---
title: "അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം റിലീസിങ്ങ് തീയ്യതി പ്രഖ്യാപിച്ചു"
english_title: "Amal Neerad-Mammootty movie Bhishma Parvam release date announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17552/amal-neerad-mammootty-movie-bhishma-parvam-release-date-announced"
published_at: "2021-12-23T20:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c490f996913_bheeshma.jpg"
keywords: []
---

# അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം റിലീസിങ്ങ് തീയ്യതി പ്രഖ്യാപിച്ചു

> **Lead Summary:** **അ**മൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം 2022 ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2007ൽ ബിഗ് ബിയിലൂടെ ഒന്നിച്ച സഖ്യം 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേരുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

## Article Content

**അ**മൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം 2022 ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2007ൽ ബിഗ് ബിയിലൂടെ ഒന്നിച്ച സഖ്യം 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേരുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

തൻ്റെ ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ സ്റ്റൈലിഷ് ഫിലിം മേക്കിംഗ് മലയാളികൾക്ക് പരിചയപ്പെടുത്തിയ അമൽ നീരദ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.ബിഗ് ബിയ്ക്ക് ശേഷം അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിൻ്റെ പുസ്തകം, സിഐഎ, വരത്തൻ തുടങ്ങിയ സിനിമകളും അമൽ നീരദ് ഒരുക്കിയിരുന്നു.

ഗ്യാങ്സ്റ്റർ ഫിലിമായ ഭീഷ്മപർവം അമൽ നീരദ് പ്രൊഡക്ഷൻസ് തന്നെയാണ് നിർമ്മിക്കുക. നവാഗതനായ ദേവ്ദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൻ്റെ ക്യാമറ. എഡിറ്റ് വിവേക് ഹർഷൻ. സുഷിൻ ശ്യാമാണ് സംഗീതം.

മമ്മൂട്ടിക്കൊപ്പം തബു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുക. അന്തരിച്ച നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രവും ഭീഷ്മ പർവ്വമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17552/amal-neerad-mammootty-movie-bhishma-parvam-release-date-announced)