---
title: "#indrans | ആളു മാറി ബ്രോക്കര്‍ക്ക് ചായ കൊടുത്ത് പെണ്ണ്, താലിമാല പൊക്കാനുള്ള ആരോഗ്യമുണ്ടോടാ എന്ന പരിഹാസം,  ഇന്ദ്രന്‍സിന്റെ കല്യാണക്കഥ  "
english_title: "#Actor #Indran's #wedding #story #getting #attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/141893/actor-indrans-wedding-story-getting-attention"
published_at: "2023-08-26T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9c88860c65_indrans.jpg"
keywords: []
---

# #indrans | ആളു മാറി ബ്രോക്കര്‍ക്ക് ചായ കൊടുത്ത് പെണ്ണ്, താലിമാല പൊക്കാനുള്ള ആരോഗ്യമുണ്ടോടാ എന്ന പരിഹാസം,  ഇന്ദ്രന്‍സിന്റെ കല്യാണക്കഥ  

> **Lead Summary:** നടൻ ഇന്ദ്രന്‍സിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല . വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രന്‍സ് സിനിമയിലെത്തുന്നത്. പിന്നീട് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. 

## Article Content

നടൻ ഇന്ദ്രന്‍സിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല . വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രന്‍സ് സിനിമയിലെത്തുന്നത്. പിന്നീട് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. 

തന്റെ അഭിനയ പ്രതിഭ കൊണ്ട് ഇന്ദ്രന്‍സ് മലയാളികളെ ഞെട്ടിച്ചു. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം അടക്കം അദ്ദേഹം സ്വന്തമാക്കി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഇന്ദ്രന്‍സിനെ തേടിയെത്തി. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരിക്കുകയാണ് ഇന്ദ്രന്‍സ്. നേട്ടങ്ങള്‍ പിന്നാലെ കൂടുമ്പോഴും ജീവിതത്തില്‍ ലാളിത്യം കാത്തുസൂക്ഷിക്കുന്നയാളാണ് ഇന്ദ്രന്‍സ്. 

ഇന്ദ്രന്‍സിന്റെ സിനിമയിലെ വളര്‍ച്ച പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു വിവാഹവും. ഒരുകാലത്ത് കല്യാണം വേണ്ട എന്നതായിരുന്നു ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്റെ നിലപാട്. മെലിഞ്ഞ ശരീരം കാരണം നേരിടേണ്ടി വന്ന പരിഹാസങ്ങളായിരുന്നു കാരണം. നിനക്ക് താലിമാല പൊക്കാനുള്ള ആരോഗ്യമുണ്ടോടാ എന്ന പരിഹാസം കേട്ട് തന്നെ കണ്ടാല്‍ പെണ്ണിന് പിടിക്കുമോ എന്ന സംശയമായിരുന്നു അന്നത്തെ സുരേന്ദ്രന്. 

കുടാതെ സിനിമക്കാരെക്കുറിച്ച് അന്ന് നാട്ടിലുണ്ടായിരുന്ന കാഴ്ചപ്പാടും വില്ലനായി. സിനിമയില്‍ വസ്ത്രാലങ്കാരവും ചെറിയ വേഷങ്ങളുമൊക്കെയായി പോവുകയായിരുന്നു. ഇങ്ങനെയൊക്കെയങ്ങ് പോകാം. കല്യാണമൊന്നും വേണ്ട എന്നായിരുന്നു നിലപാട്. പക്ഷെ അമ്മ ഗോമതി സമ്മതിച്ചില്ല.

മകന്‍ കല്യാണം കഴിക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചു. അമ്മയുടെ നിര്‍ബന്ധം കാരണം പെണ്ണുകാണാന്‍ പോയി. എല്ലാ ഞായറാഴ്ചയും പെണ്ണുകാണാന്‍ പോകും. ഒരിക്കല്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ ചെക്കന്‍ മാറിപ്പോയൊരു അനുഭവമുണ്ട് ഇന്ദ്രന്‍സിന്. ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ പെണ്ണ് ഇറങ്ങി വന്നു. എന്നാല്‍ പയ്യനാണെന്ന് തെറ്റിദ്ധരിച്ച് നേരെ ബ്രോക്കറുടെ അടുത്തേക്കായിരുന്നു പെണ്ണ് പോയത്. നാണത്തോടെ അവള്‍ ബ്രോക്കര്‍ക്ക് ചായ നീട്ടി. ഇതോടെ ഈ പണിക്ക് താനില്ലെന്ന് പറഞ്ഞ് ബ്രോക്കറേയും കൂട്ടി ഇറങ്ങിപ്പോരുകയായിരുന്നു ഇന്ദ്രന്‍സ്. 

പക്ഷെ അമ്മ വിട്ടില്ല. അങ്ങനെയാണ് ഇന്ദ്രന്‍സ് ശാന്തകുമാരിയെ പെണ്ണുകാണാന്‍ ചെല്ലുന്നത്. പെണ്ണ് വന്ന് പോയതോടെ പെണ്ണിന്റെ അച്ഛന്‍ ബ്രോക്കറേയും കൊണ്ട് പുറത്തേക്ക് പോയി. ഇതും നടക്കില്ലെന്നായിരുന്നു ഇന്ദ്രന്‍സ് കരുതിയത്.

എന്നാല്‍ ബ്രോക്കര്‍ ഓടി വന്ന് പെണ്ണിന് നിന്നെ ഇഷ്ടമായി സുരേന്ദ്രാ ഈ കല്യാണം നടക്കുമെന്ന് പറഞ്ഞു. ഇന്ദ്രന്‍സിന് ആദ്യം ബ്രോക്കര്‍ പറഞ്ഞത് വിശ്വാസമായില്ല. പിന്നാലെ പെണ്ണിന്റെ കാരണവര്‍ വന്ന് അടുത്ത നടപടികള്‍ ആലോചിക്കുകയല്ലേ എന്ന് ചോദിച്ചപ്പോഴാണ് വിശ്വാസമായത്. അങ്ങനെ ശാന്തകുമാരി ഇന്ദ്രന്‍സിന്റെ ഭാര്യയായി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/141893/actor-indrans-wedding-story-getting-attention)