---
title: "#viral | വീട് വിറ്റു, ലക്ഷങ്ങൾ മുടക്കി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ, ദമ്പതികൾ ഇപ്പോൾ പറയുന്നത് കേട്ടോ..."
english_title: "#couple #sold #house #cosmetic #surgeries #now #regret"
publisher: "moviemax.in"
canonical_url: "https://moviemax.in/news/191655/couple-sold-house-cosmetic-surgeries-now-regret"
published_at: "2024-03-14T16:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2dd4111b79_viral.jpg"
keywords: []
---

# #viral | വീട് വിറ്റു, ലക്ഷങ്ങൾ മുടക്കി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ, ദമ്പതികൾ ഇപ്പോൾ പറയുന്നത് കേട്ടോ...

> **Lead Summary:** **കോ**സ്മെറ്റിക് സർജറി ഇന്ന് വളരെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു. ഒരുപാട് പേരാണ് കോസ്മെറ്റിക് സർജറി ചെയ്ത് തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത്.

## Article Content

**കോ**സ്മെറ്റിക് സർജറി ഇന്ന് വളരെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു. ഒരുപാട് പേരാണ് കോസ്മെറ്റിക് സർജറി ചെയ്ത് തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത്.

എന്നാൽ, യുകെയിൽ നിന്നുള്ള ഈ ദമ്പതികൾ സൗന്ദര്യം കൂട്ടാൻ വേണ്ടി വിവിധ സർജറികൾ ചെയ്തതിന്റെ പേരിൽ ഇന്ന് ഖേദിക്കുകയാണ്. വേണ്ടിയിരുന്നില്ല എന്നാണ് ഇവർ പറയുന്നത്.

മാഞ്ചസ്റ്ററിൽ നിന്നുള്ള സാറ എഡ്ഗർ എന്ന 36 -കാരിയും അവളുടെ ഭർത്താവ് ഇഗൽ എന്ന 39 -കാരനുമാണ് വിവിധ സൗന്ദര്യവർധക സർജറികൾക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും പിന്നീട് അതോർത്ത് പശ്ചാത്തപിക്കുകയും ചെയ്യുന്നത്. ഇൻസ്റ്റ​ഗ്രാമിൽ കണ്ട ഒരു ക്ലിനിക്ക് വഴിയാണ് ഇവർ സർജറി ചെയ്യാൻ പോകുന്നത്.

അതിന് വേണ്ടി ഇരുവരും തുർക്കിയിലേക്ക് യാത്ര ചെയ്തു. സാറ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വയർ, ചുണ്ട്, സ്തനം എന്നിവയിലെല്ലാമാണ് സർജറികൾ ചെയ്തത്. അതേസമയം ഇ​ഗൽ തന്റെ പല്ലുകളിലാണ് മാറ്റം വരുത്തിയത്. എന്തായാലും, ഇരുവരും തങ്ങളുടെ വീട് വിറ്റിട്ടാണ് ആരും കണ്ടാൽ നോക്കിനിൽക്കുന്ന സൗന്ദര്യം കിട്ടാൻ വേണ്ടി ഈ സർജറികളൊക്കെ ചെയ്തത്.

അതിനാൽ, വാടകയ്ക്കാണ് ഇരുവരും താമസിക്കുന്നത്. സാറ ഒരു ബാങ്കിൽ ക്ലർക്കും ഇ​ഗൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരനുമാണ്. ഈ സർജറികളൊന്നും വേണ്ടായിരുന്നു. പുതിയ രൂപത്തിൽ തങ്ങൾ ഒട്ടും കംഫർട്ടല്ല എന്നാണ് ഇപ്പോൾ ഇരുവരും പറയുന്നത്.

സാറ പറയുന്നത്, തനിക്ക് തന്റെ പഴയ രൂപം തന്നെ മതിയായിരുന്നു. ഈ രൂപത്തിൽ താൻ ഒട്ടും കംഫർട്ടല്ല, ഒട്ടും സന്തോഷവും തോന്നുന്നില്ല എന്നാണ്. 11 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും സർജറിക്കും ഒക്കെ കൂടി ഒരുപാട് പണം ഇരുവരും ചെലവഴിച്ചു. എന്നാൽ, അത് തങ്ങൾ പ്രതീക്ഷിച്ച സന്തോഷം തരുന്നില്ല എന്നാണ് ഇന്ന് ഈ ദമ്പതികൾ പറയുന്നത്.

'ഇങ്ങനെ സർജറി ചെയ്യുന്നതിന് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ കാണുന്ന ക്ലിനിക്കുകളെ സമീപിക്കരുത്. സോഷ്യൽ മീഡിയയിൽ എല്ലാം നല്ലതും വില കുറവായും തോന്നും. എന്നാൽ, ശരിക്കും അത് അങ്ങനെയല്ല. അതുപോലെ, എല്ലാവരും സൗന്ദര്യമുള്ളവരാണ്. സർജറികൾക്ക് പകരം നമുക്കുള്ള ശരീരം നല്ലപോലെ ശ്രദ്ധിക്കുകയാണ് നാം വേണ്ടത്' എന്നാണ് ഇപ്പോൾ സാറ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/191655/couple-sold-house-cosmetic-surgeries-now-regret)