---
title: "#santhwanam | അടിച്ചുമാറ്റി അല്ലേ....ഒരമ്മ പെറ്റ സിനിമയും സീരിയലും ആണെന്നെ പറയൂ; ചർച്ചയായി സാന്ത്വനം"
english_title: "#socialmedia #says #super #hit #film #vatsalyams #climax #santhwanam #team #copied"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180439/socialmedia-says-super-hit-film-vatsalyams-climax-santhwanam-team-copied"
published_at: "2024-01-29T15:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7787876995_swanthanam.jpg"
keywords: []
---

# #santhwanam | അടിച്ചുമാറ്റി അല്ലേ....ഒരമ്മ പെറ്റ സിനിമയും സീരിയലും ആണെന്നെ പറയൂ; ചർച്ചയായി സാന്ത്വനം

> **Lead Summary:** **മല**യാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത് വന്നിരുന്ന സീരിയലായ സാന്ത്വനത്തിന് വലിയ ആരാധക പിന്തുണയുമുണ്ട്. പ്രേക്ഷകരെ നിരാശരാക്കി സാന്ത്വനം സീരിയല്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ബാലകൃഷ്‍ണൻ പിള്ളയുടെയും ഭാര്യ ശ്രീദേവിയുടെയുംഅവരുടെ സഹോദരങ്ങളുടെയും കഥയായിരുന്നു സാന്ത്വനത്തിന്റെ പ്രമേയം.

## Article Content

**മല**യാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത് വന്നിരുന്ന സീരിയലായ സാന്ത്വനത്തിന് വലിയ ആരാധക പിന്തുണയുമുണ്ട്. പ്രേക്ഷകരെ നിരാശരാക്കി സാന്ത്വനം സീരിയല്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ബാലകൃഷ്‍ണൻ പിള്ളയുടെയും ഭാര്യ ശ്രീദേവിയുടെയുംഅവരുടെ സഹോദരങ്ങളുടെയും കഥയായിരുന്നു സാന്ത്വനത്തിന്റെ പ്രമേയം.

ബാലനെ രാജീവ് പരമേശ്വരനാണ് സാന്ത്വനം സീരിയലില്‍ അവതരിപ്പിച്ചിരുന്നത്. ശ്രീദേവിയായി ചിപ്പി രഞ്‍ജിത്തും വേഷമിട്ടു. സഹോദരങ്ങള്‍ക്കായി ജീവിക്കുന്നവരാണ് ശ്രീദേവിയും ബാലനും. സഹോദരൻമാരോടുള്ള സ്‍നേഹം കുറയാതിരിക്കാൻ ബാലൻ തനിക്ക് മക്കള്‍ വേണ്ടെന്ന് തീരുമാനിക്കുന്നു. ശ്രീദേവിയും അത് സമ്മതിക്കുന്നു. 

പിന്നീടങ്ങോട്ട് ഇരുവരുടെയും ജീവിതം മൂന്ന് സഹോദരന്മാർക്ക് വേണ്ടിയായിരുന്നു. എന്നാൽ അവർ വിവാഹിതരായി കുടുംബസ്ഥരായതോടെ സാന്ത്വനം കുടുംബത്തിൽ സ്വത്തുമായി ബന്ധപ്പെട്ട് അടക്കം പ്രശ്നങ്ങൾ ഉണ്ടാവുകയും ബാലനും ദേവിയും എല്ലാ സ്വത്തും സഹോദരങ്ങൾ നൽകി വീടുവിട്ട് പോവുകയുമായിരുന്നു. 

സീരിയൽ ക്ലൈമാക്സിനോട് അടുത്തപ്പോഴാണ് ബാലനും ദേവിയും വീട് വിട്ട് പോയത്. തങ്ങളുടെ വല്യേട്ടനെയും വല്ല്യേട്ടത്തിയേയും അന്വേഷിച്ച് സഹോദരങ്ങൾ പോകുന്നതും പിന്നീട് തമിഴ്നാട്ടിലെ ഒരു ക്ഷേത്ര പരിസരത്ത് വെച്ച് അവരെ കണ്ടുമുട്ടുന്നതുമായിരുന്നു ക്ലൈമാക്സ്. ക്ലൈമാക്സ് നിര്‍ണായകമായേക്കുമെന്നുള്ള സൂചന പ്രമോയിലൂടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ പ്രേക്ഷകർക്ക് കൊടുത്തിരുന്നു. 

അതുകൊണ്ട് തന്നെ പ്രിയപ്പെട്ട പരമ്പരയുടെ ക്ലൈമാക്സ് കാണാൻ പ്രേക്ഷകരും ആകാംഷയിലായിരുന്നു. ഇപ്പോഴും സാന്ത്വനത്തിന്റെ ക്ലൈമാക്സ് എപ്പിസോ‍ഡ് സോഷ്യൽമീഡിയയിൽ വൈറലാണ്. തമിഴ്നാട്ടിലെ ഒരു ക്ഷേത്ര പരിസരത്ത് വെച്ച് ബാലനേയും ദേവിയേയും കണ്ടെത്തിയ ഹരിയും ശിവനും കണ്ണനും അവരെ തിരികെ സാന്ത്വനത്തിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിൽ സ്ഥിരമായി താമസിക്കാൻ കൂട്ടാക്കിയില്ല ബാലനും ദേവിയും.

ഇടയ്ക്ക് വരാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിടുകയാണ് ചെയ്തത്. മാത്രമല്ല കുടുംബസമേതം തങ്ങളെ കാണാൻ ഇടയ്ക്കിടെ വരണമെന്നും ബാലനും ദേവിയും അനിയന്മാരോട് പറയുന്നുണ്ട്. മൂന്ന് സ​ഹോദരന്മാരും തങ്ങളെ അന്വേഷിച്ച് വന്നതിന്റെ സന്തോഷം പരസ്പരം ബാലനും ദേവിയും പങ്കുവെക്കുമ്പോഴാണ് സീരിയൽ അവസാനിക്കുന്നത്. 

ക്ലൈമാക്സ് വൈറലായതോടെ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കുടുംബചിത്രം വാത്സല്യത്തിന്റെ ക്ലൈമാക്സുമായി നല്ല സാമ്യതയുണ്ടെന്ന് പറഞ്ഞ് ട്രോളുകളും മീമുകളും ഇറക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. ഡയലോ​ഗ് പോലും ഒരുപോലെയാണെന്നും ചെറിയ മാറ്റങ്ങൾ മാത്രമെ ഉള്ളുവെന്നും പ്രേക്ഷകർ കുറിക്കുന്നു.

സഹോദരങ്ങൾ കൂടിപോയെന്നെയുള്ളു ബാക്കിയെല്ലാം വാത്സല്യം തന്നെ എന്നാണ് സാന്ത്വനത്തിന്റെ ക്ലൈമാക്സും വാത്സല്യത്തിന്റെ ക്ലൈമാക്സും ചേർത്തുവെച്ചുള്ള വീഡിയോയ്ക്ക് ഏറെയും ലഭിച്ച കമന്റുകൾ. സെയിം സെയിം ബട്ട് ഡിഫറന്റ്..., അടിച്ചുമാറ്റി അല്ലേ, ഒരമ്മ പെറ്റ സിനിമയും സീരിയലും ആണെന്നെ പറയൂ, സമ്മതിച്ച് തരില്ല... സാന്ത്വനത്തിൽ നിന്നും കോപ്പി അടിച്ചതാണ് വാത്സല്യമെന്ന് പറയാൻ പറഞ്ഞു. 

ക്ലൈമാക്സ് കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയെന്ന് തോന്നുന്നു, കോപ്പി അടിച്ചാലും വേണ്ടില്ല... ഗുളിക ബോംബ് പൊട്ടിത്തെറിച്ചില്ലല്ലോ, വാത്സല്യം സെക്കന്റ് പാർട്ട് ഉണ്ടായിരുന്നുവെങ്കിൽ സാന്ത്വനം ഇപ്പോഴൊന്നും അവസാനിക്കില്ലായിരുന്നു എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് സാന്ത്വനം ക്ലൈമാക്സിനെ ട്രോളിക്കൊണ്ട് പ്രേക്ഷകർ കുറിച്ചത്.

തമിഴില്‍ വൻ ഹിറ്റായി മാറിയ സീരിയല്‍ പാണ്ഡ്യൻ സ്റ്റോഴ്‍സിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍തിരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ടതായ സാന്ത്വനം. മലയാളത്തില്‍ സാന്ത്വനം എന്ന സീരിയല്‍ സംവിധാനം ചെയ്‍തിരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ആദിത്യനായിരുന്നു. സംവിധായകൻ ആദിത്യന്റെ അകാല മരണം സീരിയലിന്റെ പ്രേക്ഷകരെ മാത്രമല്ല കേരളത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആദിത്യൻ മരിച്ചത്. നടി ചിപ്പിയുടെ ഭർത്താവ് എം.രഞ്‍ജിത്താണ് സാന്ത്വനം എന്ന സീരിയലിന്റെ നിര്‍മാണം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/180439/socialmedia-says-super-hit-film-vatsalyams-climax-santhwanam-team-copied)