logo

സ്നേഹമാണ് സച്ചിയുടെ ഭാഷ;സച്ചിയുടെ ഓർമകളുമായി ഭാര്യ സിജി

Published at Jun 19, 2021 12:20 PM സ്നേഹമാണ് സച്ചിയുടെ ഭാഷ;സച്ചിയുടെ ഓർമകളുമായി ഭാര്യ സിജി

മലയാള സിനിമയ്ക്ക് നഷ്ടത്തിന്റെ ആഴം അനുഭവിപ്പിച്ച് സച്ചി വിട വാങ്ങിയിട്ട് ഒരാണ്ട്. ഉറ്റവരെയും സൗഹൃദങ്ങളെയും തീരാനോവിലേക്ക് തള്ളിയിട്ടായിരുന്നു അകാലത്തിലുള്ള സച്ചിയുടെ മടക്കം. അദ്ദേഹത്തിന്റെ ഓര്‍മയിലൂടെ, സിനിമയ്ക്കപ്പുറത്തെ സച്ചിയെ പരിചയപ്പെടുത്തുകയാണ് ഇതാദ്യമായി ഭാര്യ സിജി. സൗഹൃദത്തില്‍ നിന്നാണ് പ്രണയത്തിലേയ്ക്കും പിന്നീട് ജീവിതത്തിലേയ്ക്കും തങ്ങൾ കാലെടുത്തുവച്ചതെന്ന് സിജി പറയുന്നു.

‘സ്നേഹമാണ് സച്ചിയുടെ ഭാഷ. അതിപ്പോൾ ഒരു കൊച്ചുകുട്ടിയോടായാലും അറുപതുകാരനോടായാലും സ്നേഹത്തിലൂടെ മാത്രമേ സച്ചി സംസാരിക്കാറുളളൂ. രണ്ട് മിനിറ്റെങ്കിലും സച്ചിയുടെ കൂടെ സംസാരിച്ച ആള്‍ക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ല. സച്ചി പോയതിനുശേഷം എന്നെ ആളുകൾ സമാധാനിപ്പിക്കുന്നതിനുപകരം ഞാൻ പലരെയും സമാധാനിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.’

‘സച്ചി ഏറ്റവും അടുത്ത ആളുകളോട് ഒരുപാട് സംസാരിക്കും. എന്നാൽ ഒരു അപരിചിതനായ വ്യക്തിയോട് സച്ചിയ്ക്ക് സംസാരിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. എനിക്കും അങ്ങനെ തന്നെയായിരുന്നു. ശരിക്കും വിമത സ്വരമായിരുന്നു സച്ചിയുടേത്. ഞങ്ങൾക്ക് സംസരിക്കാൻ ഒരുപാട് വിഷയങ്ങളുണ്ടായിരുന്നു. ശരിക്കും സുഹൃത്തുക്കളായിരുന്നു. അതാണ് പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും നയിച്ചത്.’–സിജി പറയുന്നു.


‘അന്നും കഥകൾ പറയുമായിരുന്നു. പക്ഷേ എനിക്ക് അതത്ര താൽപര്യം ഇല്ലായിരുന്നു. എന്നാൽ സൗഹൃദം വളർന്നതിനൊപ്പം സച്ചി പറയുന്ന കഥകൾ ഞാനും ശ്രദ്ധിച്ചുതുടങ്ങി, അഭിപ്രായം പറയാൻ തുടങ്ങി. സച്ചിയുടെ സിനിമകൾ ഞാൻ കണ്ടിട്ടില്ല, 2015–ന് ശേഷമുള്ള സച്ചിയുടെ സിനിമകളാണ് ഞാൻ കണ്ടിട്ടുള്ളത്.’

‘പിന്നീട് അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കിയതിന് ശേഷം ഞാൻ സച്ചിയോട് പറഞ്ഞിരുന്നു, ഇങ്ങനെയല്ല നിന്റെ സിനിമ വരേണ്ടത്, ഇതല്ലെന്ന്. അപ്പോൾ സച്ചി തന്നെ പറയുമായിരുന്നു, ‘ഇതല്ല എന്റെ സിനിമയെന്ന് എനിക്ക് അറിയാം.എന്നാൽ കച്ചവട സിനിമയുടെ ഭാഗമായി നിന്നാൽ മാത്രമേ സിനിമയിൽ വളരാൻ സാധിക്കുകയുള്ളൂ’. നമ്മൾ സ്വന്തമായി സിനിമ എടുക്കുന്ന കാലത്ത് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യുമെന്നും പറയുമായിരുന്നു. ഇതിനു മുമ്പ് വന്ന സിനിമകളൊക്കെ സച്ചിക്ക് ഇഷ്ടമുണ്ടായിട്ട് ചെയ്ത സിനിമകളേ അല്ല. സച്ചി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അതിന്റെ ഒരു തുടക്കമായിരുന്നു അയ്യപ്പനും കോശിയും.’


‘രഞ്ജിയേട്ടനായിരുന്നു ആ ചിത്രത്തിന്റെ നിര്‍മാതാവ്. പ്രതിള തെളിയിച്ച എഴുത്തുകാരന് വേണ്ടി സിനിമ എഴുതുമ്പോള്‍ കളിച്ച് ചിരിച്ച് എഴുതാനാകില്ലെന്ന് സച്ചി പറയുമായിരുന്നു. അങ്ങനെ എഴുതിയ സിനിമയാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും സിനിമ എഴുതുമ്പോൾ ഓരോ സീനുകൾ എഴുതി കഴിയുമ്പോഴും സച്ചി വിളിക്കുമായിരുന്നു.

‘സച്ചിയുടെ സിനിമകള്‍ക്കു വേണ്ടി ചില നിർദേശങ്ങൾ ഞാൻ പറയാറുണ്ടായിരുന്നു. അതു ശരിയാണെങ്കിൽ അംഗീകരിക്കാറുമുണ്ട്. അത്തരത്തിലുളള ചില മാറ്റങ്ങൾ അദ്ദേഹം എഴുതി തിരുത്തിയിട്ടുണ്ട്. അനാർക്കലി ചിത്രത്തിലെ ക്ലൈമാക്സിൽ ആദ്യം ചിന്തിച്ചത് പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിട്ടായിരുന്നു. അതിൽ ഞാനൊരു നിർദ്ദേശം പറഞ്ഞിരുന്നു. ‘ജീവിപ്പിക്കുന്നതല്ലേ നല്ലത്, ആളുകൾ അവർ ഒന്നിച്ച് ജീവിക്കുന്ന സന്തോഷത്തിൽ പോട്ടെ’ എന്ന് പറഞ്ഞിരുന്നു’.

‘ഞങ്ങളുടെ പ്രണയം പറയുന്നതിനേക്കാൾ സൗഹൃദത്തെക്കുറിച്ച് പറയുന്നതാകും നല്ലത്. അവസാനനിമിഷം വരെയും ഞങ്ങൾ തമ്മിൽ തീവ്രമായ പ്രണയം തന്നെയായിരുന്നു. ഞങ്ങളെപ്പോലെ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നുപോലും അറിയില്ല. പക്വത ഇല്ലാത്ത പ്രായത്തിലല്ല, പക്വത എത്തി ജീവിതം എന്താണെന്ന അനുഭവങ്ങൾ നേരിട്ടതിനു ശേഷമായിരുന്നു പ്രണയം തുടങ്ങിയത്. അതുകൊണ്ട് ആ പ്രണയത്തിന് തീവ്രത ഉണ്ടായിരുന്നു.’


‘സച്ചി ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അയ്യപ്പനും കോശിയുമാണ്. സച്ചിയുടെ റൺ ബേബി റൺ പോലും മുഴുവൻ കണ്ടിട്ടില്ല. സിനിമ കാണാത്ത ഒരാളായതുകൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന് സച്ചി പറയുമായിരുന്നു. ഒരുദിവസം ഈ സിനിമ എടുത്തിട്ട് ഞങ്ങൾ ഒന്നിച്ചു കാണാൻ തുടങ്ങി. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് എന്റെ മുഖം കണ്ടപ്പോൾ സച്ചിക്ക് മനസിലായി, ഇത് പാടാണെന്ന്.’

‘തൂവാനത്തമ്പികൾ ഞാൻ കണ്ടിട്ടില്ലായിരുന്നു. സച്ചിയുടെ ഓപ്പറേഷന് ഒരാഴ്ച മുൻപായിരുന്നു ഞാൻ തൂവാനത്തുമ്പികൾ കാണുന്നത്. സച്ചിയും മകനും മുറിയിൽ എന്നെ പൂട്ടിയിട്ടാണ് സിനിമ കാണിക്കുന്നത്. ഇതൊരു ഇതിഹാസത്തിന്റെ സിനിമയാണ്, സിനിമാക്കാരന്റെ ഭാര്യയായതിനാൽ നീ ഇത് കാണണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചിത്രം കണ്ടതിനു ശേഷം രാജുവിന് സച്ചി മെസേജ് അയച്ചു. കുറച്ച് കഴിഞ്ഞ് പൃഥ്വി തിരിച്ച് വിളിച്ച് ചെയ്യാമെന്നും പറഞ്ഞിരുന്നു. തൂവാനത്തുമ്പികൾ റിക്രീയേറ്റ് ചെയ്യണമെന്നത് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു.’

‘ചേട്ടായീസിൽ ലാല്‍ ചെയ്ത അഡ്വക്കേറ്റ് ജോൺ എന്ന കഥാപാത്രം സച്ചിയുടെ സ്വഭാവത്തോട് ചേർന്നു നിൽക്കുന്നതാണ്. പിന്നെ അയ്യപ്പനും സച്ചി തന്നെയാണ് കോശിയും സച്ചി തന്നെയാണ്. എല്ലാമെന്ന് ഞാൻ പറയുന്നില്ല, അതിലെ ചില മാനറിസങ്ങൾ മാത്രം. എന്തുകാര്യവും തമാശയോടെ മാത്രം എടുക്കുന്ന ആളാണ് സച്ചി. അതുകൊണ്ട് തന്നെ എന്തും പറയാനുള്ള സ്വാതന്ത്ര്യം സച്ചിയോട് ഉണ്ടായിരുന്നു.’

‘ഒരു കഥ വന്നുകഴിഞ്ഞാൽ അതിനെക്കുറിച്ച് പഠിക്കും. ഭയങ്കരമായി പരിശ്രമിച്ചാണ് എഴുത്തിലേയ്ക്ക് കടക്കുന്നത്. എഴുത്തിലേയ്ക്കു വന്നു കഴിഞ്ഞാൽ ഇറച്ചി, മീൻ, കള്ള്, സിഗററ്റ് എല്ലാം ഒറ്റയടിക്ക് നിർത്തും. പിന്നെ സന്യാസിയാണ്. നേരെ മൂകാംബികയിൽ ചെന്ന് തൊഴുത് എഴുത്തിലേയ്ക്ക് കയറും. പിന്നെ ഇവിടെ വന്നാൽ എന്നും അമ്പലത്തിൽ പോയി കുളിച്ച് റൂമിലേയ്ക്ക് കയറും. പതിനഞ്ച്, മുപ്പതുദിവസം കൊണ്ട് മുഴുവൻ സ്ക്രിപ്റ്റും എഴുതി തീർക്കും. രണ്ട് ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്താലും എനിക്കു വിളിക്കാൻ വേണ്ടി മാത്രം ഒരു നമ്പർ ഉണ്ടായിരുന്നു.’

‘അയ്യപ്പനും കോശിയും എഴുതുന്ന സമയത്ത് അവിടെ താമസിച്ച് അവിടുത്തെ ആളുകളുടെ ജീവിതരീതി മനസിലാക്കി എടുത്തിട്ടുണ്ട്. എങ്ങനെയാണ് ഒരു പൊലീസ് സ്റ്റേഷന്റെ അന്തരീക്ഷം, അവരുടെ സുഹൃദ്ബന്ധങ്ങൾ എങ്ങനെയാകും ഇതൊക്കെ സച്ചി അന്വേഷിച്ച് കണ്ടെത്തിയിരുന്നു. എല്ലാ സിനിമകളും ചെയ്യുമ്പോഴും ഈ സൂക്ഷമതകളൊക്കെ സച്ചി നിലനിർത്തിയിരുന്നു.’

‘വളരെ കെയറിങ്ങ് ആയിട്ടുള്ള ഭർത്താവ് ആയിരുന്നു സച്ചി. അദ്ദേഹം എല്ലാകാര്യവും ഓർമിച്ചിരുന്ന് ചെയ്യാറുണ്ട്. അട്ടപ്പാടിയിൽ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു എന്റെ പിറന്നാൾ. അന്ന് സർപ്രൈസായി വീട്ടിലെത്തി പിറന്നാൾ ആഘോഷിച്ചിരുന്നു.’–സിജി പറഞ്ഞു.


Love is Sachi's language; his wife siji with Sachi's memories

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories