---
title: "#Osler | ജയറാമിൻറെ തിരിച്ചുവരവോ? അഡ്വാൻസ് ബുക്കിംഗിലൂടെ 'ഓസ്‍ലർ' ഇതുവരെ നേടിയത് "
english_title: "#Jayaram #return #Osler #achieved #far #through #advance #bookings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175879/jayaram-return-osler-achieved-far-through-advance-bookings"
published_at: "2024-01-10T17:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e89247a490_osler.jpg"
keywords: []
---

# #Osler | ജയറാമിൻറെ തിരിച്ചുവരവോ? അഡ്വാൻസ് ബുക്കിംഗിലൂടെ 'ഓസ്‍ലർ' ഇതുവരെ നേടിയത് 

> **Lead Summary:** **[ കാ**ലത്തിനൊപ്പം മാറുന്ന പ്രേക്ഷകാഭിരുചികൾക്കനുസരിച്ച് സഞ്ചരിക്കുക എന്നത് ഏത് സിനിമാതാരവും നേരിടുന്ന വെല്ലുവിളിയാണ്. അതിൽ വിജയിക്കുന്നവരാണ് ജനപ്രീതിയും വിജയങ്ങളുമൊക്കെ തുടരുന്നത്. മലയാളി സിനിമാപ്രേമികൾ അത്തരത്തിൽ ആഗ്രഹിക്കുന്ന തിരിച്ചുവരവുകളിലൊന്നാണ് ജയറാമിൻറേത്.

## Article Content

**[ കാ**ലത്തിനൊപ്പം മാറുന്ന പ്രേക്ഷകാഭിരുചികൾക്കനുസരിച്ച് സഞ്ചരിക്കുക എന്നത് ഏത് സിനിമാതാരവും നേരിടുന്ന വെല്ലുവിളിയാണ്. അതിൽ വിജയിക്കുന്നവരാണ് ജനപ്രീതിയും വിജയങ്ങളുമൊക്കെ തുടരുന്നത്. മലയാളി സിനിമാപ്രേമികൾ അത്തരത്തിൽ ആഗ്രഹിക്കുന്ന തിരിച്ചുവരവുകളിലൊന്നാണ് ജയറാമിൻറേത്.

മിഥുൻ മാനുവൽ തോമസ് ചിത്രം ഓസ്‍ലറിലൂടെ അത് സംഭവിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ ആ പ്രതീക്ഷ ഉണ്ടാക്കുന്നതാണ്. പ്രമുഖ ട്രാക്കർമാരായ ഫ്രൈഡേ മാറ്റിനിയുടെ കണക്കനുസരിച്ച് ട്രാക്ക് ചെയ്ത 741 ഷോകളിൽ നിന്ന് വിറ്റിരിക്കുന്നത് 35,740 ടിക്കറ്റുകളാണ്.

ഇതിൽ നിന്ന് ലഭിക്കുന്ന ഗ്രോസ് 55.83 ലക്ഷം രൂപയാണ്. ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണ് ഇത്. മൂന്ന് മണി വരെയുള്ള തങ്ങളുടെ ട്രാക്കിംഗ് സംഖ്യകൾ വാട്ട് ദി ഫസ് പുറത്തുവിട്ടിട്ടുണ്ട്. 629 ഷോകളാണ് അവർ ട്രാക്ക് ചെയ്തിരിക്കുന്നത്. അതിൽ നിന്ന് വിറ്റത് 36,613 ടിക്കറ്റുകൾ.

കളക്ഷൻ 57.28 ലക്ഷം. ഇന്നലെ മാത്രമാണ് ചിത്രത്തിൻറെ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ചത്. വൈകിട്ടോടെയാണ് ഏതാണ് എല്ലാ റിലീസ് സെൻററുകളിലെയും ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയത്. ഒരു ജയറാം ചിത്രത്തെ സംബന്ധിച്ച് മികച്ച ബുക്കിംഗ് ആണിത്. ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷകപ്രതീക്ഷ വ്യക്തമാക്കുന്നതാണ് ബുക്കിംഗ്.

ആദ്യ ഷോകൾക്ക് ഇപ്പുറം ഉണ്ടാവുന്ന അഭിപ്രായം പോസിറ്റിവ് ആണെങ്കിൽ ചിത്രം ബോക്സ് ഓഫീസിൽ കുതിക്കും എന്നത് ഉറപ്പാണ്. മിഥുൻ മാനുവൽ തോമസിൻറെ അവസാന ചിത്രം അഞ്ചാം പാതിരാ തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുന്ന ജയറാമിനൊപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും സിനിമാപ്രേമികളുടെ ആവേശം ഇരട്ടിപ്പിക്കുന്ന ഘടകമാണ്. ഡോ. രൺധീർ കൃഷ്ണനാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/175879/jayaram-return-osler-achieved-far-through-advance-bookings)