ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് ജയ ബച്ചൻ. അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ജയ കരിയറിൽ സജീവമല്ലാതായത്. താരപത്നി പിന്നീട് രാഷ്ട്രീയത്തിലും സജീവമാണ്. അമിതാഭ് ബച്ചൻ ഏവർക്കും സ്വീകാര്യനായ വ്യക്തിയാണെങ്കിലും ജയ ബച്ചൻ അങ്ങനെയല്ല. ജയയെ വിമർശിക്കാൻ വലിയൊരു കൂട്ടം തന്നെ സോഷ്യൽ മീഡിയയിൽ ഇന്നുണ്ട്.
പാെതുവിടങ്ങളിലെ ജയയുടെ പെരുമാറ്റമാണ് ഇതിന് കാരണം . മുൻകോപക്കാരിയായ ജയ ബച്ചൻ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ്.പൊതു സ്ഥലങ്ങളിൽ പ്രതിച്ഛായ ഭയന്ന് പല താരങ്ങളും സംയമനം പാലിക്കുമെങ്കിലും ജയ വെട്ടിത്തുറന്ന് തന്റെ നീരസം പ്രകടിപ്പിക്കാറുണ്ട്.
എന്നാൽ ആളുകൾ കരുതുന്നത് പോലെ ദേഷ്യക്കാരിയല്ല ജയ ബച്ചൻ എന്നാണ് നടി അഞ്ജലി ആനന്ദ് പറയുന്നു . കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സെറ്റിൽ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന വ്യക്തിയാണ് ജയ ബച്ചനെന്ന് അഞ്ജലി പറയുന്നു.
ആളുകൾക്ക് ജയ ജീയെക്കുറിച്ചുള്ള ധാരണ തീർത്തും തെറ്റാണ്. കാരണം അവർ ഞാൻ കണ്ടതിൽ ഏറ്റവും സ്വീറ്റായ, ക്യൂട്ടായ വ്യക്തിയാണ്. അവർ രാവിലെ വന്ന് വളരെ ഉത്സാഹത്തോടെയിരിക്കും. ചുറ്റുമുള്ള ആളുകളോട് വളരെ സ്നേഹവും കരുതലും ഉണ്ട്. സെറ്റിൽ ആരെങ്കിലും വിശക്കുന്നു എന്ന് പറഞ്ഞാൽ ജയ ജി ടിഫിൻ ബോക്സുകൾ തുറന്ന് അവർക്ക് ഭക്ഷണം നൽകും. ഒപ്പം അഭിനയിക്കുന്നത് വളരെ മികച്ച അനുഭവമായിരുന്നു. താൻ കരഞ്ഞ് അഭിനയിക്കുമ്പോൾ ജയ ബച്ചനും കരയുകയായിരുന്നെന്നും അഞ്ജലി ആനന്ദ് ഓർത്തു.
ഏറെക്കാലത്തിന് ശേഷം ജയ ബച്ചൻ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന സിനിമയാണ് റോക്കി ഓർ റാണി കീ പ്രേം കഹാനി. രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരാണ് റോക്കി ഓർ റാണി കി പ്രേം കഹാനിയിലെ നായകനും നായികയും. വൻ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജയ ബച്ചൻ വീണ്ടും അഭിനയ രംഗത്ത് സജീവമാകുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്. മറുവശത്ത് അമിതാഭ് ബച്ചൻ സിനിമാ രംഗത്ത് സജീവമാണ്.
കൽകി എഡി 2898 ആണ് നടൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ജയ ബച്ചന്റെ മരുമകൾ ഐശ്വര്യ റായും നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമാ രംഗത്തേക്ക് തിരിച്ച് വന്നു. പൊന്നിയിൻ സെൽവനാണ് തിരിച്ച് വരവിൽ ഐശ്വര്യ ചെയ്ത ആദ്യ സിനിമ.
Content Highlight: #JayaBachchan #everyone #thinks #Actress #AnjaliAnand #openup

































