---
title: "#MalaikottaiVaaliban | നെഗറ്റീവ് പ്രതികരണങ്ങളെ തൂക്കിയടിച്ച് വാലിബൻ; ആദ്യദിനത്തിൽ മികച്ച കളക്ഷൻ "
english_title: "#Valiban #hangs #negative #responses #Best #collection #day #one"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179782/valiban-hangs-negative-responses-best-collection-day-one"
published_at: "2024-01-26T21:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3da1851275_valiban.jpg"
keywords: []
---

# #MalaikottaiVaaliban | നെഗറ്റീവ് പ്രതികരണങ്ങളെ തൂക്കിയടിച്ച് വാലിബൻ; ആദ്യദിനത്തിൽ മികച്ച കളക്ഷൻ 

> **Lead Summary:** **[ മോ**ഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഏറെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിനെത്തിയത്. റിലീസിന് പിന്നാലെ സിനിമയ്ക്ക് ചില കോണുകളിൽ നിന്ന് നെഗറ്റീവ് പ്രതികരണങ്ങൾ നേരിട്ടിരുന്നു.

## Article Content

**[ മോ**ഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഏറെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിനെത്തിയത്. റിലീസിന് പിന്നാലെ സിനിമയ്ക്ക് ചില കോണുകളിൽ നിന്ന് നെഗറ്റീവ് പ്രതികരണങ്ങൾ നേരിട്ടിരുന്നു.

എന്നാൽ അതൊന്നും സിനിമയുടെ ആദ്യ ദിന കളക്ഷൻ ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 6.5 കോടിയ്ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയതായി സാച്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിന കളക്ഷന്റെ സിംഹഭാഗവും കേരളത്തിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം 5.8 കോടി നേടി. ഇതോടെ സംസ്ഥാനത്ത് നിന്ന് ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനിൽ അഞ്ചാം സ്ഥാനത്തേക്ക് വാലിബൻ എത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് 14 ലക്ഷവും കർണാടകയിൽ നിന്ന് 35 ലക്ഷവുമാണ് സിനിമ ആദ്യ ദിനത്തിൽ നേടിയത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 35 ലക്ഷം രൂപയും വാലിബൻ നേടി. രാവിലെ 6.30 യോടെയാണ് സിനിമ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ 59.81 ശതമാനം ഒക്യൂപൻസിയാണ് സിനിമയ്ക്ക് ലഭിച്ചത്. അവധി ദിനവും വാരാന്ത്യവുമായതിനാൽ അടുത്ത ദിവസങ്ങളിൽ സിനിമയുടെ കളക്ഷന് അത് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/179782/valiban-hangs-negative-responses-best-collection-day-one)