---
title: "#ankitalokhande | ഒരു രാത്രി കൊണ്ട് എല്ലാം അവസാനിച്ചു; കാരണം പോലും പറഞ്ഞില്ല; സുശാന്തുമായി പിരിഞ്ഞതിനെക്കുറിച്ച് അങ്കിത"
english_title: "#ankitalokhande #sushantsinghrajput #breakup #explanation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158305/ankitalokhande-sushantsinghrajput-breakup-explanation"
published_at: "2023-10-31T12:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540ac5e471f7_ankita.jpg"
keywords: []
---

# #ankitalokhande | ഒരു രാത്രി കൊണ്ട് എല്ലാം അവസാനിച്ചു; കാരണം പോലും പറഞ്ഞില്ല; സുശാന്തുമായി പിരിഞ്ഞതിനെക്കുറിച്ച് അങ്കിത

> **Lead Summary:** **ബോ**ളിവുഡ് മറക്കാനാ​ഗ്രഹിക്കുന്ന കാര്യമാണ് നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ മരണത്തിന് ശേഷമുണ്ടായ വിവാദങ്ങൾ. വിഷാദരോ​ഗം കാരണം ബുദ്ധിമുട്ടിയ സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് ഉൾക്കൊള്ളാൻ ഇപ്പോഴും നടന്റെ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. സുശാന്തിനെ മാനസികമായി ബാധിച്ചത് ബോളിവുഡിലെ സ്വജനപക്ഷപാതമാണെന്നാണ് ഇവർ വാദിക്കുന്നത്. സുശാന്തിന്റെ മരണ സമയത്ത് നടന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പം നിന്നത് മുൻ കാമുകി അങ്കിത ലോഖണ്ഡെയാണ്. 

## Article Content

**ബോ**ളിവുഡ് മറക്കാനാ​ഗ്രഹിക്കുന്ന കാര്യമാണ് നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ മരണത്തിന് ശേഷമുണ്ടായ വിവാദങ്ങൾ. വിഷാദരോ​ഗം കാരണം ബുദ്ധിമുട്ടിയ സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് ഉൾക്കൊള്ളാൻ ഇപ്പോഴും നടന്റെ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. സുശാന്തിനെ മാനസികമായി ബാധിച്ചത് ബോളിവുഡിലെ സ്വജനപക്ഷപാതമാണെന്നാണ് ഇവർ വാദിക്കുന്നത്. സുശാന്തിന്റെ മരണ സമയത്ത് നടന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പം നിന്നത് മുൻ കാമുകി അങ്കിത ലോഖണ്ഡെയാണ്. 

ഒരുകാലത്ത് ടെലിവിഷൻ പ്രേക്ഷകർക്കിടയിലെ പ്രിയ താരജോഡിയായിരുന്നു സുശാന്തും അങ്കിതയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച പവിത്ര റിഷ്ത എന്ന സീരിയൽ വൻ ഹിറ്റായിരുന്നു. ഈ സീരിയലിലൂടെ ലഭിച്ച ജനപ്രീതിയാണ് സുശാന്തിന് ബോളിവുഡിലേക്ക് കടക്കാൻ സഹായകരമാകുന്നത്. സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സുശാന്തും അങ്കിതയും തമ്മിൽ അടുക്കുന്നത്. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചതായിരുന്നു.

എന്നാൽ പിന്നീട് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. സുശാന്ത് ബോളിവുഡിലെ തിരക്കുകളിലേക്ക് കടന്നു. സുശാന്തുമായി ബ്രേക്കപ്പായതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ അങ്കിത. ഒരു രാത്രി കൊണ്ടാണ് തങ്ങളുടെ ബന്ധം തകർന്നതെന്ന് അങ്കിത പറയുന്നു. അവൻ പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കരിയറിൽ വിജയിച്ചപ്പോൾ ആളുകൾ സുശാന്തിനോട് തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് മനസ് മാറ്റിയിട്ടുണ്ടാകുമെന്നും നടി ചൂണ്ടിക്കാട്ടി. 

പിരിയുന്നതിന് തന്നോട് ഒരു വിശദീകരണവും സുശാന്ത് തന്നിട്ടില്ലെന്നും അങ്കിത തുറന്ന് പറഞ്ഞു. ബി​ഗ് ബോസ് ഷോയിൽ സംസാരിക്കവെയാണ് അങ്കിത മനസ് തുറന്നത്. അങ്കിതയുടെ ഭർത്താവ് വിക്കി ജെയ്നും ഷോയിൽ പങ്കെടുക്കുന്നുണ്ട്. വിവാഹം വരെ തീരുമാനിച്ച ബന്ധം ബ്രേക്കപ്പായപ്പോൾ സുശാന്തിന്റെയും അങ്കിതയുടെയും ആരാധകരും നിരാശരായി. 2016 ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിലെത്തിയപ്പോൾ അങ്കിതയുമായി താൻ വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്ന് സുശാന്ത് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിലൂടെ ബ്രേക്കപ്പായെന്ന കാര്യം സുശാന്ത് വ്യക്തമാക്കി. 

സുശാന്തുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നതിൽ പല വലിയ സിനിമകളുടെ ഓഫർ വന്നിട്ടും അങ്കിത വേണ്ടെന്ന് വെച്ചു. സുശാന്ത് അകന്നതോടെ അങ്കിത തകർന്ന് പോയി. ഇതിന്റെ ആഘാതം മാറാൻ ഒന്നര വർഷമെടുത്തെന്നും അങ്കിത നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ വിഷമഘട്ടത്തിൽ അങ്കിതയ്ക്ക് ആശ്വാസമായ വിക്കി ജെയ്ൻ ആണ്. 2021 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 

അങ്കിതയുമായി അകന്ന ശേഷം നടി റിയ ചക്രബർത്തിയാണ് സുശാന്തിന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന കാമുകി. സുശാന്തിന്റെ മരണത്തിന് ശേഷം റിയ ചക്രബർത്തി വിവാദത്തിലകപ്പെട്ടു. മരണത്തിന് പിന്നാലെ ബോളിവുഡിലെ ലഹരി കൈമാറ്റത്തെക്കുറിച്ച് നടന്ന അന്വേഷണത്തിൽ റിയ പ്രതിക്കൂട്ടിലായി. വിവാദങ്ങളെല്ലാം അവസാനിച്ച ശേഷം കരിയറിലേക്ക് ശ്രദ്ധ നൽകിയിരിക്കുകയാണ് റിയ ചക്രബർത്തി. 

സുശാന്തിന് സംഭവിച്ചതിനെക്കുറിച്ച് റിയ നേരത്തെ സംസാരിച്ചിട്ടുണ്ട്. വിഷാദരോ​ഗം സുശാന്തിനെ അലട്ടിയിരുന്നെന്നാണ് റിയ വെളിപ്പെടുത്തിയത്. സുശാന്തിനെ സഹായിക്കാൻ ശ്രമിക്കവെ താനും മാനസികമായി തകർന്ന് പോയി. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുശാന്തിന്റെ ഫ്ലാറ്റിൽ നിന്നും മാറി താമസിച്ചിരുന്നെന്നും റിയ ചക്രബർത്തി വ്യക്തമാക്കി. സുശാന്തിന്റെ ആത്മ​ഹത്യയിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഇന്നും അവസാനിച്ചിട്ടില്ല. നടന്റെ കുടുംബവും ഇതേ വാദത്തിൽ ഉറച്ച് നിൽക്കുകയാണ്. നടന്റെ മരണത്തിന് ശേഷം ബോളിവുഡിലെ കുടുംബ വാഴ്ച വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158305/ankitalokhande-sushantsinghrajput-breakup-explanation)