(moviemax.in) 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. പേരിൽ നിന്ന് ഭാരതം എന്നത് മാറ്റി സർക്കാർ ഉത്പന്നം എന്നാക്കിയില്ലെങ്കിൽ പ്രദർശനാനുമതി നൽകിയുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെൻസർ ബോർഡിന്റെ നിലപാട്.
ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ഭാരതം എന്ന പേര് മാറ്റാൻ പറഞ്ഞതിന്റെ കാരണം വ്യകതമായിട്ടില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. പോസ്റ്ററുകളും ബാനറുകളും അടക്കം കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന്റെ ട്രെയിലർ പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ചിത്രമാണ് 'ഒരു ഭാരത സർക്കാർ ഉത്പന്നം'. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്താണ് സംവിധാനം.
ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: #bharatham #CensorBoard #wants #change #name #movie #orubharathasarkarulpannam



























