---
title: "#Subway | ജീവിതകാലം മുഴുവൻ സൗജന്യമായി സാൻവിച്ച് കഴിക്കണോ...?  വിചിത്രമായ ഒരു വാഗ്ദാനവുമായി സബ്‌വേ"
english_title: "#Subway #Want #free #sandwich #rest #your #life #Subway #strange #promise"
publisher: "moviemax.in"
canonical_url: "https://moviemax.in/news/135095/subway-want-free-sandwich-rest-your-life-subway-strange-promise"
published_at: "2023-07-30T22:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c699f105b2e_subway.jpg"
keywords: []
---

# #Subway | ജീവിതകാലം മുഴുവൻ സൗജന്യമായി സാൻവിച്ച് കഴിക്കണോ...?  വിചിത്രമായ ഒരു വാഗ്ദാനവുമായി സബ്‌വേ

> **Lead Summary:** ** സാ**ൻവിച്ച് പ്രേമികൾക്കായി വിചിത്രമായ ഒരു വാഗ്ദാനം നൽകിയിരിക്കുകയാണ് അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ സബ്‌വേ.

## Article Content

** സാ**ൻവിച്ച് പ്രേമികൾക്കായി വിചിത്രമായ ഒരു വാഗ്ദാനം നൽകിയിരിക്കുകയാണ് അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ സബ്‌വേ.

നിയമപരമായി തങ്ങളുടെ പേരിന്റെ ആദ്യഭാഗം സബ്‌വേ എന്നാക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ സൗജന്യമായി സാൻവിച്ച് കഴിക്കാം.

പക്ഷേ, ഒരു കാര്യമുണ്ട് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. മാത്രമല്ല അമേരിക്കയിലെ സബ്‌വേ ഔട്ട്ലെറ്റുകളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.

താല്പര്യമുള്ള സാൻവിച്ച് ആരാധകർ ഈ മത്സരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഓഗസ്റ്റ് 1 -നും ഓഗസ്റ്റ് 3 -ന് അർദ്ധരാത്രിക്കും ഇടയിൽ SubwayNameChange.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയാണ്. തുടർന്ന് പേരുമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യണം.

തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ആജീവനാന്തം സാൻവിച്ചുകൾ സൗജന്യമായി കഴിക്കാം. അതുപോലെ, പേര് മാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ സഹായങ്ങളും മുഴുവൻ ചെലവുകളും സബ്‌വേ നൽകും.

അമേരിക്കയിലെ താല്പര്യമുള്ള മുഴുവൻ സബ്‍വേ ഉപഭോക്താക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മാത്രമാണ് ഈ സുവർണാവസരം ലഭ്യമാവുക.

ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മെനു മെച്ചപ്പെടുത്താനും ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനും സബ്‌വേ അടുത്തിടെ 80 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

ഈ നീക്കം അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുകയും ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ ആവേശം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സബ്‌വേ നോർത്ത് അമേരിക്ക പ്രസിഡന്റ് ട്രെവർ ഹെയ്‌ൻസ് അഭിപ്രായപ്പെട്ടതായാണ് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യയിൽ തക്കാളിയുടെ വില അനിയന്ത്രിതമായി കുതിച്ചുയർന്നതിനെ തുടർന്ന് സബ്‌വേയുടെ ചില ഇന്ത്യൻ ഔട്ട്‌ലെറ്റുകൾ സലാഡുകളിലും സാൻഡ്‌വിച്ചുകളിലും തക്കാളി ഉപയോഗിക്കുന്നത് നിർത്തിയത് വാർത്തയിൽ ഇടം പിടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/135095/subway-want-free-sandwich-rest-your-life-subway-strange-promise)