---
title: "#kbganeshkumar | 'സുരേഷ് ഗോപി ദുരുദ്ദേശമുള്ളയാളല്ല, പക്ഷെ ഇത് വേണ്ടിയിരുന്നില്ല, ആ കുട്ടി മാന്യമായി പെരുമാറി'; ​ഗണേഷ് കുമാർ!"
english_title: "#kbganeshkumar #openup #opinion #sureshgopi #related #controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160083/kbganeshkumar-openup-opinion-sureshgopi-related-controversy"
published_at: "2023-11-06T20:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549058be552c_ganesh.jpg"
keywords: []
---

# #kbganeshkumar | 'സുരേഷ് ഗോപി ദുരുദ്ദേശമുള്ളയാളല്ല, പക്ഷെ ഇത് വേണ്ടിയിരുന്നില്ല, ആ കുട്ടി മാന്യമായി പെരുമാറി'; ​ഗണേഷ് കുമാർ!

> **Lead Summary:** **മാ**ധ്യമങ്ങൾ മുഴുവനും സോഷ്യൽമീഡിയയിലും ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സുരേഷ് ​ഗോപിയുടെ പേരാണ്. കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയപ്പോൾ മുതലാണ് താരം ഒരു ചർച്ച വിഷയമായി മാറിയത്. ബൈറ്റ് എടുക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ​ഗോപി കൈ വെക്കുകയാണ് ചെയ്തത്. രണ്ട് തവണ ആ സ്ത്രീ ഒഴിഞ്ഞ് മാറിയിട്ടും വീണ്ടും സുരേഷ് ​ഗോപി അത് തന്നെ ആവർത്തിച്ചു. സംഭവത്തിൽ പിന്നീട് മാപ്പ് പറഞ്ഞ് സുരേഷ് ​ഗോപി എത്തിയിരുന്നു. 

## Article Content

**മാ**ധ്യമങ്ങൾ മുഴുവനും സോഷ്യൽമീഡിയയിലും ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സുരേഷ് ​ഗോപിയുടെ പേരാണ്. കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയപ്പോൾ മുതലാണ് താരം ഒരു ചർച്ച വിഷയമായി മാറിയത്. ബൈറ്റ് എടുക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ​ഗോപി കൈ വെക്കുകയാണ് ചെയ്തത്. രണ്ട് തവണ ആ സ്ത്രീ ഒഴിഞ്ഞ് മാറിയിട്ടും വീണ്ടും സുരേഷ് ​ഗോപി അത് തന്നെ ആവർത്തിച്ചു. സംഭവത്തിൽ പിന്നീട് മാപ്പ് പറഞ്ഞ് സുരേഷ് ​ഗോപി എത്തിയിരുന്നു. 

താൻ ഒരു അച്ഛന്റെ വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. എന്നാൽ നടന്റേത് മാപ്പ് പറച്ചിലായല്ല വിശദീകരണമായാണ് തോന്നിയത് എന്നാണ് മാധ്യമപ്രവർത്തക പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക കേസ് ഫയൽ ചെയ്യുകയും ചെയ്തു. അതിന്റെ തുടർ നടപടികൾ കോടതി വഴി ഉണ്ടാകും. 

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തി ആരാധകരെ സമ്പാദിച്ച സെലിബ്രിറ്റിയാണ് സുരേഷ് ​ഗോപി. മുഖം നോക്കാതെ സ്വന്തം കീശയിൽ നിന്ന് വരെ പണം ചിലവഴിച്ച് ആളുകളെ സഹായിക്കാൻ സുരേഷ് ​ഗോപി തയ്യാറാകാറുണ്ട്. അതുകൊണ്ട് തന്നെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന സംഭവത്തിൽ സുരേഷ് ​ഗോപിയെ അനുകൂലിക്കുന്നവർ‌ നിരവധിയാണ്. 

സിനിമാ താരങ്ങൾ അടക്കം സുരേഷ് ​ഗോപിയെ അനുകൂലിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു. എന്നാൽ സുരേഷ് ​ഗോപിയുടെ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് പറയുകയാണ് ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ​ഗണേഷ് കുമാർ. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ​ഗണേഷ് കുമാർ പറയുന്നത്. 

എഡിറ്റോറിയൽ ലൈവിനോട് സംസാരിക്കവെയാണ് സുരേഷ് ​ഗോപി വിവാദത്തിൽ ​ഗണേഷ് കുമാർ പ്രതികരിച്ചത്. 'എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ.... പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്.'

'കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റി. ആ കുട്ടിക്ക് വേണമെങ്കിൽ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു.' 

'പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ​ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ​ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല.' 'ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം.

സുരേഷ് ​ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നാണ്', സുരേഷ് ​ഗോപി വിഷയത്തിൽ പ്രതികരിച്ച് ​ഗണേഷ് കുമാർ പറഞ്ഞത്. ഈ വിഷയത്തിൽ ​ഗണേഷ് കുമാർ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞത് മാന്യമായ അഭിപ്രായമാണെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

സുരേഷ് ​ഗോപി തന്റെ ഏറ്റവും പുതിയ സിനിമ ​ഗരുഡൻ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന സന്തോഷത്തതിലാണ്. സിനിമ കഴിഞ്ഞിറങ്ങിയവരെല്ലാം ഗംഭീര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഏറെ നാളുകൾക്കുശേഷം സുരേഷ് ഗോപിയുടെ കരുത്തുറ്റ പ്രകടനം കാണാനായി എന്നും പ്രേക്ഷകർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/160083/kbganeshkumar-openup-opinion-sureshgopi-related-controversy)