---
title: "#tanyasingh | യുവമോഡലിന്റെ മരണം; നിര്‍ണായകമായി വാട്‌സാപ്പ് സന്ദേശം, ഐ.പി.എല്‍. താരത്തെ ചോദ്യം ചെയ്‌തേക്കും"
english_title: "#young #model #tanyasingh #death #case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/186575/young-model-tanyasingh-death-case"
published_at: "2024-02-22T22:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d77b3e0396c_model.jpg"
keywords: []
---

# #tanyasingh | യുവമോഡലിന്റെ മരണം; നിര്‍ണായകമായി വാട്‌സാപ്പ് സന്ദേശം, ഐ.പി.എല്‍. താരത്തെ ചോദ്യം ചെയ്‌തേക്കും

> **Lead Summary:** **ഫാ**ഷന്‍ ഡിസൈനറും മോഡലുമായ യുവതിയുടെ മരണത്തില്‍ ഐ.പി.എല്‍. ക്രിക്കറ്റ് താരത്തെ ചോദ്യംചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് സൂറത്ത് സ്വദേശിനിയായ ടാനിയ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഐ.പി.എല്‍. താരമായ അഭിഷേക് ശര്‍മയിലേക്ക് അന്വേഷണം നീളുന്നത്. മരണത്തിന് മുമ്പ് യുവതി അഭിഷേക് ശര്‍മയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

## Article Content

**ഫാ**ഷന്‍ ഡിസൈനറും മോഡലുമായ യുവതിയുടെ മരണത്തില്‍ ഐ.പി.എല്‍. ക്രിക്കറ്റ് താരത്തെ ചോദ്യംചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് സൂറത്ത് സ്വദേശിനിയായ ടാനിയ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഐ.പി.എല്‍. താരമായ അഭിഷേക് ശര്‍മയിലേക്ക് അന്വേഷണം നീളുന്നത്. മരണത്തിന് മുമ്പ് യുവതി അഭിഷേക് ശര്‍മയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

യുവമോഡലായ ടാനിയ സിങ്ങിനെ തിങ്കളാഴ്ച രാവിലെയാണ് സൂറത്തിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് യുവതിയുടെ ഫോണ്‍വിളി വിവരങ്ങളും മറ്റും പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് അഭിഷേക് ശര്‍മയുമായുള്ള ബന്ധം വ്യക്തമായത്.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക് ശര്‍മ. ടാനിയയും അഭിഷേകും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ടാനിയ അവസാനമായി അഭിഷേകിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

എന്നാല്‍, ഈ സന്ദേശത്തിന് അഭിഷേക് മറുപടി നല്‍കിയിരുന്നില്ല.


ടാനിയയുടെ നമ്പര്‍ അഭിഷേക് ബ്ലോക്ക് ചെയ്തിരുന്നതായാണ് വിവരം. സാമൂഹികമാധ്യമങ്ങളിലടക്കം ടാനിയയുടെ സന്ദേശങ്ങള്‍ക്ക് ഇയാള്‍ മറുപടി നല്‍കിയിരുന്നില്ലെന്നും വിവരങ്ങളുണ്ട്.

അതേസമയം, അഭിഷേകും യുവതിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചോ ഇവര്‍ അയച്ച സന്ദേശം എന്താണെന്ന് സംബന്ധിച്ചോ പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസില്‍ അഭിഷേകിനെ നോട്ടീസയച്ച് വിളിച്ചുവരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://moviemax.in/news/186575/young-model-tanyasingh-death-case)