---
title: "#SurajVenjaramoodu | ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം ഉള്ള ആളുമല്ല, സുരാജിന്റെ പരാതിയുടെ പകര്‍പ്പ് പുറത്ത്"
english_title: "#copy #Suraj's #complaint #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135560/copy-surajs-complaint-out"
published_at: "2023-08-01T13:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8c0f4ac588_surajvenjaramood.jpg"
keywords: []
---

# #SurajVenjaramoodu | ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം ഉള്ള ആളുമല്ല, സുരാജിന്റെ പരാതിയുടെ പകര്‍പ്പ് പുറത്ത്

> **Lead Summary:** മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെ തുടര്‍ന്ന് താരം കാക്കനാട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

## Article Content

മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെ തുടര്‍ന്ന് താരം കാക്കനാട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട രാത്രി മുതല്‍ തന്നെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയാണ് എന്നാണ് സുരാജ് പരാതിയില്‍ പറയുന്നത്. സുരാജ് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓരോ മിനിറ്റിലും തന്നെ കൊല്ലുമെന്ന ഭീഷണിയാണ് വരുന്നത് എന്നാണ് സുരാജ് പറയുന്നത്.

എന്റെ പേര് സുരാജ് വെഞ്ഞാറമൂട് എന്നാണ്. ഞാന്‍ കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയില്‍ അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്നു. എറണാകുളം ഐഎംഎ റോഡിലുള്ള സ്‌കൈലൈന്‍ ഫ്‌ലാറ്റിന്റെ ഫ്‌ലാറ്റില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസക്കാരനാണ്.

ഭരണഘടനയില്‍ പറയുന്ന പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം ഉള്‍ക്കൊണ്ട് കൊണ്ട് രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ചു ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാറുണ്ട്.

അവിടെ ഞാന്‍ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ല. ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം ഉള്ള ആളുമല്ല. കല എന്നത് മാത്രമാണ് എന്റെ രാഷ്ട്രീയം.

മണിപ്പൂരില്‍ വിവസ്ത്ര ആക്കപ്പെട്ട വീഡിയോ കണ്ട ദിവസം ഇവര്‍ക്ക് നീതി വൈകികൂടാ എന്നൊരു വാക്ക് ഞാന്‍ എഴുതിയിരുന്നു. അന്ന് മുതല്‍ ഇന്നു വരെ എനിക്ക് എതിരെ സംഘടിതമായ സൈബര്‍ ആക്രമണം നടക്കുകയാണ്.

ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട രാത്രി മുതല്‍ എന്റെ ഫോണിലേക്ക് അസഭ്യവും ഭീഷണിയും വന്നു കൊണ്ടിരിക്കുന്നു. ഒരു മിനിറ്റ് ഒരു കോള്‍ എടുത്തു സംസാരിക്കാന്‍ പറ്റാത്ത അത്രയും കോളുകള്‍ വരുന്നു.

ഒരു കലാകാരനായ എനിക്ക് പെട്ടെന്ന് നമ്പര്‍ മാറ്റുക എന്നത് ഉചിതമായിരിക്കില്ല. എന്നെ സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്ന നമ്പര്‍ കോള്‍ താഴെ ചേര്‍ക്കുന്നു…….

കൊന്നു കളയുമെന്ന ഭീഷണി ആണ് ഇതിലൂടെ ഓരോ മിനിറ്റിലും വരുന്നത്. ഇവരൊക്കെ ആരെന്നോ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നോ എനിക്ക് അറിയില്ല.

ആയതിനാല്‍ ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നു കയറ്റമായി ഇതിനെ കാണുകയും ഇങ്ങനെ കൂട്ട ആക്രമണം നടത്തുന്നവര്‍ക്ക് എതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു….

സുരാജ് വി.വി

### Related Links & Sources
- [Original Story Source](https://moviemax.in/news/135560/copy-surajs-complaint-out)