---
title: "#TSRaju  |   പലരുടെയും അടുത്തേക്ക് ഞാന്‍ ചെന്നിട്ടും ആരും മൈന്‍ഡ് ആക്കുന്നില്ല; തുറന്ന് പറഞ്ഞ് ടി എസ് രാജു"
english_title: "#Iwent #many #people #noone #minded #TSRaju #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/165416/iwent-many-people-noone-minded-tsraju-openup"
published_at: "2023-11-27T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656447795c27e_t_s_raju_1.jpg"
keywords: []
---

# #TSRaju  |   പലരുടെയും അടുത്തേക്ക് ഞാന്‍ ചെന്നിട്ടും ആരും മൈന്‍ഡ് ആക്കുന്നില്ല; തുറന്ന് പറഞ്ഞ് ടി എസ് രാജു

> **Lead Summary:** സിനിമയിലും സീരിയലിലുമുള്ള പല താരങ്ങളും ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ വരുന്നത് ഒരു അരോചകമായ കാര്യമാണ് . അത്തരത്തില്‍ മരണ വാര്‍ത്ത നേരിട്ട് കേള്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് ടി എസ് രാജു. പ്രമുഖ സിനിമാ-സീരിയല്‍ നടനായ രാജു അന്തരിച്ചുവെന്ന തരത്തില്‍ യൂട്യൂബിലൂടെയാണ് ആദ്യം വാര്‍ത്ത വരുന്നത്.

## Article Content

സിനിമയിലും സീരിയലിലുമുള്ള പല താരങ്ങളും ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ വരുന്നത് ഒരു അരോചകമായ കാര്യമാണ് . അത്തരത്തില്‍ മരണ വാര്‍ത്ത നേരിട്ട് കേള്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് ടി എസ് രാജു. പ്രമുഖ സിനിമാ-സീരിയല്‍ നടനായ രാജു അന്തരിച്ചുവെന്ന തരത്തില്‍ യൂട്യൂബിലൂടെയാണ് ആദ്യം വാര്‍ത്ത വരുന്നത്.

പിന്നാലെ നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകളുമെത്തി. എന്നാല്‍ അതൊക്കെ വ്യാജ വാര്‍ത്തയാണെന്നും താനിപ്പോഴും ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും നടന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ശരിക്കും അന്ന് രാവിലെ ഞാന്‍ മരിച്ച് പോയെന്ന് തനിക്ക് തന്നെ തോന്നിയൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ടി എസ് രാജുവിപ്പോള്‍.

ഞാന്‍ മരിച്ചുവെന്നാണ് കരുതിയതെന്നാണ് രാജു പറയുന്നത്. അന്ന് വെളുപ്പിന് ഞാനൊരു സ്വപ്‌നം കണ്ടു. ഞാനിങ്ങനെ പറന്ന് നടക്കുകയാണ്. പലരുടെയും അടുത്തേക്ക് ഞാന്‍ പറന്ന് ചെന്നിട്ടും ആരും എന്നെ മൈന്‍ഡ് ആക്കുന്നില്ല.അതെന്താ എന്നോട് മിണ്ടാത്തതെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത്.ബാംഗ്ലൂരില്‍ നിന്നും എന്റെയൊരു പരിചയക്കാരന്റെ മകളാണ് വിളിക്കുന്നത്.

അങ്കിളേ.. എന്ന് വിളിച്ച് കരഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോഴാണ് അങ്കിള്‍ മരിച്ചെന്ന് പറഞ്ഞ് ന്യൂസ് കണ്ടെന്ന് അവള്‍ പറയുന്നത്. ങേ ഞാന്‍ മരിച്ചെന്നോ? പെട്ടെന്ന് എന്റെ മനസില്‍ ഈ പറന്ന് നടക്കുന്നതാണ് ഓര്‍മ്മ വന്നത്. എന്തായാലും മരിച്ചാല്‍ ബോഡി കട്ടിലില്‍ ഉണ്ടാവുമല്ലോ എന്നോര്‍ത്ത് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ബോഡി ഇല്ല. എന്നെ തന്നെ നുള്ളി നോക്കി, കുഴപ്പമൊന്നുമില്ലെന്ന് മനസിലായതോടെ ആ കുട്ടിയോട് ഞാന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞു.

വേഗം എന്റെ മകള്‍ക്കും അത്യാവശ്യം വേണ്ടപ്പെട്ടവര്‍ക്കും ഞാനിത് അയച്ച് കൊടുത്തു. ഇങ്ങനൊരു ഫേക്ക് ന്യൂസുണ്ട്, ഞാന്‍ മരിച്ചിട്ടൊന്നുമില്ലെന്ന് പറഞ്ഞു. പിന്നെ അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞാനിത് കൊടുത്തു. അതല്ലെങ്കില്‍ പെട്ടെന്ന് തന്നെ അവിടെയും എന്റെ ഫോട്ടോ തൂങ്ങും. എന്നെ സീരിയലില്‍ നിന്നും കട്ട് ചെയ്യും.

അതിന് വഴിയൊരുക്കേണ്ടെന്ന് കരുതി അവരോടും വാര്‍ത്തയെ കുറിച്ച് പറഞ്ഞു. രാവിലെ ആറ് മണി മുതല്‍ തുടങ്ങിയ ഫോണ്‍ വിളിയാണ്. 9 മണിയായിട്ടും തീര്‍ന്നില്ല. ഞാനാണെങ്കില്‍ ഒതുങ്ങിയൊരു സ്ഥലത്താണ് താമസിക്കുന്നത്. ഗേറ്റും വാതിലുമൊന്നും തുറന്നിട്ടുമില്ല. അടുത്ത വീട്ടിലുള്ളവരൊക്കെ സാറെ സാറെ എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നുണ്ട്.

ഫോണില്‍ സംസാരിക്കുന്നത് കൊണ്ട് ഞാനതൊന്നും കേട്ടതുമില്ല. പിന്നെ ഒരു ഫോണില്‍ സാറെ വാതില്‍ തുറക്കാമോ ഞങ്ങള്‍ ചാനലില്‍ നിന്നാണെന്ന് പറഞ്ഞു. ഞാന്‍ പോയി വാതില്‍ തുറന്ന് നോക്കുമ്പോള്‍ ആ നാട്ടിലുള്ളവരെല്ലാം എന്റെ മതിലിന് ചുറ്റം നില്‍ക്കുകയാണ്. ദേ മരിച്ച ആള്‍ നടന്ന് വരുന്നുവെന്ന് തമാശയൊക്കെ പറഞ്ഞ് വന്ന ആളുകളൊക്കെ തിരിച്ച് പോയി. പിന്നെ ചാനലുകാര്‍ എന്നോട് സംസാരിച്ചിട്ടാണ് പോയത് രാജു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/165416/iwent-many-people-noone-minded-tsraju-openup)