---
title: "#arungopy | എടാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല! അത് അദ്ദേഹം പറയണമെങ്കിൽ അദ്ദേഹത്തിന് ഒരു നേരുണ്ടാകണം -ദിലീപിന്റെ വാക്കുകൾ ഓർത്തെടുത്ത് അരുൺ"
english_title: "#director #arungopy #openup #his #ramaleela #related #controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158704/director-arungopy-openup-his-ramaleela-related-controversy"
published_at: "2023-11-01T19:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65425e1c061f4_dileep.jpg"
keywords: []
---

# #arungopy | എടാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല! അത് അദ്ദേഹം പറയണമെങ്കിൽ അദ്ദേഹത്തിന് ഒരു നേരുണ്ടാകണം -ദിലീപിന്റെ വാക്കുകൾ ഓർത്തെടുത്ത് അരുൺ

> **Lead Summary:** **സ**ച്ചിയുടെ തിരക്കഥയിൽ ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്തിട്ട് ആറ് വർഷം പിന്നിടുന്നു. തീർത്താൽ തീരാത്ത പ്രതിസന്ധികളിലൂടെ കടന്ന് വന്ന് ആദ്യ സിനിമ വിജയമാക്കിയ സംവിധായകനാണ് അരുൺ ​ഗോപി. രാമലീലയുടെ റിലീസ് തീരുമാനിച്ചപ്പോൾ ഉണ്ടായ നിർണായകമായ ആ സാഹചര്യം ഇതിന് മുമ്പ് മലയാളത്തിൽ മറ്റേതെങ്കിലും സംവിധായകൻ അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ മറുപടിയുണ്ടാവില്ല. ദിലീപ് ചിത്രം രാമലീല അരുൺ ഗോപിയുടെ അഞ്ച് വർഷം നീണ്ട സ്വപ്നം കൂടിയായിരുന്നു. 

## Article Content

**സ**ച്ചിയുടെ തിരക്കഥയിൽ ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്തിട്ട് ആറ് വർഷം പിന്നിടുന്നു. തീർത്താൽ തീരാത്ത പ്രതിസന്ധികളിലൂടെ കടന്ന് വന്ന് ആദ്യ സിനിമ വിജയമാക്കിയ സംവിധായകനാണ് അരുൺ ​ഗോപി. രാമലീലയുടെ റിലീസ് തീരുമാനിച്ചപ്പോൾ ഉണ്ടായ നിർണായകമായ ആ സാഹചര്യം ഇതിന് മുമ്പ് മലയാളത്തിൽ മറ്റേതെങ്കിലും സംവിധായകൻ അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ മറുപടിയുണ്ടാവില്ല. ദിലീപ് ചിത്രം രാമലീല അരുൺ ഗോപിയുടെ അഞ്ച് വർഷം നീണ്ട സ്വപ്നം കൂടിയായിരുന്നു. 

ദിലീപിനെപ്പോലെ സാറ്റലൈറ്റ് വാല്യുവും ജനപ്രീതിയുമുള്ള താരത്തെ നായകനാക്കി കന്നി ചിത്രം സംവിധാനം ചെയ്യുമ്പോൾ അരുണിന് പ്രതീക്ഷകൾ വാനോളമായിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിലുള്ള നിർമാണം കൂടിയായതോടെ വിജയപ്രതീക്ഷകൾ തന്നെയായിരുന്നു സംവിധായകനുണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും മേൽ ഇടിത്തീപോലെയാണ് ദിലീപിന്റെ അറസ്റ്റും തുടർന്നുള്ള സംഭവങ്ങളും നടന്നത്. 

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിസന്ധികൾക്കും വിരാമമിട്ട് രാമലീല 2017 സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തി. ദിലീപ് ഇനി ഇല്ല എന്ന് പാടി നടന്നവരുടെയും വിമർശകരുടെയും വായടപ്പിച്ച വിജയമായിരുന്നു രാമലീലയ്ക്കുണ്ടായത്. ഏതൊരു നടനും തന്റെ കരിയറിൽ വഴിത്തിരിവായ ഒരു സിനിമ ഉണ്ടാക്കും. പക്ഷെ ഒരു സിനിമ തന്നെ ഒരു നടന് രണ്ടാം ജന്മം നൽകുക എന്നത് അപൂർവമായ കാര്യമാണ്. 

അതാണ് രാമലീലയിലൂടെ സംഭവിച്ചത്. സിനിമ എന്താണെന്ന് അരുൺ ഗോപിയോട് ചോദിച്ചാൽ സ്വപ്നമാണ് സിനിമയെന്ന മറുപടിയെ വരൂ. അതുകൊണ്ട് തന്നെ രാമലീല നേരിട്ട പ്രതിസന്ധിയെ കുറിച്ച് ചോദിച്ചാൽ അന്ന് നടന്നതൊന്നും വീണ്ടും ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നാണ് അരുൺ ​ഗോപി പറയുക. 

ഇപ്പോഴിതാ രാമലീല റിലീസിനോട് അടുപ്പിച്ച് ദിലീപിനെ ജയിലിൽ സന്ദർശിക്കാൻ പോയപ്പോഴുള്ള അനുഭവവും അന്ന് ദിലീപ് പറഞ്ഞ വാക്കുകളും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അരുൺ ​ഗോപി. 'ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘട്ടങ്ങളിൽ അതിന് അഭിമുഖീകരിക്കാൻ നമ്മൾ സ്വയം നമ്മളെ സജ്ജമാക്കും.' 

'അത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും എന്റെ പ്രൊജക്ടിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നത് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. അങ്ങനെ സംഭവിച്ചില്ലല്ലോ.' 'ഏറ്റവും മനോഹരമായ ഒരു ദിവസം അതിന്റെ റിലീസ് നടക്കാൻ സാഹചര്യവും പ്രകൃതിയും എല്ലാം വഴിയൊരുക്കുകയായിരുന്നു. ടോമിച്ചേട്ടൻ എന്നെ വിളിച്ച് റിലീസിന്റെ ആദ്യ ​ദിവസം പത്രത്തിൽ കൊടുക്കാൻ ഒരു തലക്കെട്ട് ചോദിച്ചു. വളരെ ക്രൂഷലായിട്ടുള്ള ഒരു ചോദ്യമായിരുന്നു. കാരണം എല്ലാ ചാനലുകളും കീറിമുറിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.'

'ചാനലുകളുടെ അന്തിചർച്ചകളിൽ പോലും വിഷയം രാമലീല കാണുമോ എന്നതായിരുന്നു. രാമലീല കാണരുതെന്ന് ഒരു പ്രമുഖ ചാനല്‍ അവതാരകന്‍ ആഹ്വാനം ചെയ്തു. അങ്ങനെ ഒരു ഘട്ടത്തിലാണ് സിനിമയെ കുറിച്ച് പത്രത്തിൽ കൊടുക്കാൻ ഒരു തലക്കെട്ട് ടോമിച്ചേട്ടൻ ചോദിച്ചത്. സിനിമയെ സ്നേഹിക്കുന്ന നാട്ടിൽ നാളെ മുതൽ രാമലീല എന്ന് കൊടുക്കാനാണ് ഞാൻ പറഞ്ഞത്. ആ വിശ്വാസമാണ് രാമലീല സിനിമയെ സംരക്ഷിച്ചത്.' 

'നല്ല സിനിമയാണെങ്കിൽ ഏത് ഘട്ടത്തിലും ആ സിനിമ വിജയമാകും. സിനിമ വിട്ട് പോകണമെന്ന് തോന്നിയിട്ടില്ല. നമ്മളെ കുറിച്ച് ആരെങ്കിലും ഒരു വാക്ക് മോശം പറഞ്ഞാൽ നമുക്ക് എത്രത്തോളം വേദനിക്കും... അങ്ങനെ ഉള്ളപ്പോൾ ഒരുപറ്റം ആളുകൾ കുറ്റപ്പെടുത്തുകയും ക്രൈസിസിൽ ആക്കുകയും ചെയ്തത് അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ അദ്ദേഹം അ​ദ്ദേഹത്തിലേക്ക് തന്നെ ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ വേദന ഭങ്കരമായിരിക്കും.' 

'സിനിമയുടെ റിലീസിന് തലേദിവസം ദിലീപേട്ടനെ കാണാൻ ജയിലിൽ പോയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒറ്റ കാര്യമെയുള്ളു. എടാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല... അതുകൊണ്ട് നമ്മുടെ സിനിമ സക്സസായിരിക്കും. നീ ധൈര്യമായി ഇറക്കാൻ പറഞ്ഞു. അത് അദ്ദേഹം പറയണമെങ്കിൽ അദ്ദേഹത്തിന് ഒരു നേരുണ്ടാകണം. ആ നേരായിരിക്കണം അദ്ദേഹത്തെ കൊണ്ട് അത് പറയിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ നേരിന്റെ പക്ഷത്താണ് ഞാനും. എന്റെ നിലപാടിൽ മാറ്റമില്ലെന്നും', അരുൺ ​ഗോപി രാമലീല റിലീസ് അനുഭവങ്ങൾ പങ്കിട്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158704/director-arungopy-openup-his-ramaleela-related-controversy)