---
title: "#Thangamani | ‘തങ്കമണി’ സിനിമയിലെ സാങ്കൽപ്പിക ബലാൽസംഗ രംഗങ്ങൾ ഒഴിവാക്കണം; ഹർജി ഹൈക്കോടതി പരിഗണിക്കും "
english_title: "#Fictional #rape #scenes #movie #Thangamani #avoided #petition #considered #HighCourt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178181/fictional-rape-scenes-movie-thangamani-avoided-petition-considered-highcourt"
published_at: "2024-01-20T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6bd6eea43_thankamani.jpg"
keywords: []
---

# #Thangamani | ‘തങ്കമണി’ സിനിമയിലെ സാങ്കൽപ്പിക ബലാൽസംഗ രംഗങ്ങൾ ഒഴിവാക്കണം; ഹർജി ഹൈക്കോടതി പരിഗണിക്കും 

> **Lead Summary:** **[ ‘ത**ങ്കമണി’ സിനിമയിൽ നിന്ന് സാങ്കൽപ്പിക ബലാൽസംഗ രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി. 1986- ലെ തങ്കമണി സംഭവത്തിന്റെ വികലമായ ചിത്രീകരണമാണ് ടീസറിൽ വ്യക്തമാകുന്നതെന്നാണ് ഹർജിയിലെ ആരോപണം.

## Article Content

**[ ‘ത**ങ്കമണി’ സിനിമയിൽ നിന്ന് സാങ്കൽപ്പിക ബലാൽസംഗ രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി. 1986- ലെ തങ്കമണി സംഭവത്തിന്റെ വികലമായ ചിത്രീകരണമാണ് ടീസറിൽ വ്യക്തമാകുന്നതെന്നാണ് ഹർജിയിലെ ആരോപണം.

അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി ആർ വിജുവാണ് ഹർജി നൽകിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിൽ നിന്ന് ഇത്തരം രംഗങ്ങൾ ചിത്രത്തിലുള്ളതായി വ്യക്തമാകുന്നതെന്നാണ് ഹർജിയിൽ പറയുന്നത്.

നാട്ടിലെ പുരുഷന്മാർ വയലിൽ ഒളിഞ്ഞിരിക്കുന്നതും സ്ത്രീകളെ പൊലീസ് മാനംഭംഗപ്പെടുത്തുന്നതും ടീസറിൽ കാണുന്നുണ്ട്. തങ്കമണിയിൽ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ല. തെളിവുകളില്ലാതെ ഇത്തരം സംഭവങ്ങൾ നടന്നുവെന്ന് കാണിക്കുന്നത് ‘തങ്കമണി’ ഗ്രാമവാസികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കും.

പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകൾ നഷ്ടമായതുമാണ് യാഥാർഥ്യം. വിദ്യാർഥികളും ‘എലൈറ്റ്’ എന്ന സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.

ഇതല്ലാതെ മറ്റ് മാനങ്ങൾ നൽകിയുള്ള ചിത്രീകരണം തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണെന്നും ഇത് മൗലികാവകാശ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഹർജി അടുത്തയാഴ്ച പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/178181/fictional-rape-scenes-movie-thangamani-avoided-petition-considered-highcourt)