---
title: "#VIRAL | യുവതി പാമ്പുകടി ഏറ്റുമരിച്ചു; പാമ്പിനെ തല്ലിക്കൊന്ന് യുവതിക്കൊപ്പം ചിതയിൽ വെച്ച് ദഹിപ്പിച്ച് ഗ്രാമവാസികൾ"
english_title: "#Woman #dies #snakebite #villagers #beat #snake #burnt #pyre #along #youngwoman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136167/woman-dies-snakebite-villagers-beat-snake-burnt-pyre-along-youngwoman"
published_at: "2023-08-03T15:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb7525342e9_VIRAL.jpg"
keywords: []
---

# #VIRAL | യുവതി പാമ്പുകടി ഏറ്റുമരിച്ചു; പാമ്പിനെ തല്ലിക്കൊന്ന് യുവതിക്കൊപ്പം ചിതയിൽ വെച്ച് ദഹിപ്പിച്ച് ഗ്രാമവാസികൾ

> **Lead Summary:** സിനിമകളിലും കഥകളിലും ഒക്കെ പ്രതികാരദാഹികളായ മനുഷ്യനെ കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും പ്രതികാരത്തിന്‍റെ പേരില്‍ ആളുകള്‍ പരസ്പരം കൊലപ്പെടുത്തിയ വാര്‍ത്തകളും നമ്മള്‍ വായിച്ചിട്ടുണ്ട്.

## Article Content

സിനിമകളിലും കഥകളിലും ഒക്കെ പ്രതികാരദാഹികളായ മനുഷ്യനെ കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും പ്രതികാരത്തിന്‍റെ പേരില്‍ ആളുകള്‍ പരസ്പരം കൊലപ്പെടുത്തിയ വാര്‍ത്തകളും നമ്മള്‍ വായിച്ചിട്ടുണ്ട്.

എന്നാല്‍, ഒരു കൂട്ടം ആളുകള്‍ ഒരു പാമ്പിനോട് പ്രതികാരം ചെയ്തതായി എന്നെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍, ജാര്‍ഖണ്ഡിലെ ഹസാരിബാഗിൽ നിന്നും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടും.

ഹസാരിബാഗിലെ ഒരു ഗ്രാമീണ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചതായിരുന്നു ഗ്രാമവാസികളെ ഇത്രയേറെ പ്രകോപിപ്പിച്ചതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാമ്പു കടിയേറ്റ് സ്ത്രീ മരിച്ചതിന് പിന്നാലെ ഗ്രാമീണര്‍ ആ പാമ്പിനെ തേടി കണ്ടെത്തി, തല്ലിക്കൊന്ന് സ്ത്രീയുടെ ചിതയില്‍ കിടത്ത് ഇരുവരെയും ഒന്നിച്ച് ദഹിപ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹസാരിബാഗിലെ സിമ്രാതാരി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പ്രഭു സിംഗിന്‍റെ ഭാര്യ സുഗിയ ദേവി എന്ന 37 -കാരിക്കാണ് വീടിനുള്ളിൽ വച്ച് പാമ്പു കടിയേറ്റത്. ഭയന്ന് പോയ ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി.

തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ഗ്രാമവാസികൾ ഒത്തുചേർന്ന് മണിക്കൂറുകളോളം 'ഭൂതോച്ചാടനം' നടത്തി യുവതിയുടെ ശരീരത്തിൽ നിന്നും പാമ്പിൻ വിഷം നീക്കം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കൃത്യസമയത്ത് ആവശ്യമായ വൈദ്യ സഹായം ലഭിക്കാതെ വന്നതോടെ യുവതി മരണപ്പെട്ടു.

ഭൂതോച്ചാടനത്തിനിടെ ഗ്രാമവാസികൾ പാമ്പിനെ പിടികൂടി ഒരു കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിരുന്നു. യുവതി മരിച്ചതോടെ രോഷാകൂലരായ നാട്ടുകാർ പാമ്പിനെ തല്ലിക്കൊല്ലാൻ തീരുമാനിച്ചു. തുടർന്ന് ഇവർ പാമ്പിനെ യുവതിയോടൊപ്പം ഒരേ ചിതയിൽ വച്ച് ദഹിപ്പിക്കുകയായിരുന്നു. ഒടുവിൽ സംഭവം വിവാദമായതോടെ ഗ്രാമവാസികളുടെ പ്രവർത്തിയെ എതിർത്ത് കൊണ്ട് ഗ്രാമത്തലവൻ രംഗത്ത് വന്നു.

കൃത്യമായ വൈദ്യസഹായം നൽകാതെ ഭൂതോടനം നടത്തി മണിക്കൂറുകളോളം യുവതിയുടെ ചികിത്സ തടസ്സപ്പെടുത്തിയതാണ് മരണത്തിന് ഇടയാക്കിയതെന്നും സംഭവത്തെക്കുറിച്ച് സംസാരിച്ച ദാദിഘഘർ പഞ്ചായത്ത് തലവൻ നന്ദകിഷോർ മേത്ത പറഞ്ഞു.

യുവതി മരിച്ചതിന് ശേഷമാണ് ഈ സംഭവം തന്നെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമ്പുകടിയേറ്റാൽ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ പോകാതെ ഡോക്ടറെ കാണണമെന്ന് താൻ ജനങ്ങളോട് നിരവധി തവണ പറഞ്ഞിട്ടുണ്ടെങ്കിലും ആളുകളിൽ ഭൂരിഭാഗവും ഇപ്പോഴും തങ്ങളുടെ അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136167/woman-dies-snakebite-villagers-beat-snake-burnt-pyre-along-youngwoman)