---
title: "#bijusopanam | ശ്രീകണ്ഠൻ നായർ പരിഹസിച്ചോ? ന്യായം മുടിയന്റെ ഭാ​ഗത്താണ്, അവൻ വാദിച്ചത് ഉപ്പും മുളകും നന്നാകാനാണ് -ബിജു "
english_title: "#uppummulakum #sitcom #fame #bijusopanam #openup #rishiskumar #issue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162471/uppummulakum-sitcom-fame-bijusopanam-openup-rishiskumar-issue"
published_at: "2023-11-15T16:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554a8af4cf66_uppummulakum.jpg"
keywords: []
---

# #bijusopanam | ശ്രീകണ്ഠൻ നായർ പരിഹസിച്ചോ? ന്യായം മുടിയന്റെ ഭാ​ഗത്താണ്, അവൻ വാദിച്ചത് ഉപ്പും മുളകും നന്നാകാനാണ് -ബിജു 

> **Lead Summary:** **മല**യാളത്തിലെ ഏറ്റവും ജനപ്രിയ സിറ്റ്കോം ടെലിവിഷൻ പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തെ സ്വന്തം കുടുംബമായിട്ടാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ബാലുവും നീലുവിനും പുറമെ മുടിയൻ, ലെച്ചു, കേശു, ശിവാനി, പാറു എന്നിങ്ങിനെ മലയാളികൾക്ക് ഏറെ സുപരിചിതമായ കഥപാത്രങ്ങളാണ് ഉപ്പും മുളകിലുമുള്ളത്. 

## Article Content

**മല**യാളത്തിലെ ഏറ്റവും ജനപ്രിയ സിറ്റ്കോം ടെലിവിഷൻ പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തെ സ്വന്തം കുടുംബമായിട്ടാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ബാലുവും നീലുവിനും പുറമെ മുടിയൻ, ലെച്ചു, കേശു, ശിവാനി, പാറു എന്നിങ്ങിനെ മലയാളികൾക്ക് ഏറെ സുപരിചിതമായ കഥപാത്രങ്ങളാണ് ഉപ്പും മുളകിലുമുള്ളത്. 

എന്നാൽ കഴിഞ്ഞ കുറെ നാളുകളിലായി പരമ്പരയിൽ നിന്നും മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിഷി എസ് കുമാർ വിട്ടുനിൽക്കുകയാണ്. വിവാഹശേഷം ബെംഗളൂരുവിൽ പോയിരിക്കുന്ന മുടിയനെ പിന്നീട് ഉപ്പും മുളകിലും കണ്ടിട്ടില്ല. മാത്രമല്ല ഉപ്പും മുളകും ആരാധകരും കുറെ നാളുകളായി മുടിയൻ എവിടെയെന്ന് ചോദ്യമുയർത്തു​കയും ചെയ്തിരുന്നു. പിന്നാലെ താൻ സീരിയലിൽ നിന്നും പിന്മാറിയെന്ന് വെളിപ്പെടുത്തി റിഷി രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. സിറ്റ്കോം ആയിരുന്ന ഉപ്പും മുളകിന്റെ നിലാവാരം താഴ്ന്നതുകൊണ്ടാണ് പിന്മാറ്റം എന്നാണ് മുടിയൻ എന്ന് അറിയപ്പെടുന്ന റിഷി വെളിപ്പെടുത്തിയത്. 

എന്നാൽ ചാനലിന് മുകളിലേക്ക് വീഴുന്ന തരത്തിൽ ചില ആർട്ടിസ്റ്റുകൾ വളർന്നാൽ ആപത്താണെന്നും അതുകൊണ്ട് ചിലതിനെ വെട്ടിമാറ്റി വരുമെന്നുമാണ് ഫ്ലവേഴ്സ് ചാനൽ ഹെഡ് ശ്രീകണ്ഠൻ നായർ മുടിയൻ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്. ഇപ്പോഴിതാ റിഷി സീരിയലിൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ബാലുവായി അഭിനയിക്കുന്ന നടൻ ബിജു സോപാനം. ഉപ്പും മുളകിന്റെ കഥ മാറിയപ്പോൾ റിഷി വിളിച്ച് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നുവെന്നും അവൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും റിഷി അവന് വേണ്ടിയല്ല വാദിച്ചത് പ്രോ​ഗ്രാമിന്റെ ലെവൽ താഴുന്നുവെന്ന് പബ്ലിസിറ്റി വന്നതുകൊണ്ടാണെന്നുമാണ് ബിജു സോപാനം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'പ്രോ​ഗ്രാമിന് വേണ്ടിയാണ് നമ്മളൊക്കെ കോംപ്രമൈസിന് തയ്യാറാവുന്നത്. ഞങ്ങൾ യുകെയിൽ ആയിരുന്നപ്പോൾ കഥയിൽ ചെറിയ വ്യത്യാസം വരുത്തി. അതുകൊണ്ട് തന്നെ നമുക്കൊക്കെ ഇഷ്ടപ്പെടാത്ത സീരിയലുകളില്ലേ... ആ നിലവാരത്തിലേക്ക് ഉപ്പും മുളകും മാറിയെന്ന് കമന്റ്സും മറ്റും വരാൻ തുടങ്ങി. കമന്റ്സ് ഞാൻ നോക്കാറില്ല.' 'നോക്കിയിട്ട് കാര്യമില്ല. പക്ഷെ പലരും പറ‍ഞ്ഞ് ഞാൻ അറിഞ്ഞിരുന്നു. കഥ മാറിയപ്പോൾ റിഷി വിളിച്ച് ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു. അവന് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്നെല്ലാം പറഞ്ഞു. ഉപ്പും മുകളിനുള്ള ആ നിലവാരത്തിലല്ലേ കഥ പോകേണ്ടത് എന്നൊക്കെ അവൻ എന്നോട് പരാതി പറഞ്ഞു. അവൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.'

'കാരണം അവൻ അവന് വേണ്ടിയല്ല വാദിച്ചത് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടിയാണ്. ഈ പ്രോ​ഗ്രാമിന്റെ ലെവൽ താഴുന്നുവെന്ന് പബ്ലിസിറ്റി വന്നതുകൊണ്ടാണ് റിഷി എന്നോട് ഇങ്ങനെയെല്ലാം പറ‍ഞ്ഞത്. അവന് വിഷമം തോന്നിയതുകൊണ്ട് അവൻ ഇറങ്ങിപ്പോയി. ഞാൻ അവനെ തിരിച്ച് വിളിച്ചിരുന്നു. പക്ഷെ അവന് തിരികെ വരുന്നതിനോട് യോജിപ്പില്ലായിരുന്നു.' 'ആരെങ്കിലും വിളിക്കട്ടെ എന്ന രീതിയിലായിരുന്നു. പക്ഷെ ആരും വിളിക്കില്ല. ചാനലിന് നമ്മളെ ആവശ്യമില്ല. അവർക്ക് ഇതല്ലെങ്കിൽ വേറെ പ്രോ​ഗ്രാം കാണും. നമുക്കാണ് പ്രോ​ഗ്രാം ആവശ്യം. അതുപോലെ അടുത്തിടെ റിഷി ഒരു ലൈവ് പോയിരുന്നു. അത് ശരിയായി എനിക്ക് തോന്നിയില്ല. കാരണം സംസാരിച്ച് തീർക്കാൻ നോക്കാമല്ലോ.'

'സ്ഥിരം പിണക്കക്കാരും ശത്രുക്കളുമൊന്നുമില്ല. അവന് വേണമെങ്കിൽ നാളെ വരാം. നമുക്ക് കഥയാണല്ലോ ആവശ്യം. റിഷി വന്നാൽ കുറച്ച് കൂടി കണ്ടന്റ് കിട്ടുമെന്നാണ്', വിഷയത്തിൽ പ്രതികരിച്ച് ബിജു സോപാനം പറഞ്ഞത്. റിഷി വിഷയത്തിൽ പ്രതികരിച്ച് ശ്രീകണ്ഠൻ നായർ എത്തിയപ്പോൾ വളർ‌ന്ന് വരുന്ന കലാകാരനെ ശ്രീകണ്ഠൻ നായർ കാര്യം മനസിലാക്കാതെ പരിഹസിച്ചുവെന്ന് പ്രേക്ഷകർ ആരോപിച്ചിരുന്നു. നേരത്തെ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷയുമായി ഉപ്പും മുളകും സംവിധായകൻ ഉണ്ണികൃഷ്ണന് പ്രശ്നമുണ്ടായിരുന്നു. തുടർന്ന് ഫ്ളവേഴ്സ് മാനേജ്മെന്റ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കുകയും ഉണ്ണികൃഷ്ണനെ സംവിധായകൻ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ സംവിധായകനായി വീണ്ടും നിയമിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/162471/uppummulakum-sitcom-fame-bijusopanam-openup-rishiskumar-issue)