ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുന്നത്.

'ഓ ആണ്ടവാ' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് 6 കോടിയിലേറെ കാഴ്ചകളാണ് ലഭിച്ചത്. ഇപ്പോഴിതാ ഹിറ്റ് നമ്പറിനുവേണ്ടി താന്‍ നടത്തിയ പരിശീലനത്തിന്‍റെ ലഘുവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് സാമന്ത വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത പുഷ്‍പയുടെ ഒടിടി റിലീസ് നാളെയാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലുമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നാളെ രാത്രി 8ന് ചിത്രം എത്തും. ഹിന്ദി പതിപ്പിന് ഇപ്പോള്‍ റിലീസ് ഇല്ല.

കൗതുകകരമായ വസ്‍തുത ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് ഇന്ന് യുഎസ് റിലീസ് ആണ് എന്നതാണ്. നൂറിലേറെ തിയറ്ററുകളിലാണ് യുഎസില്‍ പുഷ്‍പ ഹിന്ദി പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 300 കോടിയിലേറെ നേടിയിരുന്നു.

സുകുമാര്‍ സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ആദ്യഭാഗമാണ് പ്രദര്‍ശനത്തിനെത്തിയത്. രണ്ടാംഭാഗത്തിന്‍റെ റിലീസ് ഈ വര്‍ഷം ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/19657/samanthas-rehearsal-for-the-dance-scene-in-pushpa-video)