---
title: "#Mammootty  | ഭക്ഷണം തുടർച്ചയായി ഉപേക്ഷിക്കുന്നതുകാരണം മമ്മൂട്ടിക്ക്​ സംഭവിച്ചത്​; വെളിപ്പെടുത്തി സഹതാരം"
english_title: "#What #happened #Mammootty  #continuous #skipping #food #Revealed #teammate"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164266/what-happened-mammootty-continuous-skipping-food-revealed-teammate"
published_at: "2023-11-22T15:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dd3062f866_mamooty.jpg"
keywords: []
---

# #Mammootty  | ഭക്ഷണം തുടർച്ചയായി ഉപേക്ഷിക്കുന്നതുകാരണം മമ്മൂട്ടിക്ക്​ സംഭവിച്ചത്​; വെളിപ്പെടുത്തി സഹതാരം

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട​ നടനാണ് മമ്മൂട്ടി. തന്‍റെ ആരോഗ്യ സംരക്ഷണത്തിനും പ്രായം പുറത്തറിയാതിരിക്കാനും താരം സ്വീകരിക്കുന്ന മാർഗങ്ങൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്​.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട​ നടനാണ് മമ്മൂട്ടി. തന്‍റെ ആരോഗ്യ സംരക്ഷണത്തിനും പ്രായം പുറത്തറിയാതിരിക്കാനും താരം സ്വീകരിക്കുന്ന മാർഗങ്ങൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്​.

തന്‍റെ 72-ാം വയസിലും ചുറുചുറുക്കോടെയിരിക്കുന്ന മമ്മൂട്ടി ഇതിനായി നിരവധി കഠിനമാർഗങ്ങളാണ്​ സ്വീകരിക്കുന്നത്​. ഇതേക്കുറിച്ചുള്ള സഹതാരത്തിന്‍റെ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലായിരിക്കുകയാണ്​. വർഷങ്ങളായി മമ്മൂട്ടി തന്‍റെ ഭക്ഷണക്രമത്തിൽ കടുത്ത നിയന്ത്രണങ്ങൾ പാലിക്കുന്നയാളാണ്​.

ഇതേക്കുറിച്ച്​ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'രൗദ്രം' എന്ന തന്‍റെ ചിത്രത്തിന്റെ ഷൂട്ടിങ്​ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ്​ നടൻ ഓർത്തെടുക്കുന്നത്​.

‘ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിൽ ഞാനും മമ്മുക്കയും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഒപ്പമുള്ളവർക്കും നൽകും.

എന്നാൽ ഭക്ഷണം കഴിക്കുന്ന മമ്മൂക്ക അത്​ ഒട്ടും ആസ്വദിക്കുന്നില്ല എന്ന്​ എനിക്ക്​ തോന്നി. ഇതേപ്പറ്റി ഞാൻ ചോദിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞത് രുചിയില്ല എന്നാണ്​. അപ്പോ ഞാൻ ചോദിച്ചു, എന്തെങ്കിലും അസുഖമുണ്ടോ എന്ന്​.

ഭക്ഷണം വർജ്ജിച്ച്​ വർജ്ജിച്ച്​ ഇപ്പോൾ എനിക്ക്​ രുചിയെല്ലാം നഷ്ടപ്പെട്ടുപോയി എന്നാണ് ​അപ്പോൾ​ മമ്മുക്ക പറഞ്ഞത്​​’-രഞ്ജി പണിക്കർ പറയുന്നു. ‘ഇഷ്ടപ്പെട്ട ഭക്ഷണം ലോകത്തിന്റെ ഏതു കോണിൽ നിന്നും കഴിക്കാൻ സ്ഥിതിയുള്ള ആളാണ് മമ്മൂക്ക.

എന്നിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടിവരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പേടിയാണ്. എല്ലാവരും മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന് പറയും.

ആ മനുഷ്യന്​ അതൊരു ബാധ്യതയാണ്. അത് കാത്തുസൂക്ഷിക്കാൻ വർഷങ്ങളായി അദ്ദേഹം കഷ്ടപ്പെടുകയാണ്’-രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു. നാം ജീവിതത്തിൽ നിലനിർത്താനാഗ്രഹിക്കുന്ന എന്തിനും ഒരു വിലകൊടുക്കണമെന്നും രജ്ഞി പണിക്കർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/164266/what-happened-mammootty-continuous-skipping-food-revealed-teammate)