---
title: "സുരേഷ്ബാബു നന്ദനയ്ക്ക് പി.ജെ ആൻ്റണി സ്മാരക ദേശീയ അവാർഡ്"
english_title: "PJ Antony Memorial National Award for Sureshbabu Nandana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18030/pj-antony-memorial-national-award-for-sureshbabu-nandana"
published_at: "2021-12-27T20:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9d3c3366ca_suresh.jpg"
keywords: []
---

# സുരേഷ്ബാബു നന്ദനയ്ക്ക് പി.ജെ ആൻ്റണി സ്മാരക ദേശീയ അവാർഡ്

> **Lead Summary:** **കോഴിക്കോട് :** മികച്ച കലാസംവിധായകനുള്ള പതിമൂന്നാമത് ഭരത് പി.ജെ ആൻ്റണി പുരസ്കാരം ലഭിച്ച സുരേഷ്ബാബു നന്ദനയ്ക്ക് ഇത് അഭിമാന നിമിഷം. ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച കലാസംവിധായകനുള്ള അവാർഡാണ് കോഴിക്കോട് ജില്ലയിൽ കക്കട്ടിൽ സ്വദേശിയായ സുരേഷ് ബാബു നന്ദന കരസ്ഥമാക്കിയത്.

## Article Content

**കോഴിക്കോട് :** മികച്ച കലാസംവിധായകനുള്ള പതിമൂന്നാമത് ഭരത് പി.ജെ ആൻ്റണി പുരസ്കാരം ലഭിച്ച സുരേഷ്ബാബു നന്ദനയ്ക്ക് ഇത് അഭിമാന നിമിഷം. ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച കലാസംവിധായകനുള്ള അവാർഡാണ് കോഴിക്കോട് ജില്ലയിൽ കക്കട്ടിൽ സ്വദേശിയായ സുരേഷ് ബാബു നന്ദന കരസ്ഥമാക്കിയത്.

ബൈജു രാജ് ചേകവർ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൻ്റെ കലാസംവിധാനത്തിനാണ് പ്രസ്തുത അവാർഡ് .നല്ല നടിയായി ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രശസ്ത നടി ശിബിലയും സ്പെഷൽ ജൂറി പുരസ്കാരത്തിന് ബൈജു രാജ് ചേകവരും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തലശ്ശേരി സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് സുരേഷ് ബാബു ഫൈനാട്സ് പഠനം പൂർത്തിയാക്കിയത്. നിരവധി മലയാളം തമിഴ് ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ധബാരി ക്യൂരിവി, മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്നീ ചിത്രങ്ങളുടെ പിന്നണിയിലും സുരേഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരി ക്യൂരിവി എന്ന ഇരുള ഭാഷ ചിത്രത്തിൻ്റെ കലാസംവിധായകൻ സുരേഷ് ബാബു ആണ് . ധബാരി ക്യൂരുവിക്ക് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഗോത്രഭാഷക്കാർ മാത്രം അഭിനയിച്ച ചിത്രം എന്ന സവിശേഷതയുമുണ്ട്.

2019 ൽ ഫിലിം ക്രിറ്റിക്സ് അവാർഡ് നേടിയ ടി.വി ചന്ദ്രൻ്റെ പെങ്ങളില എന്ന സിനിമയിൽ സെറ്റുകൾക്കാവശ്യമായ സ്കെച്ചുകൾ വരച്ച് ഈ കലാകാരൻ ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. 2020ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ 3 അവാർഡുകൾ കരസ്ഥമാക്കിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന്റെ പിന്നണിയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സുരേഷ് ബാബു നന്ദനയ്ക്ക് ലഭിച്ച ഈ അംഗീകാരത്തെ ഏറെ സന്തോഷത്തോടെയാണ് സിനിമാലോകം സ്വീകരിക്കുന്നത്. ഈ മാസം ഡിസമ്പർ 30 ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നടക്കും. മികച്ചചിത്രകാരൻ കൂടിയായ സുരേഷ് ബാബു നന്ദന നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

നിരവധി പരസ്യ ചിത്രങ്ങൾക്ക് ഇദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.സിനിമാരംഗത്ത് സെറ്റുകളുടെ ഡ്രോയിംഗ്, സ്റ്റോറി ബോർഡ് ക്യാരക്ടർ മെയ്ക്ഓവർ എന്നീ മേഖലകളിലും ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു.ഭാര്യ ലിജിന, നന്ദന എസ് ബാബു, നന്ദജ് എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18030/pj-antony-memorial-national-award-for-sureshbabu-nandana)