---
title: "spbalasubramanyam | എസ്പിബി അന്ന് പൊട്ടിത്തെറിച്ചു; ചിത്രയ്‌ക്കൊപ്പം പാടിയ ഹിറ്റ് ഗാനത്തിന് പിന്നിൽ സംഭവിച്ചത് ഇത്"
english_title: "#SPB #shouted #happened #behind #hit #song #sung #withChitra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135841/spb-shouted-happened-behind-hit-song-sung-withchitra"
published_at: "2023-08-02T13:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca0d8860887_sb_2.jpg"
keywords: []
---

# spbalasubramanyam | എസ്പിബി അന്ന് പൊട്ടിത്തെറിച്ചു; ചിത്രയ്‌ക്കൊപ്പം പാടിയ ഹിറ്റ് ഗാനത്തിന് പിന്നിൽ സംഭവിച്ചത് ഇത്

> **Lead Summary:** തെന്നിന്ത്യൻ സംഗീത പ്രേമികളുടെ കാതുകളിൽ എന്നും മുഴങ്ങുന്ന ശബ്ദമാണ് എസ്പിബി എന്ന എസ്.പി ബാലസുബ്രഹ്മണ്യം. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റിയിരുന്ന ഗായകനാണ് അദ്ദേഹം. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് ഉണ്ടാക്കിയ തീരാ നഷ്ടമാണ് എസ്പിബിയുടെ വിയോഗം. 16ൽ അധികം ഭാഷകളിലായി 40,000ത്തിൽ അധികം ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്.

## Article Content

തെന്നിന്ത്യൻ സംഗീത പ്രേമികളുടെ കാതുകളിൽ എന്നും മുഴങ്ങുന്ന ശബ്ദമാണ് എസ്പിബി എന്ന എസ്.പി ബാലസുബ്രഹ്മണ്യം. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റിയിരുന്ന ഗായകനാണ് അദ്ദേഹം. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് ഉണ്ടാക്കിയ തീരാ നഷ്ടമാണ് എസ്പിബിയുടെ വിയോഗം. 16ൽ അധികം ഭാഷകളിലായി 40,000ത്തിൽ അധികം ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്.

അതോടൊപ്പം സംഗീതസംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായി. ഒരു മനുഷ്യായുസ്സിൽ സാധ്യമായത്രയും പാട്ടുകൾ പാടി വിനയം നിറച്ച് ചിരിച്ചു കൊണ്ടാണ് ഈ നേട്ടങ്ങളെ മുഴുവൻ ഏറ്റുവാങ്ങി അദ്ദേഹം ഈ ഭൂമി വിട്ടത്. പാടിയ എല്ലാ ഭാഷകളിലും ആരാധരെ ഉണ്ടാക്കിയ ആ പ്രതിഭ ഉയരങ്ങളിലെത്തുമ്പോഴും വിനയം ഒരിക്കലും കൈവിട്ടിരുന്നില്ല. എന്നാൽ കരിയറിൽ അദ്ദേഹത്തിന്റെ ക്ഷമ നശിച്ച ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അത്തരമൊരു സംഭവം പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകനായ ഭരണി. എസ്പിബിക്കൊപ്പം ചേർന്ന് ഒരുപിടി സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചു. അതിലൊന്നാണ് പെരിയണ്ണ എന്ന സിനിമയിലെ തന്താനെ താമരപ്പൂ എന്ന ഗാനം. ആ ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവമാണ് ഭരണി അടുത്തിടെ അഭിമുഖത്തിൽ പങ്കുവച്ചത്. ഇതിലെ തന്താനെ താമരപ്പൂ എന്ന ഗാനം എസ്പിബിയും ചിത്രയും ചേർന്നാണ് ആലപിച്ചത്.

ഈ ഗാനം എസ്പിബി പാടിയാൽ നല്ലതായിരിക്കുമെന്ന ചിന്തയിൽ ഭരണി എസ്.എ ചന്ദ്രശേഖറിനോട് പറയുകയും അങ്ങനെ അദ്ദേഹത്തെ വിളിക്കുകയുമായിരുന്നു. അന്ന് വളരെയധികം തിരക്കുള്ള ഗായകനായ എസ്പിബി ഒരു ദിവസം വന്ന് ഗാനം ആലപിച്ചു. ആദ്യ സിനിമയായതിനാൽ തന്നെ സംഗീത സംവിധായകൻ ഭരണി വളരെ പരിഭ്രമത്തിലായിരുന്നു. എസ്പിബി അദ്ദേഹത്തിന്റെ സംഗീതത്തിനനുസരിച്ച് വരികൾ ആലപിച്ച് റെക്കോർഡിങ് പൂർത്തിയാക്കി മടങ്ങി.

എന്നാൽ പിന്നീടാണ് ഈ ഗാനം വ്യത്യസ്തമായ മോഡുലേഷനിൽ പാടിക്കാമായിരുന്നു എന്നൊരു ചിന്ത ഭരണിക്ക് വരുന്നത്. എന്നാൽ അത് എങ്ങനെ എസ്പിബിയോട് പറയണമെന്നറിയാതെ സംവിധായകൻ എസ്.എ.ചന്ദ്രശേഖറിനോട് ചോദിച്ചു. നിങ്ങൾ അങ്ങനെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒന്നുകൂടെ വന്ന് പാടാൻ പറയുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനെ പേടിയോടെ ഭരണി എസ്പിബിയെ വീണ്ടും വിളിച്ചു. മൂന്ന് ദിവസത്തിന് ശേഷം എസ്പിബി പാടാൻ വന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു, വളരെയധികം ദേഷ്യപ്പെട്ടു.'ഞാൻ നന്നായിട്ട് തന്നെയല്ലേ പാടിയത്, പിന്നെയെന്തിനാണ് ഇനിയും പാടുന്നത്' എന്ന് ചോദിച്ചു. ഉടനെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തി പാടി കേൾപ്പിച്ചു. അദ്ദേഹത്തിന് അത് മനസ്സിലായി. അങ്ങനെ ആ ഗാനം അദ്ദേഹം ഒരിക്കൽ കൂടി പാടുകയായിരുന്നുവെന്ന് ഭരണി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135841/spb-shouted-happened-behind-hit-song-sung-withchitra)