---
title: "#kudumbavilakku | കുടുംബവിളക്കില്‍ അപ്രതീക്ഷിത മരണം! സീരിയല്‍ അവസാനിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍, ക്ലൈമാക്‌സിൽ ഞെട്ടി ആരാധകർ "
english_title: "#kudumbavilakku #serial #end #soon #climax #promo #video #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161339/kudumbavilakku-serial-end-soon-climax-promo-video-goes-viral"
published_at: "2023-11-11T14:40:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f45617382d_kudumbavilakku.jpg"
keywords: []
---

# #kudumbavilakku | കുടുംബവിളക്കില്‍ അപ്രതീക്ഷിത മരണം! സീരിയല്‍ അവസാനിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍, ക്ലൈമാക്‌സിൽ ഞെട്ടി ആരാധകർ 

> **Lead Summary:** **മ**ലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ തരംഗമായി മാറിയ സീരിയലുകളില്‍ ഒന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതവും ദാമ്പത്യ പ്രശ്‌നങ്ങളുമൊക്കെ കാണിച്ചിരുന്ന സീരിയലിന് വലിയ പിന്തുണയാണ് ലഭിച്ചത്. നടി മീര വാസുദേവ് നായിക വേഷത്തിലെത്തിയ സീരിയലില്‍ നിരവധി താരങ്ങളാണ് അണിനിരന്നത്.

## Article Content

**മ**ലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ തരംഗമായി മാറിയ സീരിയലുകളില്‍ ഒന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതവും ദാമ്പത്യ പ്രശ്‌നങ്ങളുമൊക്കെ കാണിച്ചിരുന്ന സീരിയലിന് വലിയ പിന്തുണയാണ് ലഭിച്ചത്. നടി മീര വാസുദേവ് നായിക വേഷത്തിലെത്തിയ സീരിയലില്‍ നിരവധി താരങ്ങളാണ് അണിനിരന്നത്.

വലിയ ജനപ്രീതി നേടിയെങ്കിലും സീരിയലിന്റെ ആരാധകരെ വേദനിപ്പിക്കുന്നൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കുടുംബവിളക്ക് അവസാനിക്കാന്‍ പോകുന്നു. സീരിയലില്‍ നിന്നും പുറത്ത് വിട്ട പുതിയ പ്രൊമോ വീഡിയോയിലാണ് കുടുംബവിളക്കും ക്ലൈമാക്‌സിലേക്ക് എത്തുകയാണെന്ന് കാണിച്ചിരിക്കുന്നത്. എങ്കിലും ഒരു മരണത്തോട് കൂടിയുള്ള അവസാനമാണെന്നത് എല്ലാവര്‍ക്കും നിരാശ നല്‍കുകയാണ്. 

റേങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറി മാറി നിന്നിരുന്ന സീരിയലാണ് കുടുംബവിളക്ക്. അത്രയധികം ജനമനസുകളില്‍ സ്വാധീനം ചെലുത്തിയ സീരിയലായിരുന്നു. സാധാരണ കുടുംബങ്ങളില്‍ കണ്ട് വരുന്ന ദാമ്പത്യ പ്രശ്‌നങ്ങളും മറ്റുമൊക്കെ പിന്നീട് വലിയ തലങ്ങളിലേക്ക് പോകുന്നതാണ് സീരിയലില്‍ കാണിച്ചിരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിത്ര എന്ന വീട്ടമ്മ പിന്നീട് സ്വയം കഴിവിലൂടെ ഉയരങ്ങളിലേക്ക് എത്തുന്നതാണ് സീരിയലിന്റെ ഇതിവൃത്തം. 

ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും സുമിത്രയ്ക്ക് താങ്ങായി നിന്നത് ഭര്‍ത്താവിന്റെ പിതാവായിരുന്നു. അവരെ രണ്ടാമത് വിവാഹം കഴിപ്പിച്ചതടക്കം ഇന്നത്തെ സമൂഹത്തിന് നല്ലൊരു സന്ദേശമാണ് അച്ഛച്ചന്‍ എന്ന കഥാപാത്രം സമ്മാനിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഭാര്യമാരുടെ എല്ലാം തീര്‍ന്നു എന്നതൊക്കെ പഴംകഥയാണെന്ന് സീരിയല്‍ വ്യക്തമാക്കി തരുന്നു. 

സുമിത്രയെ ചതിച്ചവരും വില്ലന്മാരുമൊക്കെ അവസാനത്തോടെ സുമിത്രയുടെ വില എന്താണെന്ന് മനസിലാക്കുകയാണ്. ശേഷം കുടുംബത്തില്‍ എല്ലാവരും ഒരുമിക്കുന്നു. എന്നാല്‍ ക്ലൈമാക്‌സില്‍ അച്ഛാച്ചന്റെ മരണമാണ് കാണിക്കുന്നത്. വീട്ടിലെ എല്ലാവരും ചേര്‍ന്ന് അച്ഛാച്ചന്റെ നവതി ആഘോഷിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയായി വലിയ ആഘോഷത്തിനിടയില്‍ അപ്രതീക്ഷിതമായ ചിലത് സംഭവിക്കുകയായിരുന്നു. 

നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണ അച്ഛാച്ചന്‍ പെട്ടെന്ന് മരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് വരുന്നതും സുമിത്ര കരയുന്നതുമൊക്കെയാണ് പ്രൊമോ വീഡിയോയിലുള്ളത്. എന്നാല്‍ സീരിയലാണെങ്കില്‍ പോലും ഇങ്ങനൊരു ക്ലൈമാക്‌സ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകരും പറയുന്നത്.

കുടുംബവിളക്ക് നല്ല സന്ദേശമാണ് പലപ്പോഴും തന്നത്. എന്നിരുന്നാലും ക്ലൈമാക്‌സിലെ മരണം ഒഴിവാക്കാമായിരുന്നു. കുടുംബവിളക്കിലെ ഏറ്റവും നല്ല കഥാപാത്രം ആയിരുന്നു അച്ഛാച്ചന്റേത്. അദ്ദേഹം മരിച്ചിട്ട് കാണിക്കണ്ടായിരുന്നു. ക്ലൈമാക്‌സ് വളരെ വേദനിപ്പിക്കുന്നതായി പോയി. അതിന് പകരം ഒത്തൊരുമിച്ച കുടുംബം പുതിയൊരു ജീവിതത്തിലേക്ക് പോകുന്നതോ മറ്റോ കാണിച്ച് ഹാപ്പി എന്‍ഡിങ് കൊടുക്കാമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. 

അതേ സമയം സീരിയല്‍ അവസാനിപ്പിച്ച സമാധാനവും സന്തോഷവും നല്‍കുന്നതാണെന്ന് പറഞ്ഞും ചിലരെത്തി. കഥ മുന്നോട്ട് പോകുന്നില്ലെന്ന് തോന്നിയാല്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലാതെ വലിച്ച് നീട്ടി മുന്നോട്ട് പോകുന്നതിലും ഭേദം ഇതാണ്. പിന്നെ സീരിയലിലെ ചില കഥാപാത്രങ്ങള്‍ക്ക് അവര്‍ ചെയ്തതിനുള്ള എന്തെങ്കിലും കൊടുത്തിട്ട് അവസാനിപ്പിക്കാമായിരുന്നു. പ്രത്യേകിച്ച് സരസ്വതി എന്ന അമ്മ കഥാപാത്രത്തെ നന്നാക്കാമായിരുന്നു എന്നിങ്ങനെ നിരവധി കമന്റുകളാണ് പ്രൊമോയുടെ താഴെ വരുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/161339/kudumbavilakku-serial-end-soon-climax-promo-video-goes-viral)