---
title: "#rsukumaran | ദിലീപ് ഇനി രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്! എന്റെയും മറ്റുള്ളവരുടെയും കണ്ണീരിന് കാരണമാണ്; ദിലീപിനെതിരെ സംവിധായകൻ "
english_title: "#director #rsukumaran #reveals #what #happened #film #planned #dileep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157817/director-rsukumaran-reveals-what-happened-film-planned-dileep"
published_at: "2023-10-29T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e0a4379965_dileep.jpg"
keywords: []
---

# #rsukumaran | ദിലീപ് ഇനി രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്! എന്റെയും മറ്റുള്ളവരുടെയും കണ്ണീരിന് കാരണമാണ്; ദിലീപിനെതിരെ സംവിധായകൻ 

> **Lead Summary:** **മല**യാള സിനിമയിലെ മുതിർന്ന സംവിധായകരിൽ ഒരാളാണ് ആർ സുകുമാരൻ. കരിയറിൽ ആകെ മൂന്ന് സിനിമകളെ ഒരുക്കിയിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ അറിയപ്പെടുന്ന സംവിധായകനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളായ പാദമുദ്രയും രാജശിൽപിയും സംവിധാനം ചെയ്തത് ആർ സുകുമാരനാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 2010 ൽ യുഗപുരുഷൻ എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

## Article Content

**മല**യാള സിനിമയിലെ മുതിർന്ന സംവിധായകരിൽ ഒരാളാണ് ആർ സുകുമാരൻ. കരിയറിൽ ആകെ മൂന്ന് സിനിമകളെ ഒരുക്കിയിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ അറിയപ്പെടുന്ന സംവിധായകനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളായ പാദമുദ്രയും രാജശിൽപിയും സംവിധാനം ചെയ്തത് ആർ സുകുമാരനാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 2010 ൽ യുഗപുരുഷൻ എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

ഇതിനിടയിൽ ദിലീപിനെ നായകനാക്കി ഒരു സിനിമയും അദ്ദേഹം പ്ലാൻ ചെയ്തിരുന്നു. എന്നാൽ ദിലീപ് പിന്മാറിയതോടെ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ, അതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആർ സുകുമാരൻ. തന്നെ വളരെയധികം വേദനിപ്പിച്ച സംഭവമാണ് അതെന്ന് സുകുമാരൻ പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്‌. ദിലീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുകുമാരൻ സംസാരിക്കുന്നത്. 

'ദിലീപിനെ വെച്ച് ചെയ്യാൻ ഇരുന്നത് പ്രായം കൊണ്ട് വ്യത്യാസം വരുന്ന ഒരാളുടെ കഥയാണ്. അഭിനയത്തിന് പ്രാധാന്യമുള്ള സിനിമ ആയിരുന്നു അത്. നിർമാതാവ് അനിൽ അമ്പലക്കര അതിന്റെ സ്ക്രിപ്റ്റ് വായിച്ച ശേഷം എത്ര രൂപ വേണമെങ്കിലും ഇറക്കാൻ തയ്യാറാണ് എന്ന് പറഞ്ഞതാണ്. ദിലീപിനോട് കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. ഞാനും നിർമാതാവും നേരിട്ട് ചെന്ന് അഡ്വാൻസ് നൽകി. പക്ഷെ ഇവരെയൊക്കെ ആരോ നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇയാൾ ഒഴിയുന്നുമില്ല, ചെയ്യുന്നുമില്ല എന്ന രീതിയിൽ കുറേക്കാലം നിന്നു. അവസാനം അഡ്വാൻസ് തിരിച്ചു വാങ്ങി', .

'അങ്ങനെയാണ് ആ സിനിമ നടക്കാതെ പോകുന്നത്. ഇത് അയാൾ ആയിട്ട് വേണ്ടെന്ന് വെച്ചതല്ല, അയാൾക്ക് ഒപ്പമുള്ളവർ അയാളെ പറഞ്ഞു തിരുത്തിയതാണ് എന്നാണ് കരുതുന്നത്. ആദ്യം ഒരുപാട് വിഷമം തോന്നി. പിന്നീട് സന്തോഷമാണ് തോന്നിയത്. ഇവനെ പോലെ ഒരുത്തന്റെ കൂടെ വർക്ക് ചെയ്യേണ്ടി വന്നില്ലല്ലോ എന്ന സന്തോഷം. പിന്നീട് ഞാൻ അയാളെ വെച്ച് ഒരു സിനിമയും ആലോചിച്ചിട്ടില്ല. അവന്റെ സിനിമകൾ പോലും ഞാൻ കാണാറില്ല. ഒരുപാട് വേദനിപ്പിച്ചു', സുകുമാരൻ പറയുന്നു. 

'ഇപ്പോൾ അയാളുടെ സിനിമകൾ ഒന്നും വിജയിക്കുന്നില്ലല്ലോ. എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാകും അത്. ഇനി രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്. ആളുകളൊക്കെ വെറുത്തു തുടങ്ങി. തിയേറ്ററിൽ ഇയാളുടെ ഫാൻസ്‌ അല്ലാതെ ആരുമില്ല. ദിലീപ് തെറ്റുകൾ മനസിലാക്കി വന്നാലും ഞാൻ ഇനി അയാളെ വെച്ച് സിനിമ ചെയ്യില്ല. മാനസികമായി പലർക്കും അയാളോട് വെറുപ്പാണെന്നാണ് ഞാൻ കരുതുന്നത്', സുകുമാരൻ കൂട്ടിച്ചേർത്തു.

അതേസമയം മമ്മൂട്ടിയും മോഹൻലാലുമായൊന്നും താരതമ്യം ചെയ്യാൻ പോലും കഴിയാത്ത ആളാണ് ദിലീപ് എന്നും അദ്ദേഹം തുറന്നടിച്ചു. സാധാരണ ഒരു ലോക്കൽ പാർട്ടി ആയിട്ടേ കാണാൻ സാധിക്കൂ. നല്ലൊരു കഥാപാത്രം ചെയ്തിട്ടില്ല. നല്ലൊരു വേഷം ചെയ്തതായി താൻ കണ്ടിട്ടില്ലെന്നും സുകുമാരൻ പറഞ്ഞു. നേരത്തെ നിർമാതാവ് അനിൽ അമ്പലക്കരയും സുകുമാരന്റെ സിനിമയിൽ നിന്നും ദിലീപ് പിന്മാറിയതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒപ്പമുള്ളവരുടെ വാക്കുകേട്ട് നടൻ പിന്മാറിയെന്ന ആരോപണമാണ് അദ്ദേഹവും ഉന്നയിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/157817/director-rsukumaran-reveals-what-happened-film-planned-dileep)