---
title: "ബോളിവുഡ് സൂപ്പര്‍താരമായ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു"
english_title: "Bollywood superstar Salman Khan has been bitten by a snake."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17849/bollywood-superstar-salman-khan-has-been-bitten-by-a-snake"
published_at: "2021-12-26T15:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c8390446ab9_salman.jpg"
keywords: []
---

# ബോളിവുഡ് സൂപ്പര്‍താരമായ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു

> **Lead Summary:** ബോളിവുഡ് സൂപ്പര്‍താരമായ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു. പന്‍വേലിലെ തന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു സല്‍മന് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി മൂന്ന് മണിയോടെയായിരുന്നു സംഭവം. പാമ്പുകടിയേറ്റ സല്‍മാന്‍ ഖാനെ ഉടനെ തന്നെ എംജിഎം ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

## Article Content

ബോളിവുഡ് സൂപ്പര്‍താരമായ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു. പന്‍വേലിലെ തന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു സല്‍മന് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി മൂന്ന് മണിയോടെയായിരുന്നു സംഭവം. പാമ്പുകടിയേറ്റ സല്‍മാന്‍ ഖാനെ ഉടനെ തന്നെ എംജിഎം ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

മൂന്ന് മണിക്കൂറോളം താരത്തെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കിടത്തിയ ശേഷാണ് വിട്ടയച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ചികിത്സയ്ക്ക ശേഷം സല്‍മാന്‍ ഖാന്‍ തന്റെ ഫാം ഹൗസിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാനെ കടിച്ചത് വിഷമില്ലാത്ത പാമ്പാണ്. എങ്കിലും താരത്തെ ഒബ്‌സര്‍വേഷനില്‍ വച്ചിരിക്കകുയായിരുന്നു. താരത്തിന് ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഫാം ഹൗസിലെത്തി വിശ്രമിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. നാളെയാണ് സല്‍മാന്‍ ഖാന്റെ ജന്മദിനം.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നേരത്തെ പ്രതീക്ഷിച്ചത് പോലൊരു പാര്‍ട്ടി നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍  പറയുന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമുള്ളതായിരിക്കും ബര്‍ത്ത് ഡേ പാര്‍ട്ടി.

നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് സല്‍മാനും കുടുംബവും താമസിച്ചിരുന്നത് ഈ ഫാം ഹൗസിലായിരുന്നു. സല്‍മാന്റെ സഹോദരി അര്‍പിത ഖാന്റെ പേരിലുള്ളതാണ് ഫാം ഹൗസ്. നേരത്തെ ഫാം ഹൗസില്‍ കൃഷി ചെയ്യുന്നതിന്റേയും മറ്റും വീഡിയോകളും ചിത്രങ്ങളുമെല്ലാം സല്‍മാന്‍ ഖാന്‍ പങ്കുവച്ചിരുന്നു.

ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റുവെന്ന വാര്‍ത്ത ആദ്യം ആരാധകരെ ഭയപ്പെടുത്തുന്നതായിരുന്നു. തങ്ങളുടെ താരത്തിന്റെ ആരോഗ്യത്തിനായി അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ അപകടമൊഴിവായതിന്റെ ആശ്വാസത്തിലാണ് സല്‍മാന്റെ ആരാധകര്‍.

ടൈഗര്‍ പരമ്പരയിലെ മൂന്നാം ഭാഗമാണ് സല്‍മാന്‍ ഖാന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. കത്രീന കൈഫാണ് മൂന്നാം ഭാഗത്തിലും നായിക. കത്രീനയുടെ വിവാഹത്തിന് മുമ്പായി ചിത്രത്തിന്റെ വലിയൊരു പങ്ക് ചിത്രീകരണവും പൂര്‍ത്തിയായിരുന്നു. റഷ്യ, ഓസ്ട്രിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/17849/bollywood-superstar-salman-khan-has-been-bitten-by-a-snake)