കോളേജ് പരിപാടിക്കിടെ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിച്ചതിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
എഴുത്തുകാരായ മനോജ് കുറൂർ, ശാരദക്കുട്ടി, ടി പി വിനോദ് തുടങ്ങിയ എഴുത്തുകാര്‍ പ്രിൻസിപ്പാലിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
'മുത്തിയമ്മ പ്രിൻസിപ്പാള് രാജി വെക്കണം ബുദ്ധിയുള്ള പ്രിൻസിപ്പാള് ചാർജ്ജെടുക്കണം' എന്ന് പണ്ടൊരു പാട്ട് കേട്ടിട്ടുണ്ട്. കോലഞ്ചേരി സെയ്ൻ്റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാളിൻ്റെ നടപടി കണ്ടപ്പോൾ ഈ പാട്ടാണോർമ്മ വന്നത്.
അറിയപ്പെടുന്ന ഒരു കലാകാരനെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണവർ ചെയ്തത്. വിദ്യാഭ്യാസം എന്നത് പേരിനറ്റത്തെ ഡിഗ്രിവാൽ മാത്രമല്ല ടീച്ചറേ. വീണ്ടും പാടാം, 'ബുദ്ധിയുള്ള പ്രിൻസിപ്പാള് ചാർജ്ജെടുക്കണം' എന്ന് ശാരദക്കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു.
'ഗാനങ്ങളുടെ ആലാപനത്തിലും സംഗീതസംവിധാനത്തിലും എടുത്തടിച്ചതുപോലെ ഒരു വലിയ പരിണാമം കൊണ്ടുവന്ന സംഗീതകാരനാണ് ജാസി ഗിഫ്റ്റ്. അദ്ദേഹത്തിന്റെ 'ലജ്ജാവതിയേ' എന്ന ഗാനം പോപ്പുലർ ആയപ്പോൾ സംഗീതരംഗത്തെ പലരും പരിഭ്രമിച്ചു പോയി.
ജാസി ഗിഫ്റ്റ് മറ്റു പലരെയും പോലെ പുതുമയ്ക്കുവേണ്ടി എ ആർ റഹ്മാൻ ശൈലിയെ ആശ്രയിച്ചില്ല. സ്വന്തമായി വികസിപ്പിച്ചെടുത്ത സംഗീതാവിഷ്കാരരീതിയായിരുന്നു അത്.
ഇപ്പോഴിതാ ഒരു കോളജിലെ പരിപാടിക്കിടയിൽ ജാസി ഗിഫ്റ്റിന്റെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങുന്നു. അദ്ദേഹത്തോടുള്ള അസഹിഷ്ണുത ഒടുങ്ങാത്തതിൽ അദ്ഭുതമില്ല. അദ്ദേഹത്തിനുണ്ടായ മനോവിഷമം സംഗീതപ്രേമികളുടേതുകൂടിയാണ്' മനോജ് കുറൂരിന്റെ വാക്കുകൾ...
https://www.facebook.com/photo.php?fbid=10160138688808668&set=a.10153624571238668&type=3&ref=embed_post
'ഏറ്റവും മാന്യതയോടെ, മര്യാദയോടെ, സൗമ്യതയോടെ, കൃത്യതയോടെ, വിവേകത്തോടെ അഭിമുഖങ്ങളിലും പൊതുവിടങ്ങളിലും സംസാരിക്കുന്ന അപൂർവ്വം സെലിബ്രിറ്റികളിലൊരാളാണ് ജാസി ഗിഫ്റ്റ്. ജാസിയുടെ പാട്ട് തടസ്സപ്പെടുത്തി മൈക്ക് പിടിച്ചുവാങ്ങാൻ പ്രിൻസിപ്പലിന് ധൈര്യം കൊടുക്കുന്നത് അദ്ദേഹത്തിന്റെ മാന്യതയും സവർണതയുടേതല്ലാത്ത അദ്ദേഹത്തിന്റെ പശ്ചാത്തലവുമാണ് എന്ന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല' എന്നാണ് ടി പി വിനോദ് പറഞ്ഞത്.
https://www.facebook.com/photo.php?fbid=10232671458828065&set=a.10208847853132812&type=3&ref=embed_post
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ, കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയിൽ പ്രിൻസിപ്പൽ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങി പോകുകയായിരുന്നു. പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ട്ടമായില്ല എന്നായിരുന്നു വാദം. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞിരുന്നു. പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
Content Highlight: #jassiegift #college #programme #controversy #writers #against #principal


































