---
title: "#Mohanlal | കാത്തിരിപ്പിന് അവസാനം; പ്രഖ്യാപനവുമായി മോഹൻലാൽ "
english_title: "#wait #over #Mohanlal #announcement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177740/wait-over-mohanlal-announcement"
published_at: "2024-01-18T16:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8fe806af1b_vaaliban.jpg"
keywords: []
---

# #Mohanlal | കാത്തിരിപ്പിന് അവസാനം; പ്രഖ്യാപനവുമായി മോഹൻലാൽ 

> **Lead Summary:** **[ മ**ലയാളി സിനിമാപ്രേമികൾ ഇത്രയധികം ആവേശത്തോടെ സമീപകാലത്ത് ഒരു ചിത്രത്തിനായും കാത്തിരുന്നിട്ടില്ല, മലൈക്കോട്ടൈ വാലിബൻ പോലെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്നതുതന്നെയാണ് ചിത്രത്തിൻറെ യുഎസ്‍പി.

## Article Content

**[ മ**ലയാളി സിനിമാപ്രേമികൾ ഇത്രയധികം ആവേശത്തോടെ സമീപകാലത്ത് ഒരു ചിത്രത്തിനായും കാത്തിരുന്നിട്ടില്ല, മലൈക്കോട്ടൈ വാലിബൻ പോലെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്നതുതന്നെയാണ് ചിത്രത്തിൻറെ യുഎസ്‍പി.

എല്ലായ്പ്പോഴും പ്രേക്ഷകരെ സർപ്രൈസ് ചെയ്യിക്കാറുള്ള ലിജോയും ദി കംപ്ലീറ്റ് ആക്റ്ററും ഒത്തുചേരുമ്പോൾ അത്ഭുതത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് ഒരു പ്രധാന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിൻറെ ട്രെയ്‍ലർ റിലീസ് സംബന്ധിച്ചാണ് അത്.

ട്രെയ്‍ലർ എപ്പോൾ എത്തും എന്ന ചോദ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 7.30 ന് ട്രെയ്‍ലർ എത്തും. ആവേശത്തോടെയാണ് ട്രെയ്‍ലർ റിലീസിം​ഗ് പ്രഖ്യാപനം ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

ടീസർ അടക്കം ചിത്രത്തിൻറെ പബ്ലിസിറ്റി മെറ്റീരിയലുകൾക്കൊക്കെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

130 ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ജനുവരി 25 നാണ് ചിത്രത്തിൻറെ റിലീസ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും മികച്ച സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തുക. യൂറോപ്പിൽ 35 ൽ അധികം രാജ്യങ്ങളിൽ ചിത്രം എത്തുമെന്ന് നേരത്തേ റിപ്പോർട്ടുകൾ എത്തിയിരുന്നു.

യുഎസിൽ 39 സംസ്ഥാനങ്ങളിലെ 146 നഗരങ്ങളിലും ചിത്രം എത്തും. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/177740/wait-over-mohanlal-announcement)