(moviemax.in) ആട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുന്നതിന് മുൻപ് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ആളാണ് മിഥുൻ മാനുവൽ തോമസ്. ജൂഡ് ആൻറണി ജോസഫിൻറെ ഓം ശാന്തി ഓശാനയായിരുന്നു ആ ചിത്രം.
സംവിധാനം ചെയ്ത ചിത്രങ്ങളിൽ മിക്കതിനും സ്വന്തമായി തിരക്കഥയൊരുക്കിയ മിഥുൻ മറ്റ് സംവിധായകർക്ക് വേണ്ടി വീണ്ടും തിരക്കഥ എഴുതിയിട്ടുണ്ട്.
ഓം ശാന്തി ഓശാനയ്ക്ക് ശേഷം മിഥുൻറെ തിരക്കഥയിൽ മറ്റൊരാൾ സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ഗരുഡൻ. മികച്ച അഭിപ്രായം നേടിയ ഗരുഡൻ തിയറ്ററുകളിൽ തുടരുമ്പോൾ മിഥുൻറെ തിരക്കഥയിലുള്ള അടുത്ത ചിത്രവും തിയറ്ററുകളിലേക്ക് എത്തുകയാണ്.
മിഥുൻ മാനുവലിൻറെ രചനയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് ആണ് ആ ചിത്രം. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ തിയറ്റർ റിലീസ് ഈ വെള്ളിയാഴ്ചയാണ് (17).
എന്നാൽ റിലീസിന് മുൻപുള്ള സ്പെഷൽ പ്രീമിയർ ഇന്ന് നടക്കും. കൊച്ചി ഇടപ്പള്ളി വനിത സിനിപ്ലെക്സിൽ വൈകിട്ട് 6.30 നാണ് ചിത്രത്തിൻറെ ആദ്യ പ്രദർശനം. സിനിമകളുടെ റിലീസിന് മുൻപുള്ള പ്രിവ്യൂ മലയാളത്തിലും ഇപ്പോൾ നടന്നുവരുന്നുണ്ടെങ്കിലും രണ്ട് ദിവസം മുൻപുള്ള അത്തരം പ്രദർശനം അപൂർവ്വമാണ്.
ഗരുഡന് ശേഷം മിഥുൻ മാനുവൽ വീണ്ടും ഞെട്ടിക്കുമോ എന്ന് ഇന്നറിയാം. 2.12 മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൻറെ ആദ്യ അഭിപ്രായങ്ങൾ രാത്രി 9 മണിയോടെ എത്തും. അജു വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് എന്നിവരാണ് ഫീനിക്സിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അഡ്വ. ജോൺ എന്ന കഥാപാത്രമായി അജു എത്തുമ്പോൾ വൈദികനായാണ് അനൂപ് മേനോൻ എത്തുന്നതെന്നാണ് വിവരം. ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജില കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: #shadow #sixth #MithunManuel #shock

































