---
title: "ഫർഹാൻ അക്തർ വീണ്ടും വിവാഹിതനാകുന്നു "
english_title: "Farhan Akhtar is getting married again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19192/farhan-akhtar-is-getting-married-again"
published_at: "2022-01-04T21:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d46f404ed42_.jpg"
keywords: []
---

# ഫർഹാൻ അക്തർ വീണ്ടും വിവാഹിതനാകുന്നു 

> **Lead Summary:** ബോളിവുഡിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഫർഹാൻ അക്തർ. തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകനായി മുംബൈയിൽ ജനിച്ച ഫർഹാൻ‌ ഹിന്ദി സിനിമാ വ്യവസായത്തിന്റെ സ്വാധീനത്തിലാണ് വളർന്നത്.

## Article Content

ബോളിവുഡിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഫർഹാൻ അക്തർ. തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകനായി മുംബൈയിൽ ജനിച്ച ഫർഹാൻ‌ ഹിന്ദി സിനിമാ വ്യവസായത്തിന്റെ സ്വാധീനത്തിലാണ് വളർന്നത്.

1999ൽ റിതേഷ് സിദ്ധ്വാനിയോടൊപ്പം എക്സൽ എന്റർടൈൻമെന്റ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി സ്ഥാപിച്ച ശേഷം ദിൽ ചാഹ്താ ഹേ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി.

തുടർന്ന് നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും പാട്ടുകൾ എഴുതുകയും ചെയ്തു. ഏറ്റവും അവസാനം പുറത്തിറങ്ങിയ ഫർഹാൻ അക്തർ സിനിമ തൂഫാനായിരുന്നു. ചിത്രത്തിൽ ബോക്സറായിട്ടാണ് ഫർഹാൻ വേഷമിട്ടത്.

കരിയറിൽ തിളങ്ങിയ ഫർഹാന് വിവാഹജീവിതം പരാജയമായിരുന്നു. അന്ധുന അക്തറിനെ 2000ൽ ആണ് ഫർഹാൻ വിവാഹം കഴിച്ചത്. ആ ബന്ധം പതിനേഴ് വർഷത്തോളം നീണ്ടു നിന്നു. ശേഷം 2017ൽ ഇരുവരും വിവാഹമോചിതരായി. ‌ശേഷം ഫർഹാൻ നടിയും മോഡലും ​ഗായികയുമെല്ലാമായ ഷിബാനി ദണ്ടേക്കറുമായി പ്രണയത്തിലായി. 2018ൽ ആരംഭിച്ച പ്രണയം ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഇരുവരും ഇപ്പോൾ ലിവിങ് ടു​ഗെതറിലാണ്. ഇരുവരും വൈകാതെ വിവാഹിതരാകുമെന്നാണ് ബോളിവു‍ഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. ഈ വർഷം മാർച്ചോടെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ച് കൂട്ടി ആഡംബര വിവാഹമാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും കൊവിഡ്, ഒമിക്രോൺ സാഹചര്യത്തിൽ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മാത്രം സാന്നിധ്യത്തിൽ നടത്താനാണ് ഫർഹാനും ഷിബാനിയും തീരുമാനിച്ചിരിക്കുന്നത്. താരങ്ങൾ തങ്ങളുടെ വിവാഹ വേദിയായി ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ബുക്ക് ചെയ്യുകയും എല്ലാ കാര്യങ്ങളും ഏകദേശം പൂർത്തിയാക്കുകയും ചെയ്തു.

ഷിബാനിയും ഫർഹാനും തങ്ങളുടെ വലിയ ദിവസത്തിന് ധരിക്കാനായി സബ്യസാചി വസ്ത്രങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഷിബാനി തന്റെ ശരീരത്തിൽ ഫർഹാന്റെ പേര് പോലും പച്ചകുത്തിയിട്ടുണ്ട്. ഇടയ്ക്കിടെ പ്രണയചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19192/farhan-akhtar-is-getting-married-again)