---
title: "ജീവനൊടുക്കാന്‍ പലവട്ടം ഒരുങ്ങി; വെളിപ്പെടുത്തി  ഉര്‍ഫി ജാവേദ്‌  "
english_title: "Now Urfi is going viral on social media again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/18263/now-urfi-is-going-viral-on-social-media-again"
published_at: "2021-12-29T15:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc2bcbd9aab_urfi.jpg"
keywords: []
---

# ജീവനൊടുക്കാന്‍ പലവട്ടം ഒരുങ്ങി; വെളിപ്പെടുത്തി  ഉര്‍ഫി ജാവേദ്‌  

> **Lead Summary:** ബിഗ് ബോസ് ഒടിടിയിലൂടെ താരമായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. തന്റെ ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട് ഉര്‍ഫി. ഇപ്പോഴിതാ ഉര്‍ഫി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പക്ഷെ ഇത്തവണ ബോള്‍ഡ് ലുക്കിന്റെ പേരിലല്ല മറിച്ച് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയുന്നത്.

## Article Content

ബിഗ് ബോസ് ഒടിടിയിലൂടെ താരമായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. തന്റെ ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട് ഉര്‍ഫി. ഇപ്പോഴിതാ ഉര്‍ഫി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പക്ഷെ ഇത്തവണ ബോള്‍ഡ് ലുക്കിന്റെ പേരിലല്ല മറിച്ച് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയുന്നത്.

തന്റെ ഭൂതകാലത്തെക്കുറിച്ചാണ് ഉര്‍ഫി കുറിപ്പില്‍ സംസാരിക്കുന്നത്. ഹൃദയഭേദകമായ കുറിപ്പില്‍ താന്‍ ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഉര്‍ഫി വെളിപ്പെടുത്തുന്നുണ്ട്. തന്റെ ജീവിതത്തെക്കുറിച്ച് പലര്‍ക്കും അറിയാതിരുന്ന കാര്യങ്ങള്‍ ഉര്‍ഫി കുറിപ്പിലൂടെ തുറന്നു പറയുന്നുണ്ട്.

സിനിമാ ലോകത്ത് പരിചയക്കാരോ ഗോഡ് ഫാദര്‍മാരോ ഇല്ലാതിരുന്നതിനാല്‍ വളരെയധികം കഷ്ടപ്പാടുകള്‍ തുടക്കത്തില്‍ ഉര്‍ഫി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ താരം സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

ഉടനെ തന്നെ വലിയൊരു ബോളിവുഡ് ചിത്രത്തിലും ഉര്‍ഫിയെ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഉര്‍ഫി തന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഉര്‍ഫി പങ്കുവച്ചത്. ഇതോടൊപ്പം താരം പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

''ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എനിക്കത് എണ്ണാന്‍ പോലും സാധിക്കുന്നില്ല ഇപ്പോള്‍! പലപ്പോഴും ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള വഴി ജീവന്‍ അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതം ശരിക്കും പ്രശ്‌നഭരിതമായിരുന്നു. കരിയര്‍ പരാജയപ്പെട്ടു, റിലേഷന്‍ഷിപ്പുകള്‍ പരാജയപ്പെട്ടു, പണമില്ല. ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജമാണ് ഞാനെന്ന് തോന്നി.

ഇന്നും എനിക്ക് ഒരുപാട് പണമില്ല, സക്‌സസ്ഫുള്‍ ആയൊരു കരിയറില്ല, ഞാന്‍ സിംഗിളാണ്. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ന് ഞാന്‍ ജീവിച്ചിരിക്കാന്‍ ഒരേയൊരു കാരണം (എന്റെ ജീവിതത്തില്‍ പലപ്പോഴായി മരിക്കാന്‍ തോന്നിയ ഒരുപാട് ഘട്ടങ്ങളുണ്ടായിട്ടുണ്ട്) ഞാന്‍ നില്‍ക്കാന്‍ തയ്യാറായില്ല എന്നതാണ്.

ഞാന്‍ നടത്തം തുടര്‍ന്നു, ഇന്നും നടക്കുകയാണ്. എത്തേണ്ടയിടത്തായിരിക്കില്ല പക്ഷെ ഞാന്‍ ആ വഴിയിലാണ്. ഈ വര്‍ഷം അവസാനിക്കും മുമ്പ് ചെറിയൊരു പ്രചോദനം. എഴുന്നേല്‍ക്കു, പോരാടൂ, ആവര്‍ത്തിക്കൂ. നിങ്ങള്‍ക്ക് ചുറ്റുമുള്ള സാഹചര്യങ്ങളേക്കാള്‍ ശക്തി നിങ്ങള്‍ക്കുണ്ട്'' എന്നായിരുന്നു ഉര്‍ഫി കുറിച്ചത്.

നേരത്തെ ഒരു അഭിമുഖത്തില്‍ തനിക്ക് വീട്ടില്‍ നിന്നും ഒളിച്ചോടി പോരേണ്ടി വന്നതിനെക്കുറിച്ചും ഉര്‍ഫി വെളിപ്പെടുത്തിയിരുന്നു. ''ചെറിയ പ്രായത്തില്‍ തന്നെ വീട് വിട്ട് പോവുക എന്നതല്ലാതെ മറ്റൊരു ഓപ്ഷനും എനിക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ എന്റെ വീട്ടില്‍ നിന്നും ഞാന്‍ ഇറങ്ങി വരുമായിരുന്നില്ല.

എന്റെ അച്ഛന്റെ കാശില്‍ ജീവിച്ചേനെ. പണമില്ലാത്തതിനാല്‍ കിട്ടിയ ജോലി ചെറുതായാലും വലുതായാലും ചെയ്യുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല'' എന്നായിരുന്നു ഉര്‍ഫി പറഞ്ഞത്. തങ്ങളുടെ കുടുംബം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചോദനമായി മാറണമെന്നാണ് തനിക്ക് ആഗ്രഹമെന്നും ഉര്‍ഫി പറഞ്ഞിരുന്നു. ബേപ്പനാഹ് എന്ന പരിപാടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധിക്കപ്പെട്ടത്.

നേരത്തെ താന്‍ ഒരിക്കലുമൊരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ലെന്ന ഉര്‍ഫിയുടെ പ്രസ്താവനയും വിവാദമായി മാറിയിരുന്നു. ''ഞാനൊരു മുസ്ലിം പെണ്‍കുട്ടിയാണ്. എനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകളില്‍ അധികവും മുസ്ലീമുകളില്‍ നിന്നുമുള്ളതാണ്. ഞാന്‍ ഇസ്ലാമിന്റെ ഇമേജിനെ നശിപ്പിക്കുകയാണെന്ന് അവര്‍ പറയുന്നു.

മുസ്ലീം പുരുഷന്മാര്‍ തങ്ങളെ സ്ത്രീകളെക്കുറിച്ച് ചില ധാരണയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ വെറുക്കുന്നത്. അതിനാല്‍ ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കലും ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ല. ഞാന്‍ ഒരു മതവും പിന്തുടരുന്നില്ല. അതിനാല്‍ ഞാന്‍ പ്രണയിക്കുന്നയാളുടെ മതം എനിക്കൊരു പ്രശ്‌നമല്ല. എനിക്ക് ഇഷ്ടമുള്ളയാളെ ഞാന്‍ വിവാഹം കഴിക്കും'' എന്നായിരുന്നു ഉര്‍ഫി പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/18263/now-urfi-is-going-viral-on-social-media-again)