---
title: "#Mammootty | പുതുവർഷത്തിൽ 11 ദിവസത്തിനകം രണ്ട് വേഷപ്പകർച്ചകൾ; 2024 ലും ഞെട്ടിക്കാൻ മമ്മൂട്ടി "
english_title: "#Two #disguises #days #NewYear #Mammootty #shock #2024 #too"
publisher: "moviemax.in"
canonical_url: "https://moviemax.in/news/176252/two-disguises-days-newyear-mammootty-shock-2024-too"
published_at: "2024-01-12T11:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0dbc2f3e1b_mammootty.jpg"
keywords: []
---

# #Mammootty | പുതുവർഷത്തിൽ 11 ദിവസത്തിനകം രണ്ട് വേഷപ്പകർച്ചകൾ; 2024 ലും ഞെട്ടിക്കാൻ മമ്മൂട്ടി 

> **Lead Summary:** **[ ന**വാഗത സംവിധായകർക്കൊപ്പം ഏറ്റവുമധികം തവണ പ്രവർത്തിച്ചിട്ടുള്ള താരം ആരെന്ന ചോദ്യത്തിന് മലയാളികളെ സംബന്ധിച്ച് ഏറെയൊന്നും ആലോചിക്കേണ്ടതില്ല. മമ്മൂട്ടിയാണ് അത്.

## Article Content

**[ ന**വാഗത സംവിധായകർക്കൊപ്പം ഏറ്റവുമധികം തവണ പ്രവർത്തിച്ചിട്ടുള്ള താരം ആരെന്ന ചോദ്യത്തിന് മലയാളികളെ സംബന്ധിച്ച് ഏറെയൊന്നും ആലോചിക്കേണ്ടതില്ല. മമ്മൂട്ടിയാണ് അത്.

തന്നിലെ നടന് വെല്ലുവിളി സൃഷ്ടിക്കുന്ന, വളർച്ചയുണ്ടാക്കുന്ന കഥാപാത്രങ്ങൾക്കായുള്ള അന്വേഷണം കരിയറിൻറെ തുടക്കം മുതൽ അദ്ദേഹം നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന മമ്മൂട്ടി. 2022, 2023 വർഷങ്ങളിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളിലൊരാൾ മമ്മൂട്ടിയാണ്.

പുതുവർഷത്തിലും ഞെട്ടിക്കൽ തുടരുകയാണ് അദ്ദേഹം. 2024 പിറന്ന് വെറും 11 ദിവസങ്ങൾക്കകം അദ്ദേഹത്തിൻറെ പുതിയ രണ്ട് വേഷപ്പകർച്ചകളാണ് മലയാളികൾ കണ്ടത്. ഒന്ന് ജയറാം നായകനായ അബ്രഹാം ഓസ്‍ലറിലെ അതിഥിവേഷവും മറ്റൊന്ന് വരാനിരിക്കുന്ന ഭ്രമയുഗത്തിലെ കഥാപാത്രവും.

അബ്രഹാം ഓസ്‍ലർ ഇന്നലെ തിയറ്ററുകളിൽ എത്തിയെങ്കിൽ ഭ്രമയുഗത്തിൻറെ കാഴ്ചയ്ക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ചിത്രത്തിൻറെ ടീസറിലൂടെത്തന്നെ കാത്തിരിപ്പ് ഏറ്റിയിട്ടുണ്ട് മമ്മൂട്ടി. ഓസ്‍ലർ തിയറ്ററിലെത്തിയ ഇന്നലെത്തന്നെ ആയിരുന്നു ഭ്രമയുഗത്തിൻറെ ടീസറും പുറത്തെത്തിയത്.

അബ്രഹാം ഓസ്‍ലറിൻറെ തിയറ്റർ സ്വീകാര്യതയിൽ ഒരു വലിയ ഘടകം മമ്മൂട്ടിയുടെ അതിഥിവേഷമാണ്. ഗസ്റ്റ് അപ്പിയറൻസ് ആണെങ്കിലും കഥയുടെ കേന്ദ്ര സ്ഥാനത്താണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അലക്സാണ്ടർ എന്ന കഥാപാത്രം. മമ്മൂട്ടിയുടെ ഇൻട്രോ സീനിൽ തിയറ്ററിൽ നിറഞ്ഞുകേട്ട കൈയടികൾ ഈ താരത്തിൻറെ തെരഞ്ഞെടുപ്പുകൾക്ക് പ്രേക്ഷകർ നൽകുന്ന അംഗീകാരമാണ്.

മമ്മൂട്ടിയിൽ നിന്ന് എന്തും പ്രതീക്ഷിക്കാമെന്ന ധാരണ ഇപ്പോൾ മലയാളി പ്രേക്ഷകർക്കുണ്ട്. ഭ്രമയുഗത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച രാഹുൽ സദാശിവനാണ് ചിത്രത്തിൻറെ സംവിധാനം.

രാഹുൽ സദാശിവൻ തന്നെ തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രത്തിൻറെ സംഭാഷണരചന ടി ഡി രാമകൃഷ്ണനാണ്. ഇന്നലെ പുറത്തെത്തിയ ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും വോയ്സ് മോഡുലേഷനുമൊക്കെ സിനിമാപ്രേമികൾക്കിടയിൽ ഇതിനകം ചർച്ചയായിട്ടുണ്ട്.

പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഹൊറർ ത്രില്ലർ ആണ്. നവാ​ഗതനായ ഡിനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക, മിഥുൻ മാനുവൽ തോമസിൻറെ തന്നെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വർഷം തിയറ്ററുകളിലെത്താനിരിക്കുന്ന മലയാളം ചിത്രങ്ങൾ. തെലുങ്കിൽ ജീവ നായകനാവുന്ന യാത്ര 2 ലും മമ്മൂട്ടിക്ക് ഒരു പ്രധാന വേഷമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/176252/two-disguises-days-newyear-mammootty-shock-2024-too)