---
title: "#Swasika |ഇതുപോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം;കാല്‍തൊട്ട് വണങ്ങിയ പ്രേമിനെകുറിച്ച് സ്വാസിക "
english_title: "#Now #Swasika #posted #short #video #from #wedding."
publisher: "moviemax.in"
canonical_url: "https://moviemax.in/news/180463/now-swasika-posted-short-video-from-wedding"
published_at: "2024-01-29T16:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b786388a0fe_SWASIKA.jpg"
keywords: []
---

# #Swasika |ഇതുപോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം;കാല്‍തൊട്ട് വണങ്ങിയ പ്രേമിനെകുറിച്ച് സ്വാസിക 

> **Lead Summary:** കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി സ്വാസികയുടേയും നടന്‍ പ്രേം ജേക്കബിന്റേയും വിവാഹം. സിനിമയിലേയും ടെലിവിഷന്‍ രംഗത്തേയും നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. ബീച്ച് വെഡ്ഡിങ്ങിന് ശേഷം ഇരുവരും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി രണ്ട് റിസപ്ഷനുകളും സംഘടിപ്പിച്ചിരുന്നു.

## Article Content

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി സ്വാസികയുടേയും നടന്‍ പ്രേം ജേക്കബിന്റേയും വിവാഹം. സിനിമയിലേയും ടെലിവിഷന്‍ രംഗത്തേയും നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. ബീച്ച് വെഡ്ഡിങ്ങിന് ശേഷം ഇരുവരും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി രണ്ട് റിസപ്ഷനുകളും സംഘടിപ്പിച്ചിരുന്നു.

ദിലീപ്, സുരേഷ് ഗോപി, അനുശ്രീ, ശ്വേതാ മേനോന്‍ തുടങ്ങി ഒരു വന്‍താനിര തന്നെ വിവാഹത്തിനും റിസപ്ഷനുമായി എത്തിയിരുന്നു. വിവാഹത്തിന്റേയും സത്കാരത്തിന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോയും സ്വാസികയും പ്രേമും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തു.

ഇപ്പോഴിതാ വിവാഹത്തിനിടയില്‍ നിന്നുള്ള ചെറിയൊരു വീഡിയോയാണ് സ്വാസിക പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേമില്‍ നിന്ന് പുടവ സ്വീകരിച്ച സ്വാസിക ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങുന്നതും തിരിച്ച് പ്രേം സ്വാസികയുടെ കാല്‍തൊട്ട് വണങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.

പ്രേം തന്റെ കാല്‍ തൊടുന്നത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന സ്വാസിക അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 'എന്റെ പ്രേമിനെപ്പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും ലഭിക്കണം. എനിക്ക് കിട്ടിയത് ഒരു രത്‌നത്തെയാണ്' എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.

ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഭാര്യയെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്ന് ഇതിലൂടെ മനസിലാക്കാമെന്നായിരുന്നു ആരാധകരുടെ കമന്റ്.

ഇരുവരുടേയും വിവാഹത്തിന് പ്രത്യേക മതാചാര പ്രകാരമുള്ള ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. പുടവ അല്ലെങ്കില്‍ മന്ത്രകോടി കൊടുക്കുന്ന ചടങ്ങ് ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളതാണെന്നും അതുകൊണ്ട് ആ ചടങ്ങ് വിവാഹത്തിനുണ്ടാകുമെന്നും സ്വാസിക നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വിവാഹശേഷമുള്ള രസകരമായ ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി സ്വാസിക പങ്കുവെച്ചിരുന്നു. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തന്റെ തലയിലെ മുല്ലപ്പൂവും വെപ്പ് മുടിയും അഴിച്ചു മാറ്റാന്‍ സഹായിക്കുന്ന പ്രേമിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് 'നിങ്ങള്‍ക്ക് എത്രത്തോളം ക്ഷമയുണ്ടെന്ന് ഞാനൊന്ന് അറിയട്ടെ' എന്നാണ് സ്വാസിക കുറിച്ചത്. 'ഭര്‍ത്താവുദ്യോഗം തുടങ്ങി' എന്നുപറഞ്ഞ് പ്രേമും ഈ റീല്‍ ഷെയര്‍ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/180463/now-swasika-posted-short-video-from-wedding)