---
title: "#viral | 'അമ്പമ്പോ... പൂച്ചയുടെ നാക്ക്, പൂച്ചയുടെ നാവിന്‍റെ ഞെട്ടിക്കുന്ന ക്ലോസപ്പ് ദൃശ്യങ്ങൾ കാണാം"
english_title: "#cat's #tongue #Here's #shocking #closeup #cat's #tongue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159187/cats-tongue-heres-shocking-closeup-cats-tongue"
published_at: "2023-11-03T14:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544ba40bc97f_viral.jpg"
keywords: []
---

# #viral | 'അമ്പമ്പോ... പൂച്ചയുടെ നാക്ക്, പൂച്ചയുടെ നാവിന്‍റെ ഞെട്ടിക്കുന്ന ക്ലോസപ്പ് ദൃശ്യങ്ങൾ കാണാം

> **Lead Summary:** പുറമേ നിന്ന് നോക്കുമ്പോൾ വളരെ ഭംഗിയുള്ള ജീവികളാണ് പൂച്ചകൾ. ആയിരക്കണക്കിന് നൂറ്റാണ്ടുകളായി മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളാണിവ.

## Article Content

പുറമേ നിന്ന് നോക്കുമ്പോൾ വളരെ ഭംഗിയുള്ള ജീവികളാണ് പൂച്ചകൾ. ആയിരക്കണക്കിന് നൂറ്റാണ്ടുകളായി മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളാണിവ.

എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും പൂച്ചയുടെ നാവുകൾ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടോ? പരിശോധിച്ചിട്ടുണ്ടെങ്കിൽ ആ കാഴ്ച ചിലപ്പോൾ നിങ്ങളുടെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിയേക്കാം. കാരണം അല്പം ഭയാനകമായ ഒരു കാഴ്ച തന്നെയാണ് അത് സമ്മാനിക്കുന്നത്. ഇനി പൂച്ചയുടെ നാവ് അത്ര സൂക്ഷ്മമായി കണ്ടിട്ടില്ലാത്തവരാണെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

വെറ്റ് പീറ്റർ കാർലോസ് എന്ന സാമൂഹിക മാധ്യമ ഉപയോക്താവ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. ഒരു പൂച്ചയുടെ നാവിന്‍റെ ക്ലോസപ്പ് ദൃശ്യങ്ങളാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്.

[**https://www.instagram.com/reel/CygvxMypk4A/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/CygvxMypk4A/?utm_source=ig_embed&utm_campaign=loading)

ഈ കാഴ്ച ആദ്യമായി കാണുന്നവരാണെങ്കിൽ തീർച്ചയായും അത് നിങ്ങളിൽ അല്പം അമ്പരപ്പും ഭയവും ഒക്കെ നിറയ്ക്കും. 'അയ്യോ ഇങ്ങനെ ആയിരുന്നോ പൂച്ചയുടെ നാവ്' എന്ന് ചിന്തിച്ചു പോകും.

പൂച്ചയുടെ നാവിലെ പാപ്പില്ലെ എന്നറിയപ്പെടുന്ന ആകർഷകമായ സവിശേഷത വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ. സ്പൈക്കുകൾ പോലെയാണ് പൂച്ചയുടെ നാവിൽ 'പാപ്പില്ലെ' കാണപ്പെടുന്നത്.

ഇത് അവയുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും നിർണായക പങ്കു വഹിക്കുന്നു. ഈ സ്പൈക്കുകൾ വലിയ അളവിൽ ഉമിനീർ വായിൽ നിന്ന് രോമങ്ങളിലേക്ക് മാറ്റുന്നു, ഇത് പൂച്ചയുടെ ചർമ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല ശരീര താപനില കുറയ്ക്കുകയും ചെയ്യുന്നുവെന്ന് നാഷണൽ ജിയോഗ്രാഫിക് പറയുന്നു.

സാമൂഹിക മാധ്യമത്തില്‍ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കണ്ട ചിലർ പൂച്ചയുടെ നാവിന്‍റെ ഘടന കണ്ട് അമ്പരപ്പ് പ്രകടിപ്പിച്ചപ്പോൾ മറ്റൊരു വിഭാഗം പൂച്ചയുടെ നാവിന്‍റെ പ്രത്യേകതകളെക്കുറിച്ച് കൂടുതലാറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു.

ഈ പാപ്പില്ലകൾക്ക് ഇനിയുമുണ്ട് ഏറെ അതിശയകരമായ ഉപയോഗങ്ങൾ. എല്ലുകളിൽ നിന്ന് മാംസം നീക്കം ചെയ്യാൻ അവ മികച്ചതാണ്, ഇത് ഇരയിൽ നിന്ന് പരമാവധി പോഷണം ഏറ്റവും വേഗത്തിലും കാര്യക്ഷമമായും വേർതിരിച്ചെടുക്കാൻ സഹായിക്കുന്നു.

വളരെ വേഗത്തിൽ വെള്ളം കുടിക്കാനും പൂച്ചകളെ സഹായിക്കുന്നതും നാവുകളുടെ ഈ പ്രത്യേകതയാണ്. ശരീരത്തിലെ രോമങ്ങൾ പൂച്ച ചീകി ഒതുക്കുന്നതും ഈ പാപ്പില്ലകള്‍ കൊണ്ടാണെന്ന് ക്യാറ്റ്സ് പ്രൊട്ടക്ഷൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/159187/cats-tongue-heres-shocking-closeup-cats-tongue)