---
title: "#mammootty | കുഞ്ചാക്കോ ബോബനൊപ്പം 'ദേവദൂതറി'ന് സ്റ്റെപ്പ് ഇട്ട് മമ്മൂട്ടി: വീഡിയോ"
english_title: "#Mammootty #stepsup #'Devaduthari' #KunchackoBoban  #Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133531/mammootty-stepsup-devaduthari-kunchackoboban-video"
published_at: "2023-07-25T12:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf731e341aa_mamootty.jpg"
keywords: []
---

# #mammootty | കുഞ്ചാക്കോ ബോബനൊപ്പം 'ദേവദൂതറി'ന് സ്റ്റെപ്പ് ഇട്ട് മമ്മൂട്ടി: വീഡിയോ

> **Lead Summary:** മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച വിജയം നേടിയ സിനിമകളില്‍ ഒന്നായിരുന്നു കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്. ചാക്കോച്ചന്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലെ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലെ കൊഴുമ്മല്‍ രാജീവന്‍.

## Article Content

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച വിജയം നേടിയ സിനിമകളില്‍ ഒന്നായിരുന്നു കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്. ചാക്കോച്ചന്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലെ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലെ കൊഴുമ്മല്‍ രാജീവന്‍.

പ്രകടനത്തിനൊപ്പം ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍റെ ഒരു നൃത്തപ്രകടനവും സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം തന്‍റെ ചിത്രത്തിനുവേണ്ടി രതീഷ് പുനരുപയോഗപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ ഒരു വേദിയില്‍ ഈ ഗാനത്തിന് ചാക്കോച്ചന്‍ ചുവട് വെക്കുമ്പോള്‍ ഒപ്പം സ്റ്റെപ്പ് ഇടുന്നത് മറ്റാരുമല്ല, സാക്ഷാല്‍ മമ്മൂട്ടിയാണ്.

യുകെയിലെ മാഞ്ചസ്റ്ററില്‍ വച്ച് നടന്ന ആനന്ദ് ടിവി ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു കൗതുകമുണര്‍ത്തുന്ന ഈ രംഗം. ആനന്ദ് ടിവി അവാര്‍ഡ്സില്‍ മികച്ച നടനുള്ള പുരസ്കാരം ടൊവിനോയുമായി കുഞ്ചാക്കോ ബോബന്‍ പങ്കിട്ടിരുന്നു.

മമ്മൂട്ടിയാണ് ഇരുവര്‍ക്കും പുരസ്കാരം നല്‍കിയത്. ആ വേദിയില്‍ ഒരുമിച്ച് നില്‍ക്കവെയാണ് ചാക്കോച്ചനൊപ്പം മമ്മൂട്ടിയും ദേവദൂതറിന് ചുവട് വച്ചത്. ആനന്ദ് ടിവി ഫിലിം അവാര്‍ഡ്സിന്‍റെ സംപ്രേഷണം ഏഷ്യാനെറ്റിലാണ്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്ത് വിട്ടതില്‍ കൗതുകമുണര്‍ത്തുന്ന ഈ രംഗവുമുണ്ട്.

[**https://youtu.be/I-5_hXCQ_dc**](https://youtu.be/I-5_hXCQ_dc)

അതേസമയം ദേവദൂതര്‍ പാടി എന്ന ഗാനം ആദ്യം പ്രത്യക്ഷപ്പെട്ട കാതോട് കാതോരത്തിലെ നായകന്‍ മമ്മൂട്ടി ആയിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. പള്ളിയിലെ ക്വയര്‍ ഗാനത്തിന്‍റെ മട്ടിലാണ് ഔസേപ്പച്ചന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കാതോട് കാതോരത്തിലെ ദൃശ്യാവിഷ്കാരവും അത്തരത്തിലായിരുന്നു. എവര്‍ഗ്രീന്‍ ഹിറ്റ് ആയ ഈ ഗാനം ഒരു ഗാനമേള സംഘം ഉത്സവപ്പറമ്പില്‍ പാടുമ്പോള്‍ അതിന് ചുവട് വെക്കുന്ന തരത്തിലായിരുന്നു ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍റെ രംഗം.

### Related Links & Sources
- [Original Story Source](https://moviemax.in/news/133531/mammootty-stepsup-devaduthari-kunchackoboban-video)