---
title: "#Adithyan  |  ആ ചിരി ഇനിയില്ല; സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യന്റെ വേർപാടിന്റെ വേദനയിൽ സീരിയൽ ലോകം"
english_title: "#smile #nomore #Santhvanam #serial #director #Adithyan #passedaway #serial #world"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155088/smile-nomore-santhvanam-serial-director-adithyan-passedaway-serial-world"
published_at: "2023-10-19T13:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530e3441e66e_adi_1.jpg"
keywords: []
---

# #Adithyan  |  ആ ചിരി ഇനിയില്ല; സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യന്റെ വേർപാടിന്റെ വേദനയിൽ സീരിയൽ ലോകം

> **Lead Summary:** മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി സാന്ത്വനം മാറി കഴിഞ്ഞു. 2020ൽ ആരംഭിച്ച സീരിയൽ തുടക്കം മുതൽ ഇതുവരെയും ഒരിക്കൽ പോലും ജനപ്രീതിയുടെ കാര്യത്തിൽ പിന്നിലേക്ക് പോയിട്ടില്ല. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും അവ അവതരിപ്പിക്കുന്ന താരങ്ങളോടും കുടുംബത്തിലെ അം​ഗങ്ങളോടുള്ളത് പോലുള്ള സ്നേഹമാണ് പ്രേക്ഷകർക്കുള്ളത്.

## Article Content

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി സാന്ത്വനം മാറി കഴിഞ്ഞു. 2020ൽ ആരംഭിച്ച സീരിയൽ തുടക്കം മുതൽ ഇതുവരെയും ഒരിക്കൽ പോലും ജനപ്രീതിയുടെ കാര്യത്തിൽ പിന്നിലേക്ക് പോയിട്ടില്ല. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും അവ അവതരിപ്പിക്കുന്ന താരങ്ങളോടും കുടുംബത്തിലെ അം​ഗങ്ങളോടുള്ളത് പോലുള്ള സ്നേഹമാണ് പ്രേക്ഷകർക്കുള്ളത്.

നടി ചിപ്പി രഞ്ജിത്ത് മുതൽ ​ഗോപിക അനിൽ വരെയുള്ള താരങ്ങൾ സീരിയലിന്റെ ഭാ​ഗമാണ്. ശ്രീദേവി എന്ന കഥാപാത്രത്തെ അവതരപ്പിക്കാൻ തുടങ്ങിയശേഷം ചിപ്പിക്കും കുടുംബപ്രേക്ഷകരുടെ ഇടയിൽ ആരാധകർ വർധിച്ചു . ഇപ്പോഴിതാ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലിന്റെ അമരക്കാരനും സംവിധായകനുമായ ആദിത്യൻ അന്തരിച്ചുവെന്ന വാർത്തയാണ് പുറത്തുവന്നത്.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം സംഭവിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചത് . സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ് ആദിത്യന്‍ . കൊല്ലം അഞ്ചൽ സ്വദേശിയാണ് . ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആണ് താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.

സംഭവം അറിഞ്ഞ് സിനിമാ, സീരിയല്‍ പ്രവര്‍ത്തകര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് എത്തി. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകൻ. ആദിത്യന്റെ അപ്രതീക്ഷിത മരണം സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയൊരു ഷോക്കായി. സീരിയൽ താരങ്ങളായ മനോജ് കുമാർ, ഉമ നായർ, സീമ തുടങ്ങിയവരെല്ലാം ആദിത്യന്റെ അപ്രതീക്ഷിത മരണം അറിഞ്ഞ ആഘാതത്തിലാണ്. തന്റെ പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നാണ് മനോജ് കുമാർ കുറിച്ചത്.

പ്രണാമം ചേട്ടാ... എന്ത് പറയണം എന്നറിയില്ല ജീവിതത്തിൽ കൂടെ ചേർത്ത് നിർത്തി വളർത്തിയ ഓരോരുത്തരായി കണ്ണ് മുന്നിൽ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാൻ കരുത്ത് നൽകട്ടെ ഈശ്വരൻ എന്നാണ് ഉമ നായർ കുറിച്ചത്. സീമ ജി നായർ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആദിത്യനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. പ്രിയ സംവിധായകന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ലെന്നാണ് ആരാധകരും കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155088/smile-nomore-santhvanam-serial-director-adithyan-passedaway-serial-world)