---
title: "#Sureshgopi | തെലുങ്കും കന്നഡയുമെല്ലാം എന്നെ സംബന്ധിച്ച് ഇപ്പോഴും ഒരു തടസ്സം തന്നെയാണ് - സുരേഷ് ഗോപി"
english_title: "#SureshGopi #reason #staying #away #from #other #languages #Clarifying"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155481/sureshgopi-reason-staying-away-from-other-languages-clarifying"
published_at: "2023-10-20T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532463ac9c7c_movi3aa.jpg"
keywords: []
---

# #Sureshgopi | തെലുങ്കും കന്നഡയുമെല്ലാം എന്നെ സംബന്ധിച്ച് ഇപ്പോഴും ഒരു തടസ്സം തന്നെയാണ് - സുരേഷ് ഗോപി

> **Lead Summary:** ** മ**ലയാള സിനിമയിൽ ഒരു പാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന നടനാണ് സുരേഷ് ഗോപി. രാഷ്ട്രീയ തിരക്കുകൾക്കിടയിലും സിനിമയിൽ സജീവമാണ് സുരേഷ് ഗോപി. ഇടക്കൊന്ന് കരിയറിൽ ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി.

## Article Content

** മ**ലയാള സിനിമയിൽ ഒരു പാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന നടനാണ് സുരേഷ് ഗോപി. രാഷ്ട്രീയ തിരക്കുകൾക്കിടയിലും സിനിമയിൽ സജീവമാണ് സുരേഷ് ഗോപി. ഇടക്കൊന്ന് കരിയറിൽ ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ഗരുഡൻ' ആണ് ഏറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള താരത്തിന്റെ ചിത്രം. അഭിനയ ജീവിതത്തിനിടയിൽ തമിഴിൽ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മറ്റു നടന്മാരെ പോലെ അന്യഭാഷകളിൽ അത്ര സജീവമല്ല താരം. മറ്റു ഭാഷകളിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.

'കന്നഡയും തെലുങ്കുമെല്ലാം ഇപ്പോഴും എനിക്ക് വളരെ രൂക്ഷമായ ഒരു സ്വപ്നമായിട്ടാണ് ഞാൻ കരുതുന്നത്, ഞാൻ കുറച്ചെങ്കിലും ചിത്രങ്ങൾ ചെയ്തിട്ടുള്ളത് തമിഴിലാണ്. മലയാളം സംസാരിക്കുന്നതിനേക്കാൾ നന്നായിട്ട് തമിഴ് എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതുകൊണ്ടാണത്. അതെന്റെ കംഫർട്ട്സോൺ ആയിരുന്നു. തെലുങ്കിൽ നിന്നും കന്നഡയിൽ നിന്നും ഒരുപാട് സിനിമകൾ എന്നെ തേടി വന്നിരുന്നു. പക്ഷേ ഞാൻ വിചാരിച്ചത് പൈസ കുറച്ചു കുറവാണെങ്കിലും ഞാനെന്റെ ഭാഷയിൽ നിന്നുകൊണ്ട് എന്റെ കംഫർട്ട്സോണിൽ നിന്നുകൊണ്ട് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നതാവും നല്ലതെന്നാണ്.

തെലുങ്കും കന്നഡയുമെല്ലാം എന്നെ സംബന്ധിച്ച് ഇപ്പോഴും ഒരു തടസ്സം തന്നെയാണ്. ഹിന്ദിയാണെങ്കിലും ഇംഗ്ലീഷ് ആണെങ്കിലും എനിക്ക് പ്രയാസമില്ല. പക്ഷെ കന്നഡയും തെലുങ്കുമെല്ലാം ഇപ്പോഴും എനിക്ക് വളരെ രൂക്ഷമായ ഒരു സ്വപ്നമായിട്ടാണ് ഞാൻ കരുതുന്നത്. ഭാഷ എന്ന നിലയിൽ അത് രണ്ടും എനിക്ക് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. ഒരുപക്ഷേ ഞാൻ എന്റെ സ്വന്തം ഭാഷയ്ക്ക് കൂടുതൽ ഊന്നൽ നൽകിയത് കൊണ്ടാകാം പല അവസരങ്ങളും ഞാൻ ഉപയോഗിക്കാഞ്ഞത്.

എന്തുകൊണ്ട് മറ്റു ഭാഷകളിലെ അവസരം നഷ്ടപ്പെട്ടു എന്ന ചോദ്യത്തിന് അതിന്റെ കാരണം പറഞ്ഞ് അതൊരു തള്ളാക്കി മാറ്റാൻ എനിക്ക് താല്പര്യമില്ല. ദൈവമേൽപ്പിച്ച ഒരു ഉദ്യമത്തിൽ നിന്ന്, എന്റെ രക്തമാണെന്ന് വിശേഷിപ്പിക്കാവുന്ന തൊഴിലിൽ നിന്ന് പലപ്പോഴും പല കാരണങ്ങൾ കൊണ്ട് എനിക്ക് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ എനിക്കൊരുപാട് നല്ല സമയം സിനിമയിൽ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അതുകൊണ്ട് ഇനി അക്കാരണവും പറഞ്ഞ് സിനിമ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. നല്ല സിനിമകൾ മാത്രം തെരഞ്ഞെടുക്കുക എന്നല്ല മറിച്ച് ചെയ്യുന്ന സിനിമകൾ നല്ല സിനിമകളാക്കി മാറ്റാനാണ് ഞാൻ ശ്രമിക്കുക,' സുരേഷ് ഗോപി പറയുന്നു. ഗരുഡൻ സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

### Related Links & Sources
- [Original Story Source](https://moviemax.in/news/155481/sureshgopi-reason-staying-away-from-other-languages-clarifying)