---
title: "#seemagnair | പ്രിയപ്പെട്ട രാജു കണ്ണുകള്‍ നിറയാതെ ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ല! സുപ്രിയ പടം കണ്ടിറങ്ങി മിണ്ടാതെ പോയി -സീമ ജി നായർ"
english_title: "#seemagnair #opens #up #about #prithviraj #and #blessys #aadujeevitham #movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/195606/seemagnair-opens-up-about-prithviraj-and-blessys-aadujeevitham-movie"
published_at: "2024-03-30T14:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607d39bc907f_aadujeevitham.jpg"
keywords: []
---

# #seemagnair | പ്രിയപ്പെട്ട രാജു കണ്ണുകള്‍ നിറയാതെ ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ല! സുപ്രിയ പടം കണ്ടിറങ്ങി മിണ്ടാതെ പോയി -സീമ ജി നായർ

> **Lead Summary:** നടന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ സിനിമയായിട്ടാണ് ആടുജീവിതം ഒരുക്കിയത്. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന്റെ മേക്കോവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഒടുവില്‍ ആടുജീവിതം തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ കണ്ടിരുന്നവരുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്.

## Article Content

നടന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ സിനിമയായിട്ടാണ് ആടുജീവിതം ഒരുക്കിയത്. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന്റെ മേക്കോവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഒടുവില്‍ ആടുജീവിതം തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ കണ്ടിരുന്നവരുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്.

പൃഥ്വിരാജ് അടക്കമുള്ളവരുടെ പ്രകടനത്തെ പറ്റിയുള്ള എഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒപ്പം നടി സീമ ജി നായര്‍ പങ്കുവെച്ച എഴുത്ത് ശ്രദ്ധേയമാവുകയാണ്. ആടുജീവിതം കാണുന്നതിന് മുന്‍പും കണ്ടതിന് ശേഷവുമായി രണ്ട് കുറിപ്പുകളാണ് നടി എഴുതിയത്. സിനിമ കണ്ടതിന് ശേഷം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി കൊടുക്കാതെ പോയതിന്റെ കാരണവും സീമ സൂചിപ്പിച്ചിരിക്കുകയാണ്. 

നമസ്‌ക്കാരം, കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ആടുജീവിതം ആയിരുന്നു മനസ്സില്‍. രാജുവും, ബ്ലെസി സാറും, ബെന്യാമിനും അതിലുപരി നജീബും. കണ്ണടച്ചാലും, തുറന്നാലും നജീബും നജീബായ രാജുവും ആയിരുന്നു മനസ്സില്‍. എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും ആ പാവം മനുഷ്യന്‍. ഈ ഒരു സിനിമക്ക് വേണ്ടി ഒരുപാട് വര്‍ഷങ്ങള്‍ മാറ്റി വെച്ച, ഇതൊരു തപസ്സുപോലെ ഏറ്റെടുത്ത ബ്ലെസി സാറിനും രാജുവിനും എന്റെ ഹൃദയം നിറഞ്ഞ കൂപ്പു കൈ.

സിനിമയില്‍ വല്ലപ്പോളും സംഭവിക്കുന്ന ഒരത്ഭുതം ആയി മാറുന്നു ഈ സിനിമ. അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ ആട് ജീവിതത്തിനു സാധിക്കട്ടെ. ചിലയിടത്ത് എഴുതി കണ്ടു യൂത്തിനെ ആകര്‍ഷിക്കാന്‍ കഴിയുമോന്ന് സംശയമെന്ന്. എപ്പോളും ജീവിതത്തില്‍ അടിച്ചുപൊളി മാത്രം മതിയോ? വല്ലപ്പോഴുമെങ്കിലും ഇതുപോലുള്ള സിനിമകളും യൂത്ത് ആസ്വദിക്കേണ്ടേ. 

ഇതൊരു പാവം നജീബിന്റെ സിനിമയാണ്. അദ്ദേഹം അനുഭവിച്ചു തീര്‍ത്ത ജീവിതവും യാതനയുമാണ്. ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ കുടുംബത്തിന് വേണ്ടി വിദേശത്തു ജോലിക്കു പോകുന്ന സാദാരണക്കാരനായ ഒരു പ്രവാസിയുടെ കഥയാണ്.. എന്നുമാണ് സീമ ആദ്യം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്. 

'ഇന്നലെ ഒരു പോസ്റ്റിടുമ്പോള്‍, ഇന്നലെ വരെ നജീബും, രാജുവും ആടുജീവിതവും മനസിനെ നൊമ്പരപ്പെടുത്തുന്നുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ഇന്നലെയാണ് ഞാന്‍ ആടുജീവിതം കണ്ടത്, ഒരു നൊമ്പരത്തില്‍ ഒതുങ്ങില്ല അതൊന്നും. ഓരോരുത്തരും എന്താണ് ചെയ്തു വെച്ചിരിക്കുന്നത്. തീയറ്ററുകളില്‍ മണ്ണ് നുള്ളിയിട്ടാല്‍ അതുവരെ കേള്‍ക്കുന്ന നിശ്ശബ്ദത, ഇടയ്ക്കിടെ ദീര്‍ഘ നിശ്വാസങ്ങള്‍, അടുത്തിരുന്ന പലരും ഷാളുകള്‍ കൊണ്ട് കണ്ണ് നീര്‍ തുടക്കുന്നു.

ഒരു സിനിമ കണ്ടിട്ടല്ല, നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിക്കേണ്ടത്. പക്ഷെ ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ നമ്മള്‍ ഓരോ കാര്യത്തിനും പ്രത്യേക വില കൊടുക്കാന്‍ തീരുമാനിക്കും. വെള്ളത്തിനും, ഭക്ഷണത്തിനും, സ്നേഹത്തിനുമെല്ലാം. റിയല്‍ നജീബിനെ ഒരിക്കല്‍ കാണണം.

ഇത് പോലെ കഷ്ടത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി, അദ്ദേഹം അനുഭവിച്ച കാര്യങ്ങള്‍ക്ക് വേണ്ടി ആ പാദം തൊട്ടു വന്ദിക്കണം. എന്തൊക്കെയോ എഴുതണമെന്നുണ്ട് വാക്കുകള്‍ മുറിഞ്ഞു, മുറിഞ്ഞു പോകുന്നു. പ്രിയപ്പെട്ട രാജു കണ്ണുകള്‍ നിറയാതെ, ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ല.

ബ്ലെസി സാര്‍, രഞ്ജിത് അമ്പാടി, മേക്കപ്പില്‍ സ്റ്റെഫി സേവ്യര്‍, കോസ്റ്റിയും ക്യാമറ സുനില്‍ ഇതിന്റെ പ്രൊഡ്യൂസറും കൂടിയായ ഖാദിരിയായി വന്ന ജിമ്മി ലൂയിസ് മറക്കില്ല നിങ്ങളുടെ മുഖം. കലാസംവിധാനം പ്രശാന്ത്, ഹക്കിമായി വന്നയാള്‍, മ്യൂസിക് എആര്‍ റഹ്മാന്‍, എല്ലാവര്‍ക്കും കൂപ്പു കൈ മാത്രം.

രാജുവിന്റെ ഭാര്യ സുപ്രിയ ഈ പടം കണ്ടിറങ്ങിയപ്പോള്‍ മീഡിയക്കാരോട് ഒന്നും മിണ്ടാതെ പോയി എന്ന് വായിച്ചു. പതിവു പോലെ താഴെ കുറെ കമന്റുകളും. പടവുമായി ഒരു ബന്ധവും ഇല്ലാത്ത നമ്മുടെയൊക്കെ മനസുകള്‍ നിശ്ചലമായെങ്കില്‍ ആ വിങ്ങല്‍ ഇപ്പോളും തീര്‍ന്നിട്ടില്ലെങ്കില്‍ സുപ്രിയയുടെ അവസ്ഥ ഊഹിക്കാവുന്നത് മാത്രമേ ഉള്ളു.

ആ ഭര്‍ത്താവിന്റെ അടുത്തേക്ക് ഓടിയെത്താന്‍ അവരുടെ മനസ് വെമ്പിയിട്ടുണ്ടാവണം. നാം അനുഭവിക്കാത്ത കാര്യങ്ങള്‍ എല്ലാം നമ്മുക്ക് കെട്ടു കഥകള്‍ മാത്രം.' എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/195606/seemagnair-opens-up-about-prithviraj-and-blessys-aadujeevitham-movie)