(moviemax.in) ലിംഗസമത്വത്തെക്കുറിച്ചൊക്കെ എന്തിന് സംസാരിക്കണമെന്നും പുതുകാലത്ത് അതൊക്കെ ഉണ്ടോയെന്നും ചോദിക്കുന്നവരെ ഏതെങ്കിലും ചലച്ചിത്ര നടിമാരുടെ സോഷ്യൽ മീഡിയ കമൻറ് ബോക്സിലേക്ക് കൂട്ടിക്കൊണ്ടുപോയാൽ മതിയാവും.
ഒരു നടനാണ് ട്രെൻഡി ഗെറ്റപ്പിൽ എത്തുന്നതെങ്കിൽ വൻ, പൊളി തുടങ്ങിയ കമൻറുകളുമായി എത്തുന്നവർ പക്ഷേ നടിമാർ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലുള്ള മേക്കോവറുമായി എത്തിയാൽ തങ്ങളുടെ എതിരഭിപ്രായം അറിയിക്കാറാണ് ചെയ്യുക.
അത് മിക്കപ്പോഴും മോശം ഭാഷയിലുമായിരിക്കും. ഫാഷനിൽ തങ്ങളുടേതായ പരീക്ഷണങ്ങൾ നടത്തുന്ന മലയാളം നടിമാരൊക്കെ ഈ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇപ്പോഴിതാ അതിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് നടി പ്രയാഗ മാർട്ടിൻ.
താൻ അഭിനയിക്കുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻറെ കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രയാഗ. പതിവുപോലെ തൻറേതായ സ്റ്റൈലിലായിരുന്നു അവർ എത്തിയത്.
സോഷ്യൽ മീഡിയയിൽ മോശം കമൻറുകൾ വരുന്നതിനെക്കുറിച്ചുള്ള ഒരു യുട്യൂബ് ചാനൽ പ്രവർത്തകൻറെ ചോദ്യത്തിനാണ് പ്രയാഗ കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.
പ്രയാഗയുടെ സ്റ്റൈലിംഗും ഡ്രെസ്സിംഗുമൊക്കെ കേരളത്തിലുള്ളവർക്ക് പറ്റുന്നില്ല എന്ന തരത്തിലുള്ള കമൻറുകൾ വരുന്നല്ലോ എന്ന ചോദ്യത്തിന് അതിനിപ്പൊ താനെന്ത് ചെയ്യണം എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം.
"വേറെ ആളുകളുടെ ഇഷ്ടത്തിനാണോ ഞാൻ ജീവിക്കേണ്ടത്, അതോ എൻറെ ഇഷ്ടത്തിനാണോ", പ്രയാഗ ചോദിച്ചു. ഒരു മലയാളി നടി എന്നുള്ള നിലയ്ക്ക് ആണ് കമൻറ് എന്ന് ചോദ്യകർത്താവ് ആവർത്തിച്ചു.
"ബ്രോ.. മലയാളം നടി എന്നുള്ള നിലയ്ക്ക് ഞാൻ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണമെന്നാണോ പറയുന്നത്?", പ്രയാഗ വീണ്ടും ചോദിച്ചു. അങ്ങനെയാണ് കമൻറ്സ് എന്നു പറഞ്ഞയാളോട് അത് കമൻറ് ഇട്ടവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ മറുപടി.
"നെഗറ്റിവിറ്റി പരത്തുന്നവരോട് ചോദിക്കൂ. ഞാനല്ലല്ലോ ചെയ്യുന്നത്. ഞാൻ എങ്ങനെയാണ് അതിന് ഉത്തരം പറയേണ്ടത്?", പ്രയാഗ നിലപാട് വ്യക്തമാക്കി.
Content Highlight: #Malayalamactress #wear #closed #tied #clothes #Prayaga #clarified

































