---
title: "#BasilJoseph | താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ; ആ ചിത്രത്തെക്കുറിച്ച് ബേസില്‍ ജോസഫ്"
english_title: "#movie #watched #most #times #life #BasilJoseph #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/159058/movie-watched-most-times-life-basiljoseph-film"
published_at: "2023-11-03T07:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654459329b8c9_basil.jpg"
keywords: []
---

# #BasilJoseph | താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ; ആ ചിത്രത്തെക്കുറിച്ച് ബേസില്‍ ജോസഫ്

> **Lead Summary:** **[ യു**വനിരയിലെ പല സംവിധായകരും മികച്ച അഭിനേതാക്കളുമാണ്. അക്കൂട്ടത്തിൽപ്പെട്ടയാളാണ് ബേസിൽ. സംവിധായകനെന്ന നിലയിൽ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള ബേസിൽ നടനെന്ന നിലയിലും പലകുറി കൈയടി നേടി.

## Article Content

**[ യു**വനിരയിലെ പല സംവിധായകരും മികച്ച അഭിനേതാക്കളുമാണ്. അക്കൂട്ടത്തിൽപ്പെട്ടയാളാണ് ബേസിൽ. സംവിധായകനെന്ന നിലയിൽ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള ബേസിൽ നടനെന്ന നിലയിലും പലകുറി കൈയടി നേടി.

സംവിധായകനെന്ന നിലയിൽ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടനെന്ന നിലയിൽ ബേസിലിൻറേതായി നാലോളം ചിത്രങ്ങൾ എത്താനുണ്ട്. ഇപ്പോഴിതാ കൗതുകകരമായ ഒരു വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുകയാണ് ബേസിൽ.

താൻ ജീവിതത്തിൽ ഏറ്റവുമധികം തവണ കണ്ട ചിത്രം ഏതെന്ന വിവരമാണ് അത്. പ്രിയദർശൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1991 ൽ പുറത്തെത്തിയ എവർ​ഗ്രീൻ കോമഡി ഡ്രാമ ചിത്രം കിലുക്കമാണ് താൻ ഏറ്റവുമധികം തവണ കണ്ടിട്ടുള്ള സിനിമയെന്ന് ബേസിൽ പറയുന്നു. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇതേക്കുറിച്ച് പറയുന്നത്.

അതേസമയം ഫാലിമി എന്ന ചിത്രമാണ് ബേസിൽ നടനെന്ന നിലയിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്ന അടുത്ത ചിത്രം. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രമാണിത്. ‌

സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും നിർമ്മാണ പങ്കാളിയാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെർറ്റൈനർ ആയ ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിൽ നായകനായാണ് ബേസിൽ എത്തുന്നത്. ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്.

ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിതെന്നാണ് അണിയറക്കാർ പറയുന്നത്. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/159058/movie-watched-most-times-life-basiljoseph-film)