---
title: "#subisuresh | സുബി ഇത്രയും വളര്‍ന്നത് താന്‍ പോലും അറിഞ്ഞില്ലെന്ന് ടിനി ടോം പറഞ്ഞു! മരണശേഷമാണ് അതറിഞ്ഞതെന്ന് കുടുംബം"
english_title: "#kalabhavanrahul #opensup #about #subisuresh #movie #hospital #days #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170906/kalabhavanrahul-opensup-about-subisuresh-movie-hospital-days-goes-viral"
published_at: "2023-12-20T22:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658319baa2470_subi.jpg"
keywords: []
---

# #subisuresh | സുബി ഇത്രയും വളര്‍ന്നത് താന്‍ പോലും അറിഞ്ഞില്ലെന്ന് ടിനി ടോം പറഞ്ഞു! മരണശേഷമാണ് അതറിഞ്ഞതെന്ന് കുടുംബം

> **Lead Summary:** സുബി സുരേഷിന്റെ വേര്‍പാടുണ്ടായിട്ട് ഒരു വര്‍ഷമാവാന്‍ പോവുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് സുബിയുടെ മരണമായിരുന്നു. സ്‌റ്റേജ് പ്രോഗ്രാമുകളും വ്‌ളോഗുമൊക്കെയായി സജീവമായിരുന്ന നടിയുടെ അപ്രതീക്ഷിത മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സുബി സുഖമില്ലാതെ ഹോസ്പിറ്റലിലാണെന്ന് പോലും അധികമാരും അറിഞ്ഞിരുന്നില്ല. 

## Article Content

സുബി സുരേഷിന്റെ വേര്‍പാടുണ്ടായിട്ട് ഒരു വര്‍ഷമാവാന്‍ പോവുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് സുബിയുടെ മരണമായിരുന്നു. സ്‌റ്റേജ് പ്രോഗ്രാമുകളും വ്‌ളോഗുമൊക്കെയായി സജീവമായിരുന്ന നടിയുടെ അപ്രതീക്ഷിത മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സുബി സുഖമില്ലാതെ ഹോസ്പിറ്റലിലാണെന്ന് പോലും അധികമാരും അറിഞ്ഞിരുന്നില്ല. 

അവള്‍ തിരികെ വരുമല്ലോ എന്ന് കരുതിയാണ് ആരോടും പറയാതിരുന്നത്. എന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്ന് പറയുകയാണ് സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവന്‍ രാഹുലും നടിയുടെ കുടുംബവും. മാത്രമല്ല സുബി സിനിമയില്‍ കൂടുതല്‍ സജീവമാകാത്തതിന്റെ കാരണവും താരകുടുംബവും വ്യക്തമാക്കുന്നു. 

സുബിയുടെ പേര് പറഞ്ഞ് കുറെ പരിപാടികള്‍ ഞാന്‍ പിടിച്ചിരുന്നു. പരിപാടികള്‍ ഈ വര്‍ഷം കൂടി വരികയായിരുന്നു. അവിടെ എല്ലാം സംഘാടകര്‍ നമ്മളോട് മാന്യമായിട്ടാണ് പെരുമാറിയത്. അവള്‍ ഇല്ലാതെ ചെന്നപ്പോഴും ആരും ഒന്നും ചോദിച്ചില്ല. പള്ളിയിലും അമ്പലത്തിലും ക്ലബ്ബിലാണെങ്കിലും എല്ലാവരും സഹകരിച്ച് ആ കലാകാരിയ്ക്ക് തികഞ്ഞ ബഹുമാനം കൊടുത്തുവെന്ന് പറയാം. 

പത്ത് ഇരുപത്തിയഞ്ചോളം സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയെക്കാളും അവള്‍ സ്റ്റേജ് ഷോ ആണ് ചെയ്തിരിക്കുന്നത്. അതിന് കാരണമുണ്ട്. സിനിമയില്‍ അവസരം വരുമ്പോള്‍ സ്‌റ്റേജ് ഷോ ഏറ്റെടുത്തിട്ടുണ്ടാവും. മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ വേണ്ടി ഡേറ്റ് മാറ്റുന്നത് പോലെ നമുക്ക് വേണ്ടി ഡേറ്റ് മാറ്റില്ലല്ലോ. അവര്‍ മുപ്പത് ദിവസമൊക്കെ ഡേറ്റും ചോദിക്കും. അതിന്റെ ഇടയില്‍ പ്രോഗ്രാം ഉണ്ടാവും. അതുകൊണ്ടാണ് സിനിമയില്‍ നിന്നും ഒഴിവാകുന്നത്.

കനക സിംഹാസനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഊട്ടിയില്‍ നിന്നും മൈസൂരും, ബാംഗ്ലൂരുമൊക്കെ പോയി ഷോ ചെയ്തിരുന്നു. അതൊക്കെ സിനിമാക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ്. സിനിമയെക്കാളും അവള്‍ക്ക് താത്പര്യം സ്റ്റേജ് ഷോ ആയിരുന്നെന്ന് അമ്മ പറഞ്ഞു. സുബിയ്ക്ക് സിനിമയോട് താല്‍പര്യമില്ലായിരുന്നുവെന്ന് രാഹുലും പറയുന്നു.

ഒരിക്കല്‍ ഞാനൊരു സിനിമയില്‍ അഭിനയിച്ചതിന് സിനിമയില്‍ ഇത്തിരി അഭിനയിച്ചിട്ട് വന്നേക്കുന്നു എന്ന് പറഞ്ഞ് അവള്‍ എന്നെ ഒത്തിരി കളിയാക്കിയെന്ന് രാഹുല്‍ പറയുന്നു. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അഭിനയിച്ചത് ഹിറ്റായി. പക്ഷേ അതൊന്നും കാണാന്‍ സുബി ഇല്ലാതായി പോയെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

സുബിക്ക് ഇത്രയും ഫാന്‍സുണ്ട് എന്ന് അറിയുന്നത് മരണത്തിന് ശേഷമാണ്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഒരു കപ്പിള്‍ എന്നെ വിളിച്ചിരുന്നു. സുബിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ട് രണ്ട് ദിവസത്തോളം അവര്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞു. അതൊക്കെ ഭയങ്കര അത്ഭുതമായി തോന്നിയെന്നാണ് രാഹുല്‍പറയുന്നത്. 

സുബിയുടെ ബോഡിയുമായി ഇവിടുന്ന് പോകുമ്പോള്‍ ഞാനും ടിനി ടോമുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അവളുടെ ഫാന്‍സിനെ കണ്ടപ്പോള്‍ എടാ ഇവള്‍ ഇത്രയും വളര്‍ന്നത് ഞാന്‍ അറിഞ്ഞില്ലെന്നാണ് ടിനി എന്നോട് പറഞ്ഞത്. ആ സമയത്ത് നമ്മളൊക്കെ നിര്‍ജീവ അവസ്ഥയില്‍ ആയിരുന്നെന്നും രാഹുല്‍ ഓര്‍ക്കുന്നു. സുബിയെ ഹോസ്പിറ്റലില്‍ എത്തിച്ച് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് ടിനിയോടും പിഷാരടിയോടും മാത്രം പറഞ്ഞത്. വേറാരും അറിഞ്ഞില്ല.

ടിനി എപ്പോഴും വിളിക്കുകയും കാര്യങ്ങള്‍ വന്ന് അന്വേഷിക്കുകയുമൊക്കെ ചെയ്തിരുന്നു. സുരേഷ് ഗോപിയോട് വിളിച്ച് പറഞ്ഞതും ടിനിയാണ്. പിഷാരടി സ്ഥലത്ത് ഇല്ലായിരുന്നു. വന്ന ഉടനെ ഓടി വന്ന് കണ്ടു. ആള്‍ രക്ഷപ്പെട്ട് വരുമല്ലോ, പിന്നെ എന്തിനാണ് എല്ലാവരോടും വിളിച്ച് പറയുന്നതെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ഐസിയുവില്‍ ആയിരുന്നത് കൊണ്ട് ആളുകള്‍ ആരും കണ്ടില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/170906/kalabhavanrahul-opensup-about-subisuresh-movie-hospital-days-goes-viral)