---
title: "#Tabu | വിവാഹമായില്ലേ; സിംഗിൾ ആയി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി തബു "
english_title: "#married #Tabu #clarified #reason #remaining #single"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160100/married-tabu-clarified-reason-remaining-single"
published_at: "2023-11-06T21:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654913a4f2dc3_tabu.jpg"
keywords: []
---

# #Tabu | വിവാഹമായില്ലേ; സിംഗിൾ ആയി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി തബു 

> **Lead Summary:** **[ വി**വാഹത്തിന് പ്രായമുണ്ടോ എന്ന് ചോദിച്ചാൽ, ശരിക്കുമൊന്ന് ചിന്തിച്ച് ഉത്തരം പറയുകയാണെങ്കിൽ ഏവരും ഇല്ല എന്നായിരിക്കും പറയുക. കാരണം അറുപതും എഴുപതും വയസ്സ് പ്രായമുള്ളവർ വരെ വിവാഹം കഴിക്കുന്നുണ്ട്.

## Article Content

**[ വി**വാഹത്തിന് പ്രായമുണ്ടോ എന്ന് ചോദിച്ചാൽ, ശരിക്കുമൊന്ന് ചിന്തിച്ച് ഉത്തരം പറയുകയാണെങ്കിൽ ഏവരും ഇല്ല എന്നായിരിക്കും പറയുക. കാരണം അറുപതും എഴുപതും വയസ്സ് പ്രായമുള്ളവർ വരെ വിവാഹം കഴിക്കുന്നുണ്ട്.

ഇതെല്ലാം തീർത്തും വ്യക്തിപരമായ തീരുമാനം സന്തോഷം എന്നിവയാണ്. എങ്കിലും വിവാഹത്തിന് 'നാട്ടുനടപ്പ്' അനുസരിച്ച് പ്രായമുണ്ട്. അതുകൊണ്ട് തന്നെ അവിവാഹിതരായി തുടരുന്നവർ എപ്പോഴും വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതും നമ്മുടെ നാട്ടിൽ സാധാരണമാണ്.

പ്രത്യേകിച്ച് സെലിബ്രിറ്റികൾ- പ്രശസ്തരായ വ്യക്തികൾ എല്ലാമാണ് ഇത്തരത്തിൽ 'സിംഗിൾ' ആയി തുടരുന്നതിൽ ഏറെയും ചോദ്യങ്ങൾ നേരിടുക. ഇവരുടെ ജീവിതം എപ്പോഴും പരസ്യമായി കിടക്കുന്നതിനാലാകാം കൂടുതൽ ചോദ്യങ്ങൾ വരുന്നതും.

ഇതുപോലെ വിവാഹത്തെ കുറിച്ച് ഏറെ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നൊരു സെലിബ്രിറ്റിയാണ് ബോളിവുഡ് നടി തബു. ഇപ്പോൾ 52 വയസ്സ് തികഞ്ഞിരിക്കുകയാണ് തബുവിന്.

സന്തോഷ ജന്മദിനം നേരുന്നതിനൊപ്പം പലരും വിവാഹമായില്ലേ എന്ന പഴകിയ ചോദ്യം തബുവിനോട് ആവർത്തിക്കുന്നുണ്ട്. ഇതിനിടെ തബു തൻറെ 'സിംഗിൾ' ജീവിതത്തെ കുറിച്ചും തൻറെ സന്തോഷങ്ങളെ കുറിച്ചും ചിന്താഗതിയെ കുറിച്ചുമെല്ലാം പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

ഒരഭിമുഖത്തിനിടെയാണ് തബു ഇക്കാര്യങ്ങളെല്ലാം പങ്കുവയ്ക്കുന്നത്. നമ്മുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് അല്ലാതെ പല സ്രോതസുകളിൽ നിന്നും നമ്മെ തേടി സന്തോഷമെത്താം എന്നാണ് തബു പറയുന്നത്.

'നമ്മൾ തനിച്ചാണെങ്കിൽ നമുക്കൊരുപക്ഷേ നമ്മുടെ ഏകാന്തതയെയോ ഒറ്റപ്പെടലിനെയോ എല്ലാം കൈകാര്യം ചെയ്യാം. എന്നാൽ നമുക്ക് യോജിക്കാത്തൊരു പങ്കാളിയാണ് കൂടെയുള്ളതെങ്കിൽ ഒറ്റപ്പെടലിനെക്കാളെല്ലാം അപ്പുറത്തുള്ള മോശം അവസ്ഥയിലേക്കാണത് നയിക്കുക.

ഒരു സ്ത്രീക്കും പുരുഷനുമിടയിലുള്ള ബന്ധം അൽപം കോംപ്ലിക്കേറ്റഡ് തന്നെയാണ്. കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ ചെറുപ്പത്തിൽ നമുക്ക് സ്നേഹത്തെ കുറിച്ചൊരു സങ്കൽപമുണ്ടായിരിക്കും.

പിന്നീട് വളരുമ്പോൾ പുതിയ അനുഭവങ്ങൾ നമ്മെ തേടിയെത്തുമ്പോൾ വേറെ തിരിച്ചറിവുകളാണ് വരുന്നത്. എനിക്ക് എൻറേതായ ലോകം പടുത്തുയർത്തണമെന്നായിരുന്നു ആഗ്രഹം. ഞാനതിന് വേണ്ടി നിന്നില്ലായിരുന്നെങ്കിൽ ഞാൻ എന്നോടും എൻറെ കഴിവിനോടും തന്നെ കാണിക്കുന്ന എത്ര വലിയ അനീതിയായി മാറിയേനെ അത്.

നല്ലൊരു റിലേഷൻഷിപ്പ് എന്നാൽ അതിൽ രണ്ട് വ്യക്തികളും പരസ്പരം ജീവിതത്തിൽ ഉണ്ടായിരിക്കെ തന്നെ വളർച്ച കൈവരിക്കലാണ്. വ്യക്തികൾ സ്വതന്ത്രരായിരിക്കണം അല്ലാതെ അടിച്ചമർത്തപ്പെടുകയല്ല വേണ്ടത്.

എനിക്കറിയാം എൻറെ ചിന്താഗതി അൽപം വ്യത്യസ്തമാണ്. ഒരുദാഹരണം പറയാം. റിലേഷൻഷിപ്പിൽ സ്ത്രീയെയും പുരുഷനെയും ഞാൻ വെവ്വേറെ ആയിട്ടേ കാണുന്നില്ല. നിങ്ങൾ എന്ന വ്യക്തിക്ക് മുകളിൽ ആ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ?...'- തബു പറയുന്നു.

തബുവിൻറെ ഈ വാക്കുകൾ നിരവധി പേരുടെ ശ്രദ്ധയാണ് കവർന്നിരിക്കുന്നത്. മുമ്പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും തബു പരസ്യമായി പറഞ്ഞിട്ടുണ്ട്.

നടൻ അജയ് ദേവ്‍ഗണുമായുള്ള ബന്ധമാണ് തബു അവിവാഹിതയായി തുടരാനുള്ള കാരണമെന്ന് മുമ്പൊരു അഭിമുഖത്തിലെ ചില ഭാഗങ്ങളെ മാത്രം മുൻനിർത്തി വാർത്തകൾ പ്രചരിച്ചപ്പോൾ തങ്ങൾ നല്ല സുഹൃത്തുക്കളാണ്, കൗമാരകാലഘട്ടത്തിലേ ഉള്ള സൗഹൃദമാണെന്നായിരുന്നു തബു പ്രതികരിച്ചിരുന്നത്.

തബു തന്നെ നേരിട്ട് വ്യക്തമാക്കിയതാണെങ്കിലും ഇപ്പോഴും അജയ് ദേവ്ഗണുമായി ചേർത്തുവച്ചുള്ള ചർച്ചകൾ തബുവിനെ ചുറ്റിപ്പറ്റി വരാറുണ്ട് എന്നതാണ് സത്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/160100/married-tabu-clarified-reason-remaining-single)