---
title: "#RiturajSingh |നടന്‍ ഋതുരാജ് സിംഗ് അന്തരിച്ചു"
english_title: "#Television #actor #RiturajSingh #passedaway."
publisher: "moviemax.in"
canonical_url: "https://moviemax.in/news/185944/television-actor-riturajsingh-passedaway"
published_at: "2024-02-20T13:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d458b5c75f0_death.jpg"
keywords: []
---

# #RiturajSingh |നടന്‍ ഋതുരാജ് സിംഗ് അന്തരിച്ചു

> **Lead Summary:** ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 59 കാരന്‍റെ മരണം എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്‍റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

## Article Content

ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 59 കാരന്‍റെ മരണം എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്‍റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് ഋതുരാജ് മരിച്ചതെന്നാണ് റിപ്പോർട്ട്. പാൻക്രിയാറ്റിക് പ്രശ്നത്തെ തുടർന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

> ഋതുരാജ് സിംഗിന്‍റെ സുഹൃത്തായ അമിത് ബേല്‍ നൗ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെയാണ് "ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം അന്തരിച്ചത്.

പാൻക്രിയാസിന്‍റെ ചികിത്സയ്ക്കായി കുറച്ച് കാലം മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ ഹൃദയസംബന്ധമായ ചില സങ്കീർണതകൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു'.

ബനേഗി അപ്‌നി ബാത്, ജ്യോതി, ഹിറ്റ്‌ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം തുടങ്ങി നിരവധി സീരിയലുകളില്‍ ഋതുരാജ് അഭിനയിച്ചിട്ടുണ്ട്.

ലഡോ 2 എന്ന ടിവി സീരിയലിൽ ബൽവന്ത് ചൗധരിയുടെ വേഷം ഏറെ ശ്രദ്ധേയമാണ്. ബദരീനാഥ് കി ദുൽഹനിയ (2017), തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചിത്രം. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനൽ, അഭയ്, ബന്ദിഷ് ബാൻഡിറ്റ്‌സ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 എന്നിവയുൾപ്പെടെ നിരവധി വെബ് സീരീസുകളുടെ ഭാഗമായിരുന്നു റിതുരാജ്.

മരണത്തിന് മുമ്പ് അനുപമ എന്ന സീരിയലിൽ യശ്പാൽ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/185944/television-actor-riturajsingh-passedaway)